തെരഞ്ഞെടുപ്പ് പ്രചാരണം : പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ , തൃശൂരിൽ റോഡ് ഷോ

തെരഞ്ഞെടുപ്പ് പ്രചാരണം : പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ , തൃശൂരിൽ  റോഡ് ഷോ

കേരളം : എൻഡിഎ സ്ഥനാർത്ഥികൾക്കും പ്രവർത്തകർക്കും അനുഭാവികൾക്കും  ഊർജ്ജവും ആവേശവും  പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ചകഴിഞ്  സംസ്ഥാനത്തെത്തും.സ്ഥാനാർഥികളുടെ പ്രചാരണാർഥം പാലക്കാട് നടക്കുന്ന പൊതുസമ്മേളനത്തിലും തൃശൂരിൽ സംഘടിപ്പിക്കുന്ന വമ്പൻ റോഡ് ഷോയിലുമാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

 കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം പാലക്കാട്ടെത്തും. കോട്ട മൈതാനത്ത് നടക്കുന്ന വലിയ പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ജില്ലയിലെ എൻഡിഎ സ്ഥാനാർഥികൾക്കുവേണ്ടി  അദ്ദേഹം വോട്ട് അഭ്യർഥിക്കും.വൈകിട്ട് നാലിന് പാലക്കാട്ടെ പരിപാടികൾക്ക് ശേഷം തൃശൂർ കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളേജ് ഹെലിപാഡിൽ പ്രധാനമന്ത്രി ഇറങ്ങും. അവിടെ നിന്ന് റോഡ് മാർഗം നഗരമധ്യത്തിലെത്തും. വൈകുന്നേരം തൃശൂർ സ്വരാജ് റൗണ്ടിൽ ഏകദേശം 900 മീറ്റർ ദൈർഘ്യമുള്ള റോഡ് ഷോ നടക്കും. ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച് ബിനി ജംഗ്ഷൻ വരെയാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.തൃശൂരിലെ റോഡ് ഷോയ്ക്ക് മാറ്റുകൂട്ടാൻ കുമ്മാട്ടിക്കളി, പുലിക്കളി, മാർഗ്ഗംകളി, കഥകളി തുടങ്ങിയ കേരളീയ കലാരൂപങ്ങൾ ബിജെപി പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ വിജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ തൃശൂരിലെത്തും.

അതേസമയം കേരള സന്ദര്‍ശനത്തെക്കുറിച്ച് പ്രധാനമന്ത്രി എക്സില്‍ മലയാളത്തില്‍ പോസ്റ്റുമിട്ടു. 'ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പമായിരിക്കാൻ ഉറ്റുനോക്കുന്നു. പാലക്കാട് നടക്കുന്ന റാലിയിൽ പ്രസംഗിക്കുകയും തുടർന്ന് തൃശൂരിൽ ഒരു റോഡ്‌ഷോയിൽ പങ്കെടുക്കുകയും ചെയ്യും. കേരളത്തിൻ്റെ പൊതുവായ മനോഭാവം എൻഡിഎയ്ക്ക് അനുകൂലമാണ്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ദുർഭരണത്തിൽ ജനങ്ങൾ അതൃപ്തരാണ്'- ഇങ്ങനെയാണ് മോദി എക്സില്‍ കുറിച്ചത്.

കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തൃശൂർ നഗരവും പാലക്കാടും കനത്ത സുരക്ഷാ വലയത്തിലാണ്. തൃശൂർ സ്വരാജ് റൗണ്ടിൽ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6:30 വരെ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റോഡ് ഷോ നടക്കുന്ന പാതകളിൽ പൊതുജനങ്ങൾക്ക് പാർക്കിങ് അനുവദിക്കില്ല.

രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തേകാന്‍ രാഹുല്‍ഗാന്ധി നാളെ അടൂരിലെത്തും. രാവിലെ 11ന് വടക്കടത്ത് കാവ് കെഐപി ബറ്റാലിയന്‍ ക്യാംപ് ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ രാഹുല്‍ വന്നിറങ്ങും. ഗ്രൗണ്ടില്‍നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സ്ഥാനാര്‍ഥി സി വി ശാന്തകുമാര്‍ എന്നിവരോടൊപ്പം തുറന്ന വാഹനത്തില്‍ അടൂര്‍ ടൗണിലേക്ക് നീങ്ങും. ടൗണില്‍ ചേരുന്ന യോഗത്തില്‍ രാഹുല്‍ഗാന്ധി ശാന്തകുമാറിനായി വോട്ട് അഭ്യര്‍ഥന നടത്തും. രാഹുൽ ഗാന്ധിയുടെ സുരക്ഷ മുൻനിർത്തി അടൂർ ടൗണിലും വടക്കടത്തുകാവിലും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.