പ്രധാനമന്ത്രി അൽപ സമയത്തിനകം തലസ്ഥാനത്ത് :സ്വീകരിക്കാൻ കേരള മുഖ്യമന്ത്രിയും ഗവർണ്ണറും

തിരുവനന്തപുരം :ബിജെപിയുടെ തിരുവനന്തപുരം കോർപറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ സമയത്തിനകം തലസ്ഥാനത്ത് എത്തും. മോദിയെ സ്വീകരിക്കാനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ അൽപസമയത്തിനകം പ്രധാനമന്ത്രി ലാൻഡ് ചെയ്യും.
തുടർന്ന് വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കുചേരും. അതിനുശേഷം റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരവികസന ബ്ലൂ പ്രിൻ്റ് പ്രകാശനവും നിർവഹിക്കും. സാബു എം ജേക്കബിൻ്റെ നേതൃത്വത്തിൽ ട്വൻ്റി-20 പ്രവർത്തകരും ബിജെപി അണികളും പുത്തരിക്കണ്ടത്ത് ഇതിനോടകം തന്നെ തടിച്ചുകൂടിയിട്ടുണ്ട്.വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിൻ്റെ വികസന രേഖ പ്രഖ്യാപനവും സന്ദർശന വേളയിൽ നടക്കും.കേരളത്തിനുള്ള പുതിയ അതിവേഗ റെയിൽപാത സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രിയിൽ നിന്നുണ്ടാകുമെന്നാണ് സാധ്യത. സിൽവർ ലൈനിന് ബദലായി ഇ ശ്രീധരൻ മുന്നോട്ടുവച്ച പദ്ധതിയാകും പ്രഖ്യാപിക്കുകയെന്നാണ് സൂചന. കൂടാതെ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിൻ്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഔദ്യോഗിക ചടങ്ങിന് ശേഷം കോർപറേഷന്റെ വികസന ബ്ലൂ പ്രിൻ്റ് പ്രകാശനത്തിനായി സമീപത്തെ പാർട്ടി വേദിയിൽ പ്രധാനമന്ത്രി എത്തും. 25,000ത്തിലധികം പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള കൂറ്റൻ പൊതുസമ്മേളനമാണ് ബിജെപി സംഘടിപ്പിക്കുന്നത്.

പുത്തരിക്കണ്ടം മൈതാനത്ത് സാബു ജേക്കബ് എത്തി
എൻഡിഎ വേദിയിൽ ട്വൻ്റി 20 . എൻഡിഎ പ്രവേശനത്തിന് മുന്നോടിയായി ട്വൻ്റി - 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബും പ്രവർത്തകരും പുത്തരിക്കണ്ടം മൈതാനത്ത് എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പൊതുസമ്മേളന വേദിയിലാണ് ഇവർ എത്തിച്ചേർന്നത്. ട്വൻ്റി - 20 പാർട്ടി എൻഡിഎയുടെ ഭാഗമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് പാർട്ടി പ്രവർത്തകരും നേതാക്കളും തലസ്ഥാനത്ത് എത്തിയത്.
നഗരത്തിൽ അതീവ സുരക്ഷയും കർശന ഗതാഗത നിയന്ത്രണങ്ങളുo
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അതീവ സുരക്ഷയും കർശന ഗതാഗത നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനമിറങ്ങുന്ന ശംഖുമുഖം മുതൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സോണുകളായി തിരിച്ചാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് പ്രധാനമായും ഗതാഗത നിയന്ത്രണം. ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുമുഖം, ഓൾ സെയിൻ്റ്സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, രക്തസാക്ഷി മണ്ഡപം, വിജെടി ഹാൾ, സ്റ്റാച്യു, പുളിമൂട്, ആയുർവേദ കോളജ്, ഓവർബ്രിഡ്ജ്, പഴവങ്ങാടി, പവർ ഹൗസ് ജംഗ്ഷൻ തുടങ്ങിയ റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
വിമാനത്താവളം മുതൽ കഴക്കൂട്ടം വരെയുള്ള മേഖലകളിൽ ഡ്രോണുകൾ പറത്തുന്നത് പൂർണമായും നിരോധിച്ചു. റോഡ് ഷോ നടക്കുന്ന പാതകളിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധനകൾ പൂർത്തിയാക്കി. സുരക്ഷ ഉറപ്പാക്കാൻ രണ്ട് ലെയറുകളിലായി ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ബാരിക്കേഡിന് പിന്നിൽ നിന്ന് പ്രധാനമന്ത്രിയെ കാണാൻ സൗകര്യമുണ്ടാകും. കൊച്ചിയിലെ സന്ദർശനത്തിന് സമാനമായി പ്രധാനമന്ത്രി ഓവർബ്രിഡ്ജ് ഭാഗത്ത് വാഹനത്തിൽ നിന്നിറങ്ങി അരക്കിലോമീറ്റർ ദൂരത്തുള്ള പുത്തരിക്കണ്ടം മൈതാനത്തേക്ക് നടന്നുപോകാനുള്ള സാധ്യതയുമുണ്ട്. എസ്പിജി ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ നിലവിൽ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.