സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു; ക്യാപ്റ്റനും ട്രെയിനി പൈലറ്റിനും ഗുരുതര പരുക്ക്.

സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു; ക്യാപ്റ്റനും ട്രെയിനി പൈലറ്റിനും ഗുരുതര പരുക്ക്.

ബംഗളൂരു: കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ സ്വകാര്യ പരിശീലന വിമാനം തകര്‍ന്നുവീണ് ക്യാപ്റ്റനും ട്രെയിനി പൈലറ്റിനും ഗുരുതരമായി പരുക്കേറ്റു. റെഡ് ബേര്‍ഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൃഷിയിടത്തിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. വിജയപുരയിലെ ബബലേശ്വര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മംഗളൂരു ഗ്രാമത്തിലാണ് അപകടം നടന്നത്. കലബുറഗിയില്‍ നിന്ന് ബെലഗാവിയിലേക്ക് പോകുന്നതിനിടെയാണ് വിമാനത്തിന്റെ എഞ്ചിനില്‍ തകരാര്‍ ഉണ്ടായതെന്ന് പ്രാഥമിക വിവരം. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം കുത്തനെ കൃഷിയിടത്തിലേക്ക് പതിക്കുകയായിരുന്നു. നിലത്ത് പതിച്ച ആഘാതത്തില്‍ വിമാനം തലകീഴായി മറിഞ്ഞു. മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവമറിഞ്ഞതോടെ ബബലേശ്വര്‍ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വലിയൊരു ദുരന്തമാണ് ഒഴിവായതെന്ന് അപകടം കണ്ട സാക്ഷികള്‍ പറഞ്ഞു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പൈലറ്റുമാരെ വേഗത്തില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞത് ആശ്വാസമായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചതായും, തകര്‍ന്നുവീണ വിമാനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.