"എൻ്റെ ആദ്യത്തെയും നൂറാമത്തെയും സിനിമയിലെ നായകന്‍ മോഹന്‍ലാല്‍ തന്നെ"; പുതിയ സിനിമ പ്രഖ്യാപിച്ച്‌ പ്രിയദർശൻ

"എൻ്റെ ആദ്യത്തെയും നൂറാമത്തെയും സിനിമയിലെ നായകന്‍ മോഹന്‍ലാല്‍ തന്നെ"; പുതിയ സിനിമ  പ്രഖ്യാപിച്ച്‌ പ്രിയദർശൻ

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ജോഡികളായ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ വീണ്ടും ഒന്നിക്കുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. നിരവധി ചിത്രങ്ങളിലൂടെ തിയേറ്ററുകളില്‍ വിസ്‌മയം തീര്‍ത്ത ഈ കുട്ടുക്കെട്ട് വീണ്ടുമെത്തുമ്പോള്‍ അത് വലിയ സിനിമാനുഭവമായി മാറുമെന്ന പ്രതീക്ഷയിലാലാണ് പ്രേക്ഷകർ .

സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. നൂറാമത്തെ സിനിമ നമ്മള്‍ ഒരുമിച്ച് ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് മോഹന്‍ലാലിനും ആന്‍റണി പെരുമ്പാവൂരിനും ബിനു ജോര്‍ജിനും കൈകൊടുത്തുകൊണ്ടാണ് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചത്. മോഹൻലാലും പ്രിയദർശനും ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും ഒരുമിച്ചുള്ള വീഡിയോയിലാണ് പ്രഖ്യാപനം.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ ആണ് സഹനിര്‍മാതാവ്. ആശിര്‍വാദ് സിനിമാസിന്‍റഎ 39 ാമത്തെ ചിത്രമാണിത്.'

"നൂറാമത്തെ സിനിമ നമ്മൾ ഒരുമിച്ച് ചെയ്യുന്നു. എന്റെ നൂറാമത്തെ സിനിമയായതുകൊണ്ടുള്ള സുഖമല്ല, ആദ്യത്തെ സിനിമയിൽ അഭിനയിച്ച അതേ നായകൻ നൂറാമത്തെ സിനിമയിൽ അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമാ ചരിത്രത്തിൽ ആദ്യമായിരിക്കും. ഈ റെക്കോർഡ് ഒരുകാലത്തും തിരുത്തിയെഴുതപ്പെടാൻ പോകുന്നില്ല. അങ്ങനെയൊരു റെക്കോർഡോടുകൂടിയാണ് നൂറാമത്തെ സിനിമ ചെയ്യുന്നത്"ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയിൽ പ്രിയദർശൻ പറഞ്ഞു.മ്യൂസിക് ആന്‍ഡ് ഡ്രാമാ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അപ്പോള്‍ ആക്ഷന്‍ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ആക്ഷന്‍ ഇല്ലാതെ പറ്റില്ലല്ലോ എന്ന് പ്രിയദര്‍ശന്‍ മറുപടിയും പറയുന്നുണ്ട്.

മോഹന്‍ലാല്‍ സിനിമയില്‍ ആക്ഷന്‍ ഫാന്‍സുകാരും എല്ലാവരും പ്രതീക്ഷിക്കുമെന്നും എന്നാല്‍ തന്‍റെ മനസില്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാന്‍ കഴിയുന്ന സിനിമയായിരിക്കണം എന്നാണെന്നും പ്രിയദര്‍ശന്‍ പറയുന്നുണ്ട്.തനിക്കും സുഹൃത്ത് എന്ന നിലയിലും നടനെന്ന നിലയിലും അനുഗ്രഹമാണ് ഈ സിനിമയെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. താന്‍ എഴുതി തുടങ്ങിയ സിനിമയിലെ നായകന്‍ മോഹന്‍ലാലാണെന്നും പ്രിയദര്‍ശന്‍ പറയുന്നുണ്ട്. ഇനി എഴുതാന്‍ പോകുന്ന സിനിമയിലെ നായകനും താനായിരിക്കുമോയെന്നും മോഹന്‍ലാല്‍ ചോദിക്കുന്നതിന് ആയിരിക്കുമെന്ന് സംവിധായകന്‍ മറുപടി പറയുന്നുണ്ട്. വീഡിയോ പുറത്തിറങ്ങിയതോടെ വലിയ ആവേശത്തിലാണ് ആരാധകര്‍.


2026 ല്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ അറിയിച്ചു.