"കേരളത്തിൽ ബി.ജെ.പി അനുകൂല തരംഗം" : പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: കേരളത്തിൽ ഇത്തവണ ബി.ജെ.പി അനുകൂല തരംഗമാണെന്നും സംസ്ഥാനം പുതിയൊരു രാഷ്ട്രീയ ചരിത്രത്തിന് സാക്ഷ്യം വഹിക്കാൻ പോകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേവലം ഒരു പുതിയ സർക്കാരിന് വേണ്ടിയല്ല, മറിച്ച് പുതിയൊരു ഭരണസംവിധാനത്തിന് വേണ്ടിയാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി പ്രവർത്തകരുമായി നടത്തിയ പ്രത്യേക സംവാദ പരിപാടിയിലാണ് പ്രധാനമന്ത്രി തൻ്റെ ആത്മവിശ്വാസം പങ്കുവെച്ചത്.
തിരുവനന്തപുരത്ത് ബി.ജെ.പിയുടെ വിജയത്തിനായി മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നത്. പാലക്കാട്ടെ പരിപാടികളിൽ കണ്ട ജനങ്ങളുടെ ഉത്സാഹം വരാനിരിക്കുന്ന മാറ്റത്തിൻ്റെ സൂചനയാണെന്നും തൃശൂരിൽ ബി.ജെ.പിക്ക് അനുകൂലമായ വലിയൊരു തരംഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കേരളത്തിന് ഒരു പുതിയ മാതൃക കാണിച്ചുകൊടുത്തുവെന്നും മോദി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മറ്റന്നാൾ താൻ വീണ്ടും കേരളത്തിലെത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇടത്-വലത് മുന്നണികൾക്കെതിരെ രൂക്ഷവിമർശനം
ഇടത്-വലത് മുന്നണികൾക്കെതിരെ കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. "എത്ര മോശം ഭരണം കാഴ്ചവച്ചാലും അധികാരം മാറിമാറി ലഭിക്കുമെന്നായിരുന്നു ഇവരുടെ വിചാരം. എന്നാൽ ഇത്തവണ ജനങ്ങൾ അത് തിരുത്തും," അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുന്നത് എങ്ങനെയൊക്കെയാണ് ഈ മുന്നണികൾ തടസ്സപ്പെടുത്തിയതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രവർത്തകർ പരിശ്രമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ശബരിമലയും പശ്ചിമേഷ്യൻ പ്രതിസന്ധിയും
ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ചും പ്രധാനമന്ത്രി തൻ്റെ പ്രസംഗത്തിൽ പരാമർശിച്ചു. ശബരിമലയിലെ സ്വർണ്ണം മുഴുവൻ മോഷ്ടിക്കപ്പെട്ടുവെന്നും ഇത് വിശ്വാസികളോടുള്ള കടുത്ത വഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു. ഇരുമുന്നണികളെയും ജനങ്ങൾ കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.കൂടാതെ, പശ്ചിമേഷ്യൻ യുദ്ധം പോലുള്ള അതീവ ഗൗരവകരമായ വിഷയങ്ങളിൽ പോലും രാഷ്ട്രീയ ലാഭത്തിന് വേണ്ടി പ്രതിപക്ഷ കക്ഷികൾ മോശം പ്രസ്താവനകൾ നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എ.ഐ (AI) സമ്മിറ്റിലടക്കം കോൺഗ്രസ് സ്വീകരിച്ച നിലപാടുകൾ രാജ്യത്തിന് നാണക്കേടുണ്ടാക്കിയതായും മോദി ആരോപിച്ചു. എന്നാൽ, നിലവിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന എഫ്.സി.ആർ.എ വിവാദത്തെക്കുറിച്ച് പ്രധാനമന്ത്രി സംവാദത്തിൽ പരാമർശിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീടുതോറുമുള്ള പ്രചാരണം ശക്തമാക്കാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും രാഷ്ട്രീയ എതിരാളികളെ നേരിടാൻ സജ്ജരാകാനും അദ്ദേഹം നിർദ്ദേശിച്ചു.വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്നുള്ള ബൂത്ത് പ്രസിഡന്റ് വിനീത കെ.കെ.യുമായി സംസാരിക്കവെ, വിനീതയും സിറ്റിംഗ് എം.പി പ്രിയങ്ക ഗാന്ധിയും തമ്മിൽ ഒരു പരസ്യ സംവാദം പ്രാദേശിക മാധ്യമങ്ങൾ സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. "കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയെക്കാൾ മികച്ച പ്രസംഗം കാഴ്ചവെക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്," അദ്ദേഹം പറഞ്ഞു.
അഞ്ച് വർഷം ബി.ജെ.പിക്ക്: "കേരളത്തിലെ ജനങ്ങൾ കോൺഗ്രസിനും കമ്മ്യൂണിസ്റ്റുകാർക്കും 75 വർഷം നൽകി. ബി.ജെ.പിക്ക് അഞ്ച് വർഷം നൽകൂ," അദ്ദേഹം അഭ്യർത്ഥിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഏപ്രിൽ 9-ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, ഓരോ വോട്ടറെയും ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും സന്ദർശിച്ച് വിശ്വാസം നേടിയെടുക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. എൽ.ഡി.എഫും യു.ഡി.എഫും അഴിമതിയും വർഗീയതയും വളർത്തുകയാണെന്നും കേരളത്തിന് ഇരട്ടി ദ്രോഹമാണ് ഇവർ ചെയ്യുന്നതെന്നും മോദി ആരോപിച്ചു.
"സഞ്ജു സാംസണിനെ മാതൃകയാക്കുക"
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പ്രവർത്തകർക്ക് മാതൃകയായി അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പിൽ നിർണ്ണായക ഘട്ടത്തിൽ സഞ്ജുവിൻ്റെ ആത്മവിശ്വാസവും പ്രകടനവും വർദ്ധിച്ചതുപോലെ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രവർത്തകരുടെ ആവേശവും പ്രവർത്തനങ്ങളും അതിൻ്റെ ഉച്ചസ്ഥായിയിൽ എത്തണമെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലെ ജനങ്ങൾക്കിടയിൽ ബി.ജെ.പിയോട് വലിയ ആവേശം ദൃശ്യമാണെന്നും ഇത് കേരള രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. പുതിയൊരു സർക്കാരിന് വേണ്ടി മാത്രമല്ല, പുതിയൊരു സംവിധാനത്തിന് വേണ്ടിയാണ് കേരളം മനസ്സ് ഉറപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊണ്ടോട്ടിയിലെ ദിലീപ് കുമാർ, അടൂരിലെ ശ്രീകുമാർ വി., ചിറയിൻകീഴിലെ അനിത കുമാരി ആർ. തുടങ്ങിയ പ്രവർത്തകരുമായും പ്രധാനമന്ത്രി സംസാരിച്ചു.