പ്രമുഖ മാധ്യമപ്രവർത്തകൻ പത്മഭൂഷൺ ടിജെഎസ് ജോർജ് (97) അന്തരിച്ചു

പ്രമുഖ മാധ്യമപ്രവർത്തകൻ   പത്മഭൂഷൺ ടിജെഎസ് ജോർജ് (97) അന്തരിച്ചു

 ബംഗളുരു :പ്രമുഖ മാധ്യമപ്രവർത്തകനും കോളമിസ്റ്റും സാഹിത്യകാരനുമായ  പത്മഭൂഷൺ ടിജെഎസ് ജോർജ് (97) അന്തരിച്ചു. ബംഗളൂരിലെ വസതിയില്‍  വിശ്രമത്തിലായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മണിപ്പാലിലെ ആശുപത്രിയില്‍  ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പത്തനംതിട്ട തുമ്പമൺ സ്വദേശിയാണ്. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തിയ ടിജെഎസ് ജോർജ് മലയാളത്തിലും ഇം​ഗ്ലീഷിലുമായി നിരവധി പുസ്തകങ്ങൾ രചിച്ചു.ഘോഷയാത്രയാണ് ആത്മകഥ.

മികവുറ്റ എഴുത്തുകാരനെന്ന നിലയിൽ പ്രസിദ്ധനായ ജോർജ് രാഷ്ട്രീയ കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്ന നിലയിൽ പല സുപ്രധാന ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഓണേഴ്സ് ബിരുദം കരസ്ഥമാക്കിയ ടി.ജെ.എസ്. , തന്റെ പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത് 1950 ൽ ബോംബെയിലെ ഫ്രീ പ്രസ്സ് ജേർണലിലാണ്‌. പിന്നീട് ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച്‌ലൈറ്റ്, ഫാർ ഈസ്റ്റേൺ എകണോമിക് റിവ്യൂ എന്നിവയിൽ ജോലി ചെയ്തു. ഹോംങ്കോങ്ങിൽ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്‌ ജോർജ്. ഇന്ത്യയിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളായ ജോർജ് പ്രഗല്ഭനായ ഒരു കോളമിസ്റ്റാണ്‌. ഇന്ത്യൻ എക്സ്പ്രസ്സിലെ സ്ഥിരം പംക്തിയിലൂടെ അഴിമതി, സാമുഹിക അനീതി, രാഷ്ട്രീയ അരാജകത്വം എന്നിവക്കെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടം തുടരുന്നു. ഒരു പത്രാധിപർ, പംക്തി എഴുത്തുകാരൻ, ഗ്രന്ഥകാരൻ എന്നതിനു പുറമെ ദീർഘകാലമായി ഒരു ചൈനാ നിരീക്ഷകനുമാണ്‌. പത്തു വർഷത്തെ ഇടവേളക്ക് ശേഷം ചൈന സന്ദർശിച്ച അദ്ദേഹം ഒളിമ്പിക്സ് മത്സരങ്ങൾക്കുള്ള ചൈനയുടെ ഒരുക്കങ്ങളെ നേരിൽ കാണുകയും ആധുനിക ചൈനയെ കുറിച്ച് ഒരു ലേഖനപരമ്പര എഴുതുകയും ചെയ്തു