പെൺവാണിഭം: സിപിഎം നേതാവിനെതിരെ കേസ്; ലോഡ്‌ജ് ഉടമയും നടത്തിപ്പുകാരിയും പ്രതികൾ

പെൺവാണിഭം: സിപിഎം നേതാവിനെതിരെ കേസ്; ലോഡ്‌ജ് ഉടമയും നടത്തിപ്പുകാരിയും പ്രതികൾ

കാസർകോട്: ചെറുവത്തൂരിൽ ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം നടന്ന സംഭവത്തിൽ സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു. തുരുത്തി ലോക്കൽ കമ്മിറ്റി അംഗമായ പി അസിനാർ (മുഹമ്മദ് അസൈനാർ) ആണ് ലോഡ്ജ് ഉടമ. ഇദ്ദേഹത്തിനെതിരെ ചന്തേര പൊലീസാണ് കേസെടുത്തത്. ലോഡ്ജ് നടത്തിപ്പുകാരിയായ മുള്ളേരിയ സ്വദേശി നസീമയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

പൊലീസ് നടത്തിയ മിന്നൽ റെയ്ഡിൽ അസം, ബിഹാർ സ്വദേശിനികളായ ആറ് യുവതികളെ പിടികൂടി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതിനെ തുടർന്ന് ലോഡ്ജ് പൊലീസ് അടച്ചുപൂട്ടി. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. റെയ്ഡിനെത്തിയപ്പോൾ ലോഡ്ജിൽ ഉണ്ടായിരുന്ന കണ്ണൂർ-കാസർകോട് ജില്ലകളിലെ മൂന്ന് പുരുഷന്മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ചെറുവത്തൂർ പഴയ ദേശീയപാതയ്ക്ക് അടുത്തുള്ള ഗവ. ആശുപത്രിക്ക് സമീപത്തെ ലോഡ്ജിലാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെ നിർദേശ പ്രകാരം ചന്തേര പൊലീസ് മിന്നൽ റെയ്ഡ് നടത്തിയത്. പൊലീസ് അകത്ത് കയറുമ്പോൾ ലോഡ്ജിലെ മുറികളിൽ യുവതികളും രണ്ടു പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ ചന്തേര പൊലീസ് ഇൻസ്പെക്ടർ കെ. പ്രശാന്ത്, എഎസ്ഐ ലീന, സിവിൽ പൊലീസ് ഓഫിസർമാരായ ശരണ്യ, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.ലോഡ്ജ് നടത്തിപ്പുകാരനായ പി അസിനാറിൻ്റെ അറിവോടെയും സഹായത്തോടെയുമാണ് സാമ്പത്തിക ലാഭത്തിനായി യുവതികളെ ഉപയോഗിച്ച് വ്യഭിചാര പ്രവർത്തനങ്ങൾ നടത്തിവന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആദുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 47 വയസ്സുള്ള ലോഡ്ജ് നടത്തിപ്പുകാരിയായ നസീമ യുവതികളെ എത്തിക്കുന്നതിലും ഇടപാടുകളിലും സജീവമായിരുന്നു എന്ന് അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ആളുകൾക്ക് ഇതിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പരിശോധനയിൽ ലോഡ്ജിലെ രജിസ്റ്റർ ബുക്ക് ഉൾപ്പെടെയുള്ള രേഖകളും മറ്റ് വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട്, 1956-ലെ സെക്ഷൻ 3 പ്രകാരമാണ് പ്രതികൾക്കെതിരെ ക്രൈം നമ്പർ 923/25 ആയി ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളുടെ മൊബൈൽ ഫോൺ, ലോഡ്ജ് രജിസ്റ്റർ, സന്ദർശക ബുക്ക് എന്നിവയും പൊലീസ് വിശദമായി പരിശോധിക്കുകയാണ്.

സംഭവത്തിൽ പങ്കില്ലെന്ന് അസിനാർ

ലോഡ്ജ് തൻ്റേതാണെങ്കിലും ഒരു വർഷത്തോളമായി നസീമയെന്ന സ്ത്രീക്ക് എഗ്രിമെൻ്റ് പ്രകാരം നടത്തിപ്പിനായി നൽകിയതാണെന്നും തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ലോഡ്ജ് ഉടമ അസിനാർ പറയുന്നത്. എന്നാൽ, ഉടമക്ക് ഇതിൽ പങ്കില്ലെങ്കിൽ പോലും ലൈസൻസ് ലഭിച്ച ലോഡ്ജിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതിന് ഉടമ എന്ന നിലയിൽ അസിനാറിനെതിരെ നിയമനടപടികൾ വരാനും സാധ്യതയുണ്ട്.

ഈ കേസിൻ്റെ വെളിച്ചത്തിൽ, പ്രാദേശിക രാഷ്ട്രീയ രംഗത്തും പൊതുസമൂഹത്തിലും വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കേസെടുത്തത് പാർട്ടിക്കുള്ളിലും ചർച്ചാവിഷയമായിട്ടുണ്ട്. വിഷയത്തിൽ പാർട്ടി തലത്തിൽ അടിയന്തര നടപടിയുണ്ടാകുമെന്നാണ് സൂചന.