'അയ്യപ്പൻ്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ ' : കേരള നിയസഭയിൽ പ്രതിപക്ഷത്തിൻ്റെ ബാനർ ഉയർത്തിയുള്ള പ്രതിഷേധം

 'അയ്യപ്പൻ്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ ' : കേരള നിയസഭയിൽ പ്രതിപക്ഷത്തിൻ്റെ  ബാനർ ഉയർത്തിയുള്ള പ്രതിഷേധം

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഇന്നും നിയമസഭയിലുണ്ടായ പ്രതിപക്ഷ ബഹളത്തിൽ ചോദ്യോത്തര വേള നിർത്തിവച്ചു. നോട്ടിസ് പോലും നൽകാതെ പ്രതിപക്ഷം അനാവശ്യ ബഹളുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പീക്കർ എഎൻ ഷംസീർ ചോദ്യോത്തര വേള നിർത്തിവച്ചതായി അറിയിച്ചത്.വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. എന്നാൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് പോലും നൽകുന്നില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്നും സ്‌പീക്കർ എഎൻ ഷംസീർ വ്യക്തമാക്കി. എന്നാൽ ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ പിന്തിരിയാൻ കൂട്ടാക്കിയില്ല.

ഇന്നലത്തേത്തിന് സമയമായി ഇന്നും ചോദ്യോത്തര വേള ആരംഭിക്കാൻ സ്‌പീക്കർ ചെയറിൽ എത്തിയുടൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയം ഉന്നയിച്ചു. ലക്ഷകണക്കിന് വിശ്വാസികളെ സർക്കാർ പറ്റിച്ചുവെന്ന് വിഡി സതീശൻ പറഞ്ഞു. ആക്ഷേപം ഉന്നയിച്ചതോടെ ഭരണപക്ഷ എംഎൽഎമാർ പ്രതിഷേധം ഉയർത്തി. എന്നാൽ സ്‌പീക്കർ ഇടപെട്ടു പ്രതിപക്ഷ നേതാവിനോട് പ്രസംഗം തുടരാൻ നിർദേശിക്കുകയും ചെയ്‌തു.തുടർന്ന് ദേവസ്വം മന്ത്രിയുടെയും ദേവസ്വം പ്രസിഡൻ്റിൻ്റെയും രാജി ആവശ്യപ്പെട്ടതോടെ നിയമ മന്ത്രി പി രാജീവ്‌ ക്രമ പ്രശ്‌നം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതിപക്ഷത്തിൻ്റെ നീക്കമെന്നും മാത്യു കുഴല്‍നാടൻ എംഎൽഎയുടെ മാസപ്പടിയെന്നും പി രാജീവ്‌ പറഞ്ഞു. കേസ് ഹർജി സുപ്രീം കോടതി തള്ളിയതും രാഷ്ട്രീയ നേട്ടങ്ങൾക്ക് കോടതിയെ ഉപയോഗിക്കരുതെന്ന സുപ്രീംകോടതി പരാമർശവും ചൂണ്ടിക്കാട്ടി മന്ത്രി എംബി രാജേഷ് വിമർശിച്ചു.ഇതോടെ ചോദ്യോത്തര വേള തുടരുമെന്ന് സ്‌പീക്കർ വ്യക്തമാക്കുകയായിരുന്നു. എന്നാൽ ഇന്നലത്തേതിന് സമാനമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എംഎൽഎമാർ സ്‌പീക്കറുടെ മുഖം മറച്ചു ബാനർ ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. സ്‌പീക്കറുടെ മുഖം മറച്ച് 'അയ്യപ്പൻ്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികളെന്ന്' ബാനർ പ്രതിപക്ഷം ഉയർത്തി.ബഹളം രൂക്ഷമായതോടെ സഭ താത്‌കാലികമായി നിർത്തിവയ്ക്കുകയാണെന്ന് സ്‌പീക്കർ അറിയിച്ചു. ചോദ്യോത്തര വേള റദ്ദാക്കിയിട്ടുണ്ട്. കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാകും സഭ പുനരാരംഭിക്കുന്ന വിഷയം സ്‌പീക്കര്‍ തീരുമാനിക്കുക. വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കുന്നതിന് പകരം ചോദ്യോത്തര വേളയിൽ തന്നെ സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം.