ഗായകൻ സുബീൻ ഗാർഗിയുടെ മരണം: പ്രതിഷേധം കലാപമാക്കി ആരാധകർ
ഗുവാഹത്തി: പ്രശസ്‌ത അസമീസ് ഗായകൻ സുബീൻ ഗാർഗിൻ്റെ മരണത്തിൽ അറസ്റ്റിലായവരെ ആക്രമിച്ച് ജനക്കൂട്ടം. പ്രതികൾ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലെറിയുകയും തീയിടുകയും ചെയ്‌തു. പ്രകോപിതരായ ജനങ്ങൾക്കു നേരെ അസം പൊലീസ് കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു.
ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിലെ (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരം മുഷൽപൂരിലും ജയിലിൻ്റെ സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ ഏർപ്പെടുത്തി. എന്നാൽ ബക്‌സ ജില്ലയിൽ ഇൻ്റർനെറ്റ്, മൊബൈൽ സേവനങ്ങൾ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ജില്ലാ കമ്മീഷണർ ഗൗതം ദാസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, പ്രദേശവാസികൾക്കുൾപ്പെടെ നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റതായും വാഹനങ്ങളുടെ ചില്ലുകൾ തകർന്നതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.സുബീന് നീതി ഉറപ്പാക്കാൻ പ്രതികളെ പൊതുജനങ്ങൾക്ക് കൈമാറണമെന്ന് ചിലർ ആവശ്യപ്പെട്ടു. മുഷൽപൂരിലെ ജയിലിന് പുറത്ത് ധാരാളം പ്രതിഷേധക്കാർ നിലനിന്നിരുന്നതായും പ്രതികളെ ജയിലിലേയ്ക്ക് എത്തിക്കുമ്പോൾ വാഹനത്തിന് നേരെ കല്ലെറിഞ്ഞതായും പൊലീസ് പറഞ്ഞു. പ്രതികളുമായെത്തിയ വാഹനം ജയിൽ വളപ്പിലേക് എത്തിയപ്പോൾ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പിന്മാറാൻ പൊലീസ് അഭ്യർത്ഥിച്ചിട്ടും മാറാൻ കൂട്ടാക്കിയിരുന്നില്ല. സ്ഥിതിഗതികൾ നിയന്ത്രിക്കാനാണ് ലാത്തിചാർജ് നടത്തിയെന്നും മുതിർന്ന പൊസീസ ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് നിരവധി വാഹനങ്ങൾ പ്രതിഷേക്കാർ ആക്രമിച്ചു. പൊലീസ് വകുപ്പിൻ്റെയും മാധ്യമങ്ങളുടെയും വാഹനങ്ങൾക്ക് തീയിട്ടു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.ബക്‌സയിലുണ്ടായ സംഭവം വളരെ ദുഃഖകരമാണെന്നും വേദനയുണ്ടാക്കുന്നതാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. "അസം പോലുള്ള ഒരു പരിഷ്‌കൃത സംസ്ഥാനത്ത് നീതി ഉറപ്പാക്കാൻ നമുക്ക് എല്ലായ്‌പ്പോഴും കോടതിയിൽ വിശ്വാസമുണ്ടായിരിക്കണം," ഹിമന്ത ബിശ്വ ശർമ്മ മാധ്യങ്ങളോട് പറഞ്ഞു. "മഹാത്മാഗാന്ധിയുടെ മരണത്തിനു ശേഷവും കോടതി നിയമനടപടികളിലൂടെ കടന്നുപോയരുന്നു. അതിനു ശേഷമാണ് നാഥുറാം ഗോഡ്‌സെ ശിക്ഷിക്കപ്പെട്ടത്. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിലും രാജീവ് ഗാന്ധിയുടെ കൊലപാതകത്തിലും രാജ്യത്തെ നിയമം അനുസരിച്ച് മാത്രമേ കുറ്റവാളികളെ ശിക്ഷിച്ചിട്ടുള്ളൂ,"ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.സുബീൻ മരിച്ച ദിവസം മുതൽ ഒരു വിഭാഗം ആളുകൾ തങ്ങളുടെ രാഷ്ട്രീയ താത്പ്പര്യങ്ങൾ നിറവേറ്റുന്നതിനായി തെറ്റായ വിവരണം നൽകാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ചില രാഷ്ട്രീയ പാർട്ടികൾ സുബീൻ്റെ യഥാർത്ഥ ആരാധകരെ പ്രകോപിപ്പിച്ച് അപകടകരമായ സാഹചര്യം സൃഷ്‌ടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. "ഇത് ജനങ്ങളുടെ താത്പ്പര്യത്തിന് ചേർന്നതല്ല, ഇത് വളരെക്കാലം സംസ്ഥാനത്തെ ദോഷകരമായി ബാധിക്കും," മുഖ്യമന്ത്രി പറഞ്ഞു. ജുഡീഷ്യറിയിൽ വിശ്വസിക്കണമെന്നും സ്വന്തം താത്പ്പര്യങ്ങൾക്കായുള്ള രാഷ്ട്രീയ കളിയിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും ഹിമന്ത ബിശ്വ ശർമ്മ ജനങ്ങളോട് അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് നേപ്പാളിലെ സമാനമായ സാഹചര്യം ഉണ്ടാകാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു . സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ചെറിയ ബലപ്രയോഗം നടത്തേണ്ടിവന്നതായി ഐജിപി അഖിലേഷ് സിങ് പറഞ്ഞു."ക്രമസമാധാനനില നിയന്ത്രണവിധേയമാക്കുക എന്നതായിരുന്നു ഞങ്ങളുടെ അടിയന്തര മുൻഗണന. ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്.

