തെരഞ്ഞെടുപ്പ് : തിരുവനന്തപുരം സിഎംപിക്ക് നൽകാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലം സിഎംപിക്ക് വിട്ടുനൽകാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. മണ്ഡലം കോൺഗ്രസിൻ്റേതാണെന്ന് വ്യക്തമാക്കി പ്രവർത്തകർ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ ചുവരെഴുത്തുകൾ നടത്തി. സിഎംപിക്ക് സീറ്റ് നൽകുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേരുകയും ചെയ്തു.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വഞ്ചിയൂർ, പുന്നപുരം തുടങ്ങിയ പ്രദേശങ്ങളിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. പുളിമൂട് മുതൽ വഞ്ചിയൂർ വരെയുള്ള റോഡിൻ്റെ വശങ്ങളിൽ വെള്ള പെയിൻ്റ് അടിച്ച് കൈപ്പത്തി ചിഹ്നം വരച്ചുചേർത്താണ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്. തിരുവനന്തപുരം സീറ്റ് കോൺഗ്രസിൻ്റേത് എന്ന് ഈ ചുവരുകളിൽ എഴുതിയിട്ടുണ്ട്. കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് ഈ പ്രതിഷേധങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ശശി തരൂരിൻ്റെ സാന്നിധ്യമുള്ള ഈ മണ്ഡലത്തിൽ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
മുൻ മന്ത്രി വിഎസ് ശിവകുമാറിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ പ്രധാന കോൺഗ്രസ് നേതാക്കൾ വിഷയം ചർച്ച ചെയ്യാൻ രഹസ്യയോഗം ചേർന്നു. ശരത്ചന്ദ്ര പ്രസാദ് അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ സിഎംപിക്ക് സീറ്റ് നൽകാനുള്ള നീക്കത്തെ ശക്തമായി എതിർക്കാൻ തീരുമാനിച്ചു. മണ്ഡലം സിഎംപിക്ക് വിട്ടുനൽകുന്നത് പാർട്ടിയുടെ അടിത്തറയെ ബാധിക്കുമെന്നാണ് പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും വിലയിരുത്തൽ.