പുത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

പുത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

തൃശൂർ: കേരളത്തിനാകെ അഭിമാനമായ പുത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.  രാവിലെ എട്ടുമണിക്ക് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും റവന്യൂ മന്ത്രി കെ രാജനും ചേർന്ന് പാർക്കിലേക്കുള്ള ആദ്യ ടിക്കറ്റെടുത്താണ് സന്ദർശനത്തിന് തുടക്കം കുറിച്ചത്. 300ലധികം ജീവികൾക്കായി 336 ഏക്കറില്‍ വികസിച്ചു കിടക്കുന്ന പാര്‍ക്കില്‍ നിരവധി വൈവിധ്യങ്ങളാണ് കാഴ്ച്ചക്കാര്‍ക്കായി  സുവോളജിക്കൽ പാർക്കിൽ ഒരുക്കിയിരിക്കുന്നത്. ജിറാഫ് ഉൾപ്പെടെയുള്ള വിദേശ മൃഗങ്ങളെ കൊണ്ടുവരാനായി സർക്കാർ നാല് കോടി രൂപ അഡ്വാൻസ് നൽകിയിട്ടുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം

അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ സുവോളജിക്കൽ പാർക്കാണ് പുത്തൂരിലേത്. പാർക്ക് യാഥാർഥ്യമായതോടെ തൃശൂർ ജില്ലയിലെ മലയോര ഗ്രാമമായ പുത്തൂർ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമായി മാറി. ഇന്ത്യയിലെ ആദ്യത്തെ ഡിസൈൻ മൃഗശാല എന്ന ഖ്യാതിയും പുത്തൂർ പാർക്കിനുണ്ട്. സ്വാഭാവിക വനഭൂമിയുടെ പ്രകൃതിഭംഗിക്ക് കോട്ടം തട്ടാതെ 23 ആവാസ ഇടങ്ങളും സന്ദർശകർക്കുള്ള പാതകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓസ്ട്രേലിയൻ പൗരനും പ്രശസ്ത മൃഗശാലാ ഡിസൈനറുമായ ജോൺ കോയുടെ രൂപകല്പനയിലാണ് പാർക്കിൻ്റെ നിർമാണം മൂന്ന് ഘട്ടങ്ങളായി പൂർത്തിയാക്കിയത്.

 ആഫ്രിക്കന്‍ സുളു ലാന്‍ഡ് സോണ്‍, കന്‍ഹ സോണ്‍, സൈലൻ്റ് വാലി സോണ്‍, ഇരവിപുരം സോണ്‍ തുടങ്ങി ഓരോ ഇനങ്ങള്‍ക്കും അനുയോജ്യമായ വിധം ആവാസ വ്യവസ്ഥകള്‍ ഒരുക്കിയാണ് മൃഗശാല രൂപകല്‍പന ചെയ്തിരിക്കുന്നത്. ഒന്നിനെയും ഇടുങ്ങിയ കൂടുകളില്‍ അടച്ചിടാതെ സ്വതന്ത്രമായി വിരഹിക്കാന്‍ കഴിയുന്ന തരത്തിലാണ് ഓരോ സോണുകളും. സഞ്ചാരികള്‍ക്ക് അവയെ കാണാനും ഇത് കൂടുതല്‍ സൗകര്യവുമാവും. സഞ്ചാരികളില്‍ നിന്ന് കൃത്യമായ അകലം പാലിക്കാനും സുരക്ഷ ഉറപ്പുവരുത്താനും പറ്റുന്ന കിടങ്ങുകളുണ്ട്.രാത്രികാലങ്ങളില്‍ മാത്രം പുറത്തിറങ്ങുന്ന പക്ഷികള്‍, ഉരുക്കള്‍ എന്നിവയ്ക്കും പ്രത്യേക സോണ്‍ തയ്യാറാക്കുന്നുണ്ട്. പാര്‍ക്കിനുള്ളില്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയാണ് സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. 

കേരളത്തിനു പുറത്തു നിന്നുമുള്ള മൃഗശാലകളില്‍ നിന്നും വെള്ളക്കടുവകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ പാര്‍ക്കില്‍ എത്തിക്കും. കൂടാതെ എല്ലാ ഭൂഖണ്ഡങ്ങളിലേയും മൃഗങ്ങളെ കണ്ട് ആസ്വദിക്കാന്‍ കഴിയുന്ന ഹോളോഗ്രാം സൂ കൂടി പാര്‍ക്കില്‍ ഒരുങ്ങുകയാണ്. അതോടൊപ്പം പാര്‍ക്കിനോട് ചേര്‍ന്ന് തന്നെ 'പെറ്റ് സു' കൂടി ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികളായിട്ടുണ്ട്.പുത്തൂര്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പയ്യപ്പിള്ളിമൂല-മാന്ദാമംഗലം റോഡ് ഏഴ് കോടി രൂപയും പുത്തൂര്‍-പുഴമ്പള്ളം-മരത്താക്കര ജങ്ഷന്‍ റോഡ് ഒമ്പത് കോടി രൂപയും ചെലവിട്ടാണ് ബിഎം ബിസി നിലവാരത്തില്‍ പുതുക്കി പണിതതെന്നും മന്ത്രി കെ.രാജൻ  പറഞ്ഞു.

പ്രവേശനം, സമയക്രമം, യാത്രാസൗകര്യങ്ങൾ

രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പാർക്കിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ചകളിൽ അവധിയായിരിക്കും. വാഹനങ്ങളിലും നടന്നും പാർക്ക് ചുറ്റിക്കാണാൻ സൗകര്യമുണ്ട്. കൂടാതെ സന്ദർശകർക്കായി ഫുഡ് സെൻ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. പാർക്കിനുള്ളിലെ യാത്രയ്ക്കായി കെഎസ്ആർടിസിയുടെ രണ്ട് നോൺ എസി ഇലക്ട്രിക് ബസുകൾ എപ്പോഴും സർവീസ് നടത്തും. മുതിർന്നവർക്ക് 50 രൂപയും 5 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് 25 രൂപയുമാണ് ബസ് യാത്രാനിരക്ക്.

ടിക്കറ്റ് നിരക്കുകൾ

മുതിർന്നവർക്ക് 100 രൂപയും 5 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് 30 രൂപയും മുതിർന്ന പൗരന്മാർക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭിന്നശേഷിക്കാർക്ക് പ്രവേശനം സൗജന്യമാണ്. സ്കൂൾ അധികൃതരുടെ അനുമതിയോടെ യൂണിഫോമിൽ ഗ്രൂപ്പായി വരുന്ന വിദ്യാർഥികൾക്ക് പ്രത്യേക ഇളവുകൾ നൽകും. നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് 30 രൂപയും 20 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന ക്രമത്തിൽ അവർക്കും 30 രൂപ നിരക്കിൽ പ്രവേശിക്കാം. സ്റ്റിൽ കാമറയ്ക്ക് 350 രൂപയും വിഡിയോ കാമറയ്ക്ക് 750 രൂപയും ക്ലോക്ക് റൂമിന് 25 രൂപയുമാണ് ഈടാക്കുക.

പാർക്കിങ് ഫീസ് വിവരങ്ങൾ താഴെ നൽകുന്നു:

  • ഇരുചക്രവാഹനം: 25 രൂപ
  • ഓട്ടോറിക്ഷ: 30 രൂപ
  • കാർ/ജീപ്പ്: 100 രൂപ
  • വാൻ/മിനി ബസ് (32 സീറ്റ് വരെ): 175 രൂപ
  • ബസ്: 250 രൂപ

സുവോളജിക്കൽ പാർക്കിൻ്റെ നടത്തിപ്പിനായി അഡ്വൈസറി കമ്മിറ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഗവേണിങ് ബോഡിയും ഉൾപ്പെടുന്ന ഒരു സൊസൈറ്റിയായിരിക്കും പ്രവർത്തിക്കുക. രാഷ്ട്രീയ ഇടപെടലുകളില്ലാതെ, വകുപ്പ് മന്ത്രി അധ്യക്ഷനായുള്ള ഉദ്യോഗസ്ഥ സമിതിക്കാണ് ഇതിൻ്റെ പൂർണ ചുമതല. കാലത്തിനനുസരിച്ചും പുതിയ മൃഗങ്ങളെ കൊണ്ടുവരുന്നതിനനുസരിച്ചും പാർക്കിൽ തുടർന്നും നവീകരണ പ്രവർത്തനങ്ങൾ നടക്കും.

1885ൽ തൃശൂർ നഗരമധ്യത്തിൽ പ്രവർത്തനം ആരംഭിച്ച മൃഗശാലയിലെ പക്ഷിമൃഗാദികളെ നിലവിൽ പുത്തൂരിലേക്ക് മാറ്റിയിട്ടുണ്ട്. നഗരത്തിന് പുറത്തേക്ക് മൃഗശാല മാറ്റണമെന്ന ആശയം 2003ൽ തന്നെ ഉയർന്നിരുന്നുവെങ്കിലും 2006ൽ വി എസ് അച്യുതാനന്ദൻ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഇതിനുള്ള നടപടികൾ വേഗത്തിലായത്. 2009ൽ ഭൂമി കൈമാറ്റം സംബന്ധിച്ച ഉത്തരവിറങ്ങുകയും 2010 ജൂൺ 5ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ചുറ്റുമതിലിൻ്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

ലോകോത്തര നിലവാരത്തിലുള്ള പാർക്കായതിനാൽ പ്രതിവർഷം 50 ലക്ഷം സന്ദർശകരെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ഇത് പ്രദേശത്തിൻ്റെ അടിസ്ഥാന, സാമ്പത്തിക വികസനത്തിന് വലിയ മുതൽക്കൂട്ടാകും. പുത്തൂർ സുവോളജിക്കൽ പാർക്ക്, പീച്ചി, മരോട്ടിച്ചാൽ വെള്ളച്ചാട്ടം, കച്ചിക്കോട് ഡാം, ഒരപ്പൻകെട്ടിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രം എന്നിവ ഉൾപ്പെടുന്ന ഒല്ലൂർ ടൂറിസം കോറിഡോർ കേരളത്തിൻ്റെ വിനോദസഞ്ചാര ഭൂപടത്തിൽ പ്രധാന ഇടമായി മാറുകയാണ്.