പുടിൻ്റെ ഔദ്യോഗിക സ്റ്റേറ്റ് കാറായ ഓറസ് സെനറ്റ് എന്ന ലിമോസിൻ , ഇന്ത്യൻറോഡിൽ

ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലെത്തുന്നു എന്ന വാർത്തയ്‌ക്കൊപ്പം ചർച്ചയായ ത് പുടിൻ്റെ ഔദ്യോഗിക സ്റ്റേറ്റ് കാറായ ഓറസ് സെനറ്റ് എന്ന ലിമോസിൻ കാറാണ് .ചൈനയിൽ എസ്‌സിഒ ഉച്ചകോടിക്ക് എത്തിയ മോദിയെ പുടിൻ ഒരു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കായി വിളിച്ചുകയറ്റിയത് പുടിൻ്റെ ഇതേ ലിമോസിൻ കാറിലേക്കാണ്. ഇപ്പോഴിതാ ഈ ഓറസ് സെനറ്റ് എന്ന ഈ ലിമോസിൻ കാർ പുടിനൊപ്പം ഇന്ത്യയിലും എത്തിയിരിക്കുന്നു.സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയുമില്ലാത്ത ഓറസ് സെനറ്റ് എന്ന ഈ ലിമോസിന് പ്രത്യേകതകള്‍ ഏറെയാണ്. ലോകത്ത് ഒരു സിഐഎ ചാരനും ചോർത്താൻ കഴിയാത്ത രഹസ്യവും സുരക്ഷിതവുമായ ഇടമാണ് ലിമോസിൻ ഒരുക്കിയിട്ടുള്ളത്. മുൻപ് ചൈനയിലെ ടിയാൻജിനിൽ മോദിയും പുടിനും ചർച്ച നടത്തിയ വാർത്തയ്‌ക്കൊപ്പം ഈ കാറും ശ്രദ്ധ നേടിയത് സുരക്ഷിത്വത്തിൻ്റെ കാര്യത്തിലാണ്.
കോട്ടമതിൽ പോലെ കവചം തീർത്ത ലിമോസിൻ
ശക്തമായ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, കട്ടിയുള്ള കവചമുള്ള വാതിലുകൾ, ആക്രമണ സമയത്ത് വെടിയുണ്ടകളിൽ നിന്നും സ്ഫോടനങ്ങളിൽ നിന്നും സുരക്ഷിതമാക്കുന്ന ബോഡി. ആക്രമണത്തിന് ശേഷമുള്ള ചോർച്ച തടയാൻ കവചിത ഇന്ധന ടാങ്ക്, തീ അണയ്ക്കാനുള്ള അഗ്നി നിയന്ത്രണ സംവിധാനം, ദോഷകരമായ വാതകത്തിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനുള്ള ശുദ്ധവായു വിതരണ സംവിധാനം എന്നിവ കാറിലുണ്ട്.
വാതിലുകൾ അടഞ്ഞുപോയാൽ പിൻവശത്തെ ഗ്ലാസിലൂടെ അടിയന്തര എക്‌സിറ്റ് ഉണ്ട്. ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രസിഡൻ്റിന് ബന്ധം നിലനിർത്താൻ കഴിയുന്ന തരത്തിൽ സുരക്ഷിതമായ ആശയവിനിമയ സംവിധാനവും കാറിനുള്ളിലുണ്ട്. റഷ്യയിലെ ഓറസ് മോട്ടോഴ്‌സ് കമ്പനിയാണ് ഈ വാഹനം നിർമിക്കുന്നത്.ഏകദേശം 6,200 കിലോഗ്രാം ഭാരമുള്ള വാഹനത്തിന് മണിക്കൂറിൽ 250 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. 9 സ്‌പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇതിൽ ഉപയോഗിക്കുന്നത്. പോർഷെയുടെ സഹായത്തോടെ നിർമ്മിച്ച 4.4 ലിറ്റർ V8 പെട്രോൾ എഞ്ചിനും ഒരു ഇലക്ട്രിക് മോട്ടോറും ഉണ്ട്. 100 കിലോമീറ്റർ വേഗതയിലെത്താൻ 9 സെക്കൻഡ് മതി.വളരെ പരിമിതമായ എണ്ണം യൂണിറ്റുകൾ മാത്രമാണ് പ്രതിവർഷം നിർമിക്കുന്നത്. സാധാരണക്കാർക്ക് വാങ്ങാൻ ലഭിക്കുന്ന മോഡലുകൾക്ക് ഉയർന്ന വിലയുണ്ട്, എന്നാൽ രാഷ്ട്രത്തലവന്മാർക്കായി നിർമ്മിക്കുന്ന പ്രത്യേക പതിപ്പ് പൊതുവിപണിയിൽ ലഭ്യമല്ല. പുടിൻ ഉപയോഗിക്കുന്ന മോഡലിലെ പല സവിശേഷതകളും അതീവ രഹസ്യമാണ്. ഏകദേശം രണ്ട് കോടിയിലധികം വിലമതിപ്പുള്ള കാറിലാകും പുടിൻ ഇന്ത്യ സന്ദർശനം നടത്തുന്നത്. 2018 ൽ പുടിൻ്റെ നാലാമത്തെ പ്രസിഡൻ്റ് സ്ഥാനാരോഹണ വേളയിലാണ് കാർ ആദ്യമായി അനാച്ഛാദനം ചെയ്‌തത്.
സുരക്ഷയ്‌ക്കായി റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരും
സെനറ്റിന് പുറമേ, പുടിൻ്റെ സുരക്ഷയ്ക്കായി റഷ്യയിൽ നിന്നുള്ള 50 ഓളം ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും ഡൽഹിയിലെത്തിയിട്ടുണ്ട്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിന് മുന്നോടിയായി പുടിൻ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇതിനകം സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.പുടിൻ എത്തുന്ന സമയം മുതൽ അദ്ദേഹം പോകുന്നതുവരെ, ഓരോ നീക്കവും ഒന്നിലധികം സുരക്ഷാ ഏജൻസികൾ നിരീക്ഷിക്കുമെന്നാണ് വിവരം. റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ ഇന്ത്യാ സന്ദർശനത്തിനാണ് പുടിൻ എത്തിയിരിക്കുന്നത്