കൊച്ചി നഗരത്തെ ഭീതിയിലാഴ്ത്തിയ പെരുമ്പാമ്പ് ഒടുവിൽ പിടിയിൽ

കൊച്ചി നഗരത്തെ ഭീതിയിലാഴ്ത്തിയ പെരുമ്പാമ്പ് ഒടുവിൽ പിടിയിൽ

എറണാകുളം: ഗാന്ധി സ്ക്വയറിനടുത്ത് കൂറ്റൻ മരത്തിന് മുകളിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ  പത്ത് മണിക്കൂർ നീണ്ട പരിശ്രമത്തിനുശേഷം  പിടികൂടി. ഇന്ന് രാവിലെ എട്ട് മണിക്ക് തുടങ്ങിയ ശ്രമങ്ങൾക്ക്  രാത്രി ഏഴ് മണിയോടെയാണ് പരിസമാപ്തി കണ്ടത് . രാവിലെയാണ്  പത്തടിയിലേറെ നീളവും ഏകദേശം 15 കിലോയോളം തൂക്കവുമുള്ള പെരുമ്പാമ്പിനെ ഒരു മരത്തിൽ നാട്ടുകാർ കണ്ടെത്തിയത്. പാമ്പിനെ താഴെയിറക്കുന്നതുവരെ നാട്ടുകാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.വിവരമറിയിച്ചതിനെ തുടർന്ന് ഉടൻതന്നെ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി. എന്നാൽ മരത്തിൻ്റെ അമിതമായ ഉയരം കാരണം പാമ്പിനെ സുരക്ഷിതമായി താഴെയിറക്കുന്നത് പ്രയാസമാണെന്ന് അവർ അറിയിച്ചു. തുടര്‍ന്ന് കോടനാട് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ, മരത്തിൻ്റെ ശിഖരങ്ങളിൽനിന്ന് പാമ്പിനെ പിടികൂടാൻ കഴിയാതെ വന്നതോടെ ഇവരും മടങ്ങി.

രാത്രിയായാൽ പാമ്പ് തനിയെ താഴെയിറങ്ങാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷയിൽ വനം വകുപ്പിൻ്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്നേക്ക് റെസ്ക്യൂയർ ജോണി രാജേഷിനെ സ്ഥലത്ത് നിര്‍ത്തിയായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഒടുവില്‍ രാത്രി ഏഴ് മണിയോടെ പാമ്പ് താഴത്തെ ശിഖരത്തിലേക്ക് നീങ്ങുകയും താഴെ മണ്ണിലേക്ക് വീഴുകയുമായിരുന്നു. ഉടന്‍തന്നെ സംഭവസ്ഥലത്തുണ്ടായിരുന്ന ജോണി സുരക്ഷിതമായി പാമ്പിനെ പിടികൂടി. മണിമലയുള്ള വംവകുപ്പ് ഓഫിസിലെത്തിച്ചശേഷം കോടനാട് വനമേഖലയിലേക്ക് പെരുമ്പാമ്പിനെ തുറന്നുവിടുമെന്ന് അദ്ദേഹം അറിയിച്ചു.