"ട്രെയിൻ യാത്ര ബുദ്ധിമുട്ട്, വീട്ടിൽ അമ്മയെ നോക്കണം....": ഡല്‍ഹി യാത്ര വിവാദത്തില്‍ മറുപടിയുമായി ആർ. ശ്രീലേഖ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ ബി.ജെ.പി കൗൺസിലർമാർക്കായി ഒരുക്കിയ വിരുന്നിൽ നിന്ന് വിട്ടുനിന്നതിനെത്തുടർന്ന് ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ഡി.ജി.പിയും ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്തെത്തി.താൻ വിരുന്നിൽ നിന്ന് മാറിനിന്നത് പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ മൂലമാണെന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതാണ്. തികച്ചും വ്യക്തിപരമായ കാര്യങ്ങളാലാണ് ഡല്‍ഹി യാത്രയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും തന്‍റെ ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.നിലവിലെ കൗൺസിലർ പദവിയിൽ ഒതുങ്ങിനിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മറ്റ് ഔദ്യോഗിക പദവികളോ സ്ഥാനമാനങ്ങളോ താൻ ലക്ഷ്യമിടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഡൽഹി യാത്ര ഒഴിവാക്കിയത് പൂർണമായും വ്യക്തിപരമായ അസൗകര്യങ്ങൾ കാരണമാണെന്നും ഈ പ്രായത്തിൽ ദീർഘദൂര ട്രെയിൻ യാത്ര തനിക്ക് ശാരീരികമായി ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.വലിയൊരു സംഘത്തോടൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്നത് പ്രായോഗികമല്ലാത്തതിനാലാണ് യാത്ര ഒഴിവാക്കിയതെന്നും തനിക്ക് വേണ്ടി മാത്രമായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് പാർട്ടിയുടെ പണം അനാവശ്യമായി ചിലവാക്കേണ്ടതില്ലെന്ന് താൻ തന്നെയാണ് നേതൃത്വത്തെ അറിയിച്ചതെന്നും അവർ പറഞ്ഞു.യാത്രാക്ലേശത്തിന് പുറമെ കുടുംബപരമായ ഉത്തരവാദിത്തങ്ങളും യാത്ര ഒഴിവാക്കാൻ കാരണമായതായി ശ്രീലേഖ വിശദീകരിച്ചു. വീട്ടിൽ 94 വയസ്സുള്ള അമ്മയുടെ പരിചരണത്തിനായി താൻ തിരുവനന്തപുരത്ത് ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും വീട്ടിലെ സഹായി അവധിയിലായതിനാൽ അഞ്ച് ദിവസത്തോളം അമ്മയെ തനിച്ചാക്കി മാറിനിൽക്കുന്നത് ബുദ്ധിമുട്ടാണെന്നും അവർ വീഡിയോയിൽ പറഞ്ഞു.തിരുവനന്തപുരം നഗരസഭയിലെ മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെ പ്രധാനമന്ത്രി നഗരത്തിലെത്തിയപ്പോഴും ശ്രീലേഖ വിട്ടുനിന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. താൻ കൗൺസിലറായത് മേയറാകാമെന്ന ഉറപ്പിലാണെന്നും കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനങ്ങളെ ചോദ്യം ചെയ്യില്ലെന്നും അവർ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ, തന്റെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഇനി മത്സരരംഗത്തേക്ക് ഇല്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. ഡൽഹി യാത്ര ഒഴിവാക്കിയതിൽ മറ്റ് രാഷ്ട്രീയ വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ലെന്നും വ്യക്തിപരമായ കാരണങ്ങൾ മാത്രമാണ് ഇതിന് പിന്നിലെന്നും അവർ ആവർത്തിച്ചു വ്യക്തമാക്കി.
അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശ്രീലേഖ തള്ളി. വരുന്ന അഞ്ചുവർഷവും കൗൺസിലറായി തുടരാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി. തന്‍റെ തീരുമാനങ്ങളെല്ലാം പാർട്ടിയുടെ അറിവോടെയാണെന്നും ആർ. ശ്രീലേഖ ഫേസ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കി.