രാഹുൽ ഈശ്വർ ജയിലിലേക്ക്; "അറസ്റ്റ് അന്യായം, ജയിലിൽ നിരാഹാരമിരിക്കും": രാഹുൽ ഈശ്വർ

രാഹുൽ ഈശ്വർ ജയിലിലേക്ക്; "അറസ്റ്റ് അന്യായം,  ജയിലിൽ നിരാഹാരമിരിക്കും": രാഹുൽ ഈശ്വർ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. അഞ്ചാം പ്രതിയായ രാഹുലിനെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) എൽസ കാതറിൻ ജോർജ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതോടെ പ്രതിയെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

നേമം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് നടപടി സ്വീകരിച്ചത്. ലൈംഗിക പീഡനക്കേസിലെ അതിജീവിതയുടെ പേരും വിവരങ്ങളും ചിത്രങ്ങളും ഫേസ്‌ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയെന്നും അശ്ലീലവും ലൈംഗിക ചുവയുമുള്ള പരാമർശങ്ങൾ നടത്തിയെന്നുമാണ് രാഹുൽ ഈശ്വറിനെതിരെയുള്ള പ്രധാന ആരോപണം. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നും ജാമ്യത്തിൽ വിട്ടാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതിജീവിതയ്‌ക്കെതിരെ പോസ്റ്റ് ഇട്ടത് നിസ്സാരമായി കാണാൻ കഴിയില്ലെന്ന കാരണങ്ങൾ പരിഗണിച്ചാണ് ജാമ്യഹർജി തള്ളിയത്. കുറ്റകൃത്യത്തിൻ്റെ ഗൗരവവും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നതും കോടതി കണക്കിലെടുത്തു.

രാഹുലിന് കുരുക്കാവുന്നത്‌  സൈബർ നിയമങ്ങളും വകുപ്പുകളും

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകൾ 72, 75(1)(iv), 79, 351(1), 351(2) എന്നിവയും ഐടി ആക്ട് 43, 66 വകുപ്പുകളും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണിവ. പ്രതി നടത്തിയ ലൈംഗിക ചുവയുമുള്ള പരാമർശങ്ങൾ അടങ്ങിയ യൂട്യൂബ് വിഡിയോകൾ കണ്ടെടുത്തതായും കേസിൽ ഉൾപ്പെട്ട മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടി കണ്ടെടുക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിക്ക് സമാനമായ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. ജാമ്യം നൽകിയാൽ സമാനമായ കുറ്റകൃത്യം ആവർത്തിക്കുമെന്ന് പ്രതി തന്നെ പരസ്യമായി പ്രഖ്യാപിച്ച സാഹചര്യവും കോടതി റിമാൻഡ് നടപടികളിലേക്ക് കടക്കാൻ കാരണമായി.അറസ്റ്റും തെളിവെടുപ്പും

ഞായറാഴ്ച വൈകുന്നേരം ഏഴോടെ കസ്റ്റഡിയിലെടുത്ത രാഹുലിനെ നന്ദാവനം എആർ ക്യാമ്പിൽ എത്തിച്ച് സൈബർ പൊലീസ് അസിസ്റ്റൻ്റ് കമ്മിഷണർ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തിങ്കളാഴ്ച രാവിലെ ശ്രീകാര്യം പൗഡിക്കോണത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെനിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. വിഡിയോ അപ്‌ലോഡ് ചെയ്തതിൻ്റെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുക എന്നത് അന്വേഷണത്തിൽ നിർണായകമാണ്. ഇവ ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. വിഡിയോകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കാനുള്ള ശ്രമങ്ങളും സൈബർ പൊലീസ് നടത്തും.

അറസ്റ്റ് നിയമപരമല്ലെന്നും സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും രാഹുൽ ഈശ്വർ 

അറസ്റ്റിന് മുൻപ് ബിഎൻഎസ്എസ് 35(1) പ്രകാരമുള്ള നോട്ടിസ് നൽകിയില്ലെന്നും ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ജാമ്യം ലഭിക്കാവുന്നതാണെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അനുകൂലിച്ച് വിഡിയോ ചെയ്തതാണ് പ്രകോപനമെന്നും അറസ്റ്റ് നിയമപരമല്ലെന്നും സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചു. എന്നാൽ നോട്ടിസ് കൈപ്പറ്റാൻ രാഹുൽ തയാറായില്ലെന്ന് പൊലീസ് മറുപടി നൽകി. കേസ് പച്ചക്കള്ളമാണെന്നും ജയിലിൽ നിരാഹാരമിരിക്കുമെന്നും രാഹുൽ ജയിലിലേക്ക് കൊണ്ടുപോകുന്ന വഴി മാധ്യമങ്ങളോട് പ്രതികരിച്ചു. പുരുഷ കമ്മിഷൻ വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ജയിലിൽ നിരാഹാരം അനുഷ്ഠിക്കുമെന്ന ഭീഷണി അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.

കേസിലെ മറ്റ് പ്രതികൾ

കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, അഭിഭാഷക ദീപ ജോസഫ്, മഹിള കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് ഇവർക്കും തിരിച്ചടിയാണ്. സന്ദീപ് വാര്യരെ ചോദ്യം ചെയ്യുന്നതിലൂടെ ഗൂഢാലോചനയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനും പൊലീസിന് സാധിക്കും. ഇവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. വഞ്ചിയൂർ കോടതിയുടെ വിധി പകർപ്പ് ലഭിച്ചാലുടൻ ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകാനാണ് രാഹുലിൻ്റെ അഭിഭാഷകരുടെ തീരുമാനം. എന്നാൽ പ്രോസിക്യൂഷൻ ഇതിനെയും ശക്തമായി എതിർക്കും. സൈബർ ഇടങ്ങളിൽ ഇരകളെ വേട്ടയാടുന്നവർക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ അറസ്റ്റ്.