രാഹുൽ മാങ്കൂട്ടത്തില്‍ 'സ്ഥിരം കുറ്റവാളി', മുൻകൂർ ജാമ്യം റദ്ദാക്കണം; സർക്കാരിൻ്റെ അപ്പീൽ

രാഹുൽ മാങ്കൂട്ടത്തില്‍ 'സ്ഥിരം കുറ്റവാളി', മുൻകൂർ ജാമ്യം റദ്ദാക്കണം; സർക്കാരിൻ്റെ അപ്പീൽ

എറണാകുളം: രണ്ടാമത്തെ ബലാത്സംഗ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ 'സ്ഥിരം കുറ്റവാളി'യാണെന്നും തെളിവുകൾ കൃത്യമായി പരിശോധിക്കാതെ മുൻകൂർ ജാമ്യം നൽകിയ സെഷൻസ് കോടതിക്ക് പിഴവു പറ്റിയെന്നുമാണ് സർക്കാർ അപ്പീലിലെ പ്രധാന വാദം. സർക്കാരിൻ്റെ ഈ അപ്പീൽ ഹൈക്കോടതി നാളെ പരിഗണിക്കും.പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയ സെഷൻസ് കോടതിയുടെ നടപടികൾക്കെതിരെ ശക്തമായ ആക്ഷേപമാണ് സർക്കാർ ഉന്നയിക്കുന്നത്. ആദ്യ ബലാത്സംഗ കേസിൽ ഹൈക്കോടതി രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ്, രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം നൽകുന്നതിന് സെഷൻസ് കോടതിയെ സ്വാധീനിച്ചുവെന്ന് സർക്കാർ വാദിക്കുന്നു. ബലാത്സംഗക്കുറ്റം പ്രതിയുമായി ബന്ധിപ്പിക്കുന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന സെഷൻസ് കോടതിയുടെ നിരീക്ഷണം നിയമവിരുദ്ധമാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലിരിക്കുന്ന കേസിൽ ഇത്തരം നിരീക്ഷണം അനുചിതമാണെന്നും സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ലൈംഗികപീഡനം ചൂണ്ടിക്കാട്ടി യുവതി കെപിസിസി നേതൃത്വത്തിന് അയച്ച ഇ-മെയിൽ അടക്കമുള്ള തെളിവുകൾ സെഷൻസ് കോടതി കൃത്യമായി പരിഗണിച്ചില്ലെന്നും സർക്കാർ വാദിക്കുന്നു.

ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്തു എന്ന് കാട്ടി, ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസെടുത്തത്.വിവാഹക്കാര്യം പറഞ്ഞ് രാഹുൽ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, അതുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. ലൈംഗികപീഡനം ചൂണ്ടിക്കാട്ടി യുവതി കെപിസിസി നേതൃത്വത്തിന് അയച്ച ഇ-മെയിൽ പൊലീസിന് കൈമാറിയതോടെയാണ് രാഹുലിനെതിരെ കേസെടുത്തത്.രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഉളള തിങ്കളാഴ്ചയും രാവിലെ 10 മണി മുതല്‍ 11 മണിവരെ മൂന്ന് മാസം അന്വേഷണ ഉദ്യോഗസ്ഥക്ക് മുന്‍പില്‍ ഹാജരാകണം, കേസുമായി ബന്ധപ്പെട്ട ആരെയും സ്വാധീനിക്കാന്‍ പാടില്ല, ജാമ്യ കാലയളവില്‍ പ്രതി കുറ്റകൃത്യങ്ങളില്‍ ഒന്നും ഏര്‍പ്പെടരുത്. അന്വഷണവുമായി പൂര്‍ണമായും സഹകരിക്കണം, എന്നീ കര്‍ശന ഉപാധികളോടെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതിയെ കേസ് സംബന്ധമായ തെളിവെടുപ്പിന് അറസ്റ്റ് ചെയ്താൽ, അന്ന് തന്നെ 50,000 രൂപ വീതം ജാമ്യമുള്ള രണ്ട് ജാമ്യക്കാരുടെ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.



ജോബി ജോസഫ്  മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസില്‍ രണ്ടാം പ്രതിയുടെ രാഹുലിന്‍റെ സുഹൃത്തുമായ ജോബി ജോസഫും മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് ജോബി ജോസാണ് എന്നായിരുന്നു പരാതിക്കാരി ഉന്നയിച്ചിരുന്നത്. പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് മരുന്ന് എത്തിച്ചതെന്നാണ് ജോബിയുടെ വാദം. മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച്‌ തനിക്കറിയില്ലെന്നും ജോബി ഹര്‍ജിയില്‍ പറയുന്നു. ഇത് സംബന്ധിച്ച ചാറ്റുകളും കോടതിയില്‍ ഹാജരാക്കി. ഹർജി ഇന്ന് തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതി പരിഗണിക്കും. കേസില്‍ രണ്ടാം പ്രതിയാണ് ജോബി ജോസഫ്. ഹർജിയില്‍ കോടതി പൊലീസിന്റെ റിപ്പോർട്ട് തേടി. ഡിസംബർ 17ന് മുൻകൂർ ജാമ്യ ഹർജി വീണ്ടും പരിഗണിക്കും.