മുന്‍കൂര്‍ ജാമ്യത്തിനായി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചേക്കും: പ്രതി ഒളിവിൽ തുടരുന്നു

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. ഇന്നലെ തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി ഹര്‍ജി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പൊലീസിന്‍റെ അറസ്റ്റ് നീക്കം തടയാനായാണ് ശ്രമം.
എംഎല്‍എയ്‌ക്കെതിരെയുള്ളത് ഗുരുതര ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ തിരുവനന്തപുരം ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. എന്നാല്‍ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം നിലനില്‍ക്കില്ലെന്നും ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വാദം.രണ്ടാമതു ലഭിച്ച പരാതിയില്‍ അന്വേഷണം നടത്താന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും അന്വേഷണം പുരോഗമിക്കുക. ഇതിനിടെ പരാതിയുമായി രംഗത്തെത്തിയ യുവതിയുടെ മൊഴി രേഖപ്പെടുത്താനും ശ്രമം തുടങ്ങി. എന്നാല്‍ കേസ് അതിസങ്കീര്‍ണമാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
രാഹുലിനുവേണ്ടിയുള്ള അന്യേഷണം തുടരുന്നു
ഒമ്പതാം ദിവസമായ ഇന്നും രാഹുലിനായി പൊലീസ് അന്യേഷണം തുടരുകയാണ്. നിരവധി തവണ മൊബൈല്‍ ഫോണും യാത്ര ചെയ്യുന്ന കാറും മാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.അതേസമയം പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത രാഹുലിന്‍റെ പിഎയെയും ഡ്രൈവറെയും ചോദ്യം ചെയ്യുകയാണ്. ഇതില്‍ നിന്നും ഒളിത്താവളം സംബന്ധിച്ച് സൂചനകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് എംഎല്‍എ പാലക്കാട് നിന്നും രക്ഷപ്പെട്ടത്. പിന്നാലെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും പൊലീസ് അന്വേഷണം വ്യാപിച്ചു. സിസിടിവി ക്യാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കിയാണ് എംഎല്‍എയുടെ സഞ്ചാരം എന്നാണ് ലഭിക്കുന്ന വിവരം.സുഹൃത്തിനൊപ്പം ചുവന്ന പോളോ കാറിൽ പൊള്ളാച്ചി വരെ എത്തിയ ശേഷം അവിടെ നിന്ന് മറ്റൊരു വാഹനത്തിൽ കോയമ്പത്തൂരിലേക്കും പിന്നീട് തമിഴ്‌നാട്-കർണാടക അതിർത്തിയിലേക്കും നീങ്ങുകയായിരുന്നു എംഎല്‍എ. തുടര്‍ന്ന് ഞായറാഴ്‌ച വരെ ബെംഗളൂരുവിലെ റിസോര്‍ട്ടിലായിരുന്നു രാഹുല്‍.
എന്നാല്‍ റിസോര്‍ട്ടിലേക്ക് പൊലീസ് യാത്ര തിരിച്ചതോടെ റിസോര്‍ട്ടില്‍ നിന്നും രാഹുല്‍ സ്ഥലം വിട്ടു. ബെംഗളൂരുവിലെ തന്നെ മറ്റൊരു വീട്ടിലേക്കും തുടര്‍ന്ന് ബെംഗളൂരു നഗരത്തിലേക്കുമാണ് രാഹുല്‍ മാറിയത്. അന്വേഷണ സംഘം തൊട്ട് പിന്നാലെ എത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പൊലീസ് എത്തുന്നയിടങ്ങളില്‍ നിന്നെല്ലാം രാഹുല്‍ രക്ഷപ്പെട്ടതോടെ അന്വേഷണ സംഘത്തില്‍ നിന്നും വിവരം ചോരുന്നതായും സംശയമുണ്ട്.
കോടതിയുടെ നിരീക്ഷണങ്ങളും കേസിൻ്റെ ഗൗരവവും
രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള 22 പേജുള്ള ഉത്തരവിൽ കോടതി അതീവ ഗൗരവകരമായ നിരീക്ഷണങ്ങളാണ് നടത്തിയിരിക്കുന്നത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന വാദം കോടതി തള്ളി. ആത്മഹത്യാഭീഷണി മുഴക്കി ഗർഭഛിദ്രത്തിന് നിർബന്ധിച്ചതും, ആദ്യത്തെ ശാരീരിക ബന്ധത്തിന് ശേഷം ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചതും കോടതി എടുത്തുപറഞ്ഞു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ, നിർബന്ധിത ഗർഭഛിദ്രം, നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് നേമം പൊലീസ് റജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 1750/2025 കേസിൽ രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ബിഎൻഎസ് വകുപ്പുകൾ 64(2), 89, 351(3), ഐടി ആക്ട് 66ഇ എന്നിവ പ്രകാരമാണ് കേസ്.
വിവാഹജീവിതം തകർന്ന യുവതിയുമായി സോഷ്യൽ മീഡിയ വഴിയാണ് രാഹുൽ സൗഹൃദത്തിലാകുന്നത്. കുഞ്ഞുണ്ടായാൽ ജീവിതകാലം മുഴുവൻ സംരക്ഷിക്കാമെന്ന വാഗ്ദാനം നൽകിയാണ് അടുപ്പം സ്ഥാപിച്ചത്. ഒരാഴ്ച മാത്രമാണ് ഈ അടുപ്പം നീണ്ടുനിന്നത്. 2025 ജനുവരി 27, 28 തീയതികളിൽ പാലക്കാട്ടെ ഫ്ലാറ്റിലും മാർച്ച് നാലിന് യുവതിയുടെ തൃക്കണ്ണാപുരത്തെ ഫ്ലാറ്റിലും വച്ച് പീഡനം നടന്നു. മാർച്ച് 17ന് ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ പകർത്തി. ഗർഭിണിയാണെന്നറിഞ്ഞിട്ടും ഏപ്രിൽ 22ന് വീണ്ടും ബലാത്സംഗം ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ഗർഭഛിദ്രത്തിന് തയാറാകാതിരുന്നപ്പോൾ താൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചു. തുടർന്ന് മെയ് 30ന് രാഹുലിൻ്റെ നിർദേശപ്രകാരം രണ്ടാം പ്രതി വഴി ഗുളികകൾ എത്തിച്ചു നൽകുകയും വിഡിയോ കോളിലൂടെ മരുന്ന് കഴിക്കുന്നത് ഉറപ്പുവരുത്തുകയും ചെയ്തു.
വൈദ്യപരിശോധനയും തെളിവുകളും
ഡോക്ടറുടെ അനുമതിയില്ലാതെ ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചതിനെത്തുടർന്ന് ശാരീരിക അസ്വസ്ഥതകളുണ്ടായ യുവതി തിരുവനന്തപുരത്തെ എസ്പി ഫോർട്ട് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ കണ്ട് ചികിത്സ തേടിയിരുന്നു. ഇത് സംബന്ധിച്ച രേഖകളും വാട്സാപ് ചാറ്റുകളും വോയിസ് ക്ലിപ്പുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഭീഷണിപ്പെടുത്തി നേടിയ സമ്മതം യഥാർഥ സമ്മതമായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എംഎൽഎ എന്ന നിലയിൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുള്ളതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി വിലയിരുത്തി. യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തുക എന്നത് അന്വേഷണത്തിൽ നിർണായകമാണ്.
മാധ്യമപ്രവർത്തകയായ സുഹൃത്തിന് കൈമാറിയ തെളിവുകൾ തൻ്റെ അനുവാദമില്ലാതെയാണ് പുറത്തുവന്നതെന്ന് യുവതി വ്യക്തമാക്കി. തെറ്റുകൾ തിരുത്തി രാഹുൽ തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും എന്നാൽ വിവരങ്ങൾ പുറത്തായതോടെ കുടുംബാംഗങ്ങൾ ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴാണ് പരാതി നൽകിയതെന്നും യുവതി മൊഴി നൽകി.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും രാഹുലിൻ്റെ അഭിഭാഷകൻ വാദിച്ചു. പരാതിക്കാരിക്ക് മറ്റൊരു വിവാഹബന്ധം നിലവിലുണ്ടെന്നും പരാതി നൽകാൻ കാലതാമസം വരുത്തിയെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ജനുവരി 8ലെ ഫോട്ടോ ഹാജരാക്കി വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്ന് സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും അത് പോസ്റ്റ് ചെയ്ത തീയതി മാത്രമാണെന്ന് കോടതി കണ്ടെത്തി. ഇരയുടെ വൈവാഹിക നില ബലാത്സംഗക്കുറ്റത്തിൽ പ്രസക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.