അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം : ബലാത്സംഗ കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എംഎല്‍എയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്‍റെ നീക്കം. അതേസമയം എസ്‌ഐടിയുടെ കസ്റ്റഡി അപേക്ഷ തിരുവല്ലയിലെ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

എംഎല്‍എയെ ഒരാഴ്‌ച കസ്റ്റഡിയില്‍ വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആവശ്യം. എന്നാല്‍ കേസില്‍ പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാമെന്നാണ് കോടതി പറഞ്ഞത്. രാഹുലിനെ ഇന്ന് കോടതിക്ക് മുന്നില്‍ ഹാജരാക്കണമെന്ന് മജിസ്‌ട്രേറ്റ് ഇന്നലെ നിര്‍ദേശിച്ചു. എംഎല്‍എയുമായി വിവിധ സ്ഥലങ്ങളിലെത്തി അന്വേഷണ സംഘത്തിന് തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് എസ്‌ഐടി ഒരാഴ്‌ചത്തെ സമയം ആവശ്യപ്പെടുന്നത്.സംഭവം നടന്നൂവെന്ന് പറയുന്ന ഹോട്ടലിലെത്തി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാഹുലിനെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ അതിനോട് രാഹുല്‍ പൂര്‍ണമായും സഹകരിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്.

കേസില്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ നിയമ പോരാട്ടം തുടരാനാണ് എംഎല്‍എയുടെ തീരുമാനം. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് ആലോചന.