അതിവേഗ പാത: ഇ ശ്രീധരന്‍ നല്‍കിയ പ്രൊപ്പോസല്‍ കൈവശമുണ്ടെന്നും വിശദമായി പരിശോധിക്കുമെന്നും റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: അതിവേഗ പാതയില്‍ ഇ ശ്രീധരന്‍ നല്‍കിയ പ്രൊപ്പോസല്‍ കൈവശമുണ്ടെന്നും വിശദമായി പരിശോധിക്കുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജ്യസഭയില്‍ പറഞ്ഞു.സര്‍ക്കാരിൻ്റെ പദ്ധതിയാണോ, ഇ ശ്രീധരന്‍ നല്‍കിയ പദ്ധതിയാണോ, കേന്ദ്രത്തിൻ്റെ പദ്ധതിയാണോ മികച്ചതെന്ന് കണ്ടെത്തുമെന്നും മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.
"ഈ ശ്രീധരന്‍ നല്‍കിയ പ്രൊപ്പോസല്‍ കൈയിലുണ്ട്. വിശദമായ പരിശോധനയിലാണ്. അത് കഴിഞ്ഞ് ശ്രീധരനുമായി ഞാന്‍ നേരിട്ട് ചര്‍ച്ചനടത്തും ശേഷം മികച്ചത് കണ്ടെത്തും" ഇ ശ്രീധരൻ്റെ പ്രൊപ്പോസല്‍ പ്രശംസിച്ച് കൊണ്ട് മന്ത്രി പറഞ്ഞു. ജോണ്‍ ബ്രിട്ടാസിന് മറുപടി പറയവെയാണ് കേന്ദ്രമന്ത്രി കാര്യം വ്യക്തമാക്കിയത്.സില്‍വര്‍ലൈനുമായി ബന്ധപ്പെട്ടുള്ള പുരോഗതിയും സര്‍വ്വേയും മറ്റ് കാര്യങ്ങളും വിശദീകരിക്കുന്നതിനിടയിലാണ് ജോണ്‍ ബ്രിട്ടാസ് മന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.
നേമം, ശബരി എന്നിവിടങ്ങളിലെ റെയില്‍വേ പാതയ്‌ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തുമായ വീഴ്‌ചയും മന്ത്രി ചൂണ്ടിക്കാട്ടി. സിപിഎം, കോണ്‍ഗ്രസും തമ്മിലുള്ള സഖ്യത്തെ മന്ത്രി സിസിപി എന്നാണ് സഭയില്‍ വിശേഷിപ്പിച്ചത്. കേന്ദ്രത്തിൻ്റെ ഒരു പദ്ധതിയും കേരളത്തില്‍ നടപ്പാക്കാന്‍ ഈ സംഖ്യം അനുവദിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി നേരിട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടികളുമായി മുന്നോട്ടുപോകുന്നതെന്ന് ഇ. ശ്രീധരൻ
കേരളത്തിൽ അതിവേഗ റെയിൽപ്പാതയ്ക്ക് ഡി.പി.ആർ. (വിശദ പദ്ധതിരേഖ) തയ്യാറാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളത്തിൽ അതിവേഗ റെയിൽ പദ്ധതിക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് നാഷണൽ ഹൈസ്‌പീഡ് റെയിൽ കോർപ്പറേഷൻ പറഞ്ഞത്.
എന്നാൽ നാഷണൽ ഹൈസ്‌പീഡ് റെയിൽ കോർപ്പറേഷൻ എന്നത് ഒരു കമ്പനിയാണെന്നും അവർക്ക് കേരള ഹൈസ്‌പീഡ് റെയിൽവേ ലൈൻ പദ്ധതിയുമായി ബന്ധമില്ലെന്നും ഇ. ശ്രീധരൻ പ്രതികരിച്ചു . "റെയിൽവേ മന്ത്രാലയവും ഡി.എം.ആർ.സി.യും തമ്മിലാണ് കരാറുണ്ടാവുകയെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് വൈകാതെ ഇറങ്ങും. താൻ ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് റെയിൽവേ മന്ത്രാലയത്തിൻ്റെ ഉത്തരവിൻ്റെ ആവശ്യമില്ലെന്നും മന്ത്രി നേരിട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും" ഇ. ശ്രീധരൻ വ്യക്തമാക്കി.