ബാംഗ്ളൂർ എറണാകുളം വന്ദേഭാരത് ഷെഡ്യൂള്‍ പുറത്തുവിട്ട് റെയിൽവേ : കേരളത്തില്‍ മൂന്ന് സ്റ്റോപ്പുകള്‍

 ബാംഗ്ളൂർ എറണാകുളം വന്ദേഭാരത് ഷെഡ്യൂള്‍ പുറത്തുവിട്ട്  റെയിൽവേ : കേരളത്തില്‍ മൂന്ന് സ്റ്റോപ്പുകള്‍

ന്യുഡൽഹി :  ബെംഗളുരുവില്‍ നിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള വന്ദേഭാരത് എക്‌സ്‌പ്രസ് സര്‍വീസിന്‍റെ ഷെഡ്യൂല്‍ റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ചു. ട്രെയിന്‍ സര്‍വീസ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കേരളത്തില്‍ മൂന്ന് സ്റ്റോപ്പുകളാണ് വന്ദേഭാരതിനുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനാണിത്. എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട്, കോയമ്പത്തൂര്‍ വഴി ബംഗളൂരുവിലേക്കാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക. കേന്ദ്രറെയില്‍വേ മന്ത്രി അശ്വനി വൈഷണവാണ് ട്രെയിന്‍ പ്രഖ്യാപിച്ചത്.റെയില്‍വേ ബോര്‍ഡ് ഒക്‌ടോബര്‍ 31ന് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ട്രെയിൻ നമ്പർ 26651 കെഎസ്ആർ ബെംഗളൂരു-എറണാകുളം ജംഗ്ഷൻ വന്ദേ ഭാരത് എക്‌സ്പ്രസ് പുലർച്ചെ 5.10 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളം ജംഗ്ഷനിൽ എത്തും. തിരിച്ച് 26652 എറണാകുളം ജംഗ്ഷൻ-കെഎസ്ആർ ബെംഗളൂരു, ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരുവിൽ എത്തും.എട്ടു മണിക്കൂർ 40 മിനിറ്റുകൊണ്ട് ഓടിയെത്തുന്ന വന്ദേ ഭാരത് ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിൻ ആണ്. ബുധനാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. 

കൃഷ്‌ണരാജപുരം, സേലം, ഈറോഡ്, തിരിപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ ദക്ഷിണ റെയില്‍വേയ്ക്കും ദക്ഷിണ പശ്ചിമ റെയില്‍വേ സോണുകള്‍ക്കും മന്ത്രാലയം നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ ഉദ്ഘാടന ട്രെയിന്‍ പ്രത്യേക സര്‍വീസായി നടത്താവുന്നതാണെന്നും അത് പിന്നീട് അറിയിക്കുമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. സമയം അറിയിച്ചിട്ടില്ലെങ്കിലും നവംബര്‍ പകുതിയോടെ സര്‍വീസ് തുടങ്ങുമെന്നാണ് സൂചന.

തിരുവനന്തപുരം-കാസർഗോഡ്, തിരുവനന്തപുരം-മംഗലാപുരം റൂട്ടുകൾക്ക് ശേഷം കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസാണിത്. ബെംഗുരുവിലേക്കും തിരിച്ച് എറണാകുളത്തേക്കുമുള്ള വന്ദേഭാരത് മലയാളികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു.ജോലി സംബന്ധമായും പഠന ആവശ്യങ്ങള്‍ക്കും മറ്റുമായി ഒട്ടേറെ മലയാളികള്‍ ബെംഗളുരുവില്‍ ഉണ്ട്. അവധി ദിനങ്ങളിലും ഉത്സവസീസണുകളില്‍ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് അത് ഏറെ പ്രയോജനപ്പെടും. മാത്രമല്ല യാത്രാ സമയം ഗണ്യമായി കുറയുമെന്നതും പ്രത്യേകതയാണ്.നിലവിൽ എറണാകുളം മുതല്‍ ബെംഗളൂരു വരെ 13 മണിക്കൂറാണ് യാത്രാസമയം. ഇത് 9 മണിക്കൂറിൽ താഴെയായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം, വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലായിരുന്നു പ്രത്യേക സർവീസുകൾ നടത്തിയിരുന്നത്.