"റമദാൻ: നോമ്പ് മാത്രമല്ല, ആത്മപരിശുദ്ധിയുടെ വിപ്ലവം"

ഇസ്ലാമിക കലണ്ടറിലെ ഒമ്പതാം മാസം — വിശുദ്ധമായ റമദാൻ — മാസപ്പിറവി കണ്ടതനുസരിച്ച് ആരംഭിക്കുന്നു. എന്നാൽ റമദാൻ ഒരു കാലഘട്ടo മാത്രമല്ല; അത് മനുഷ്യൻ്റെ ഉള്ളം പുതുക്കി പണിയാനുള്ള ദൈവിക അവസരമാണ്. വിശപ്പിൻ്റെയും ദാഹത്തിൻ്റെയും നിയന്ത്രണം ശരീരത്തെ ശിക്ഷിക്കാനല്ല, ആത്മാവിനെ ഉയർത്തിക്കൊണ്ടുപോകാനാണ്. ആത്മനിയന്ത്രണത്തിലൂടെ ആത്മപരിശുദ്ധിയിലേക്കുള്ള യാത്രയാണ് റമദാൻ.
റമദാൻ ഉപവാസത്തിൻ്റെ മാസം മാത്രമല്ല; അത് ആത്മപരിശോധനയുടെ, പരിഹാരത്തിൻ്റെ, തിരിച്ചുവരവിൻ്റെ മാസം കൂടിയാണ്. അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾക്ക് ആത്മാർത്ഥമായ തൗബ ചെയ്യാനും, പാപഭാരത്തിൽ നിന്ന് മോചനം നേടാനും, ദൈവസന്നിധിയിൽ പുതുതായി ആരംഭിക്കാനുമുള്ള ക്ഷണമാണ് ഈ മാസം. സമ്പത്തിൽ നിന്ന് 2.5% സക്കാത്ത് നൽകി പാവങ്ങളുടെ അവകാശം കൈമാറുന്നത് കരുണയും സാമൂഹ്യനീതിയും ഉറപ്പാക്കുന്ന നിർബന്ധമാണ്. വിശപ്പിന്റെ വേദന അനുഭവിക്കുമ്പോൾ വിശന്നവരുടെ കണ്ണീരിൻ്റെ അർത്ഥം മനസ്സിലാക്കുക എന്നതാണ് നോമ്പിൻ്റെ യഥാർത്ഥ പാഠം.
ഇത് ഖുർആൻ അവതരിച്ച വിശുദ്ധ മാസം കൂടിയാണ്. അതുകൊണ്ട് ഖുർആൻ പാരായണം, നിസ്കാരം, ദുആ, ദാനധർമ്മങ്ങൾ എന്നിവ റമദാനിന്റെ ആത്മാവായി മാറുന്നു. എന്നാൽ ഒരു ഗൗരവമായ ചോദ്യമുണ്ട്: നാം ഈ മാസത്തിൻ്റെ സന്ദേശം ജീവിതത്തിൽ നടപ്പാക്കുന്നുണ്ടോ?
ഒരു വർഷം മുഴുവൻ:
- • കടം വാങ്ങി തിരികെ കൊടുക്കാതെ വയ്ക്കുക,
- • മറ്റുള്ളവരുടെ ഹഖ് തടഞ്ഞുവെക്കുക,
- • ആളുകളെ പരിഹസിക്കുക, ട്രോളുകൾ ഇറക്കുക,
- • ഹറാമായ മാർഗങ്ങളിൽ സമ്പാദിക്കുക,
- • പലിശ ഇടപാടുകളിൽ ഏർപ്പെടുക,
- • മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കുക,
- • അനാചാരബന്ധങ്ങളിൽ ഏർപ്പെടുക,
- • ജീവിക്കുന്ന രാജ്യത്തോട് ഉത്തരവാദിത്വം പാലിക്കാതിരിക്കുക,
- • അന്യമതസ്ഥരോട് സൗഹൃദവും നീതിയും പുലർത്താതിരിക്കുക,
- • അയൽവാസികളുടെ അവകാശം മാനിക്കാതിരിക്കുക —
ഇവയെല്ലാം തുടരുകയും റമദാൻ വന്നാൽ നോമ്പ് നോക്കുകയും പള്ളിയിൽ പോകുകയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്യുന്നതുകൊണ്ട് മാത്രം പൂർണ്ണമാപ്പ് ലഭിക്കുമോ?
മുഹമ്മദ് (സല്ലല്ലാഹു അലൈഹി വസല്ലം) ഇപ്രകാരം ഉപദേശിച്ചു:
“ആരാണോ അസത്യവാക്കുകളും ദുഷ്പ്രവൃത്തികളും ഉപേക്ഷിക്കാത്തത്, അവൻ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന് ആവശ്യമില്ല.” (സഹീഹ് ബുഖാരി)
മറ്റൊരു ഹദീസിൽ അദ്ദേഹം പറഞ്ഞു:
“അയൽവാസി തന്റെ ദോഷത്തിൽ നിന്ന് സുരക്ഷിതനല്ലെങ്കിൽ, അവൻ പൂർണ്ണ വിശ്വാസിയല്ല.”
ഇതുപോലെ, കടം സംബന്ധിച്ച് നബി (സ) ശക്തമായി മുന്നറിയിപ്പ് നൽകി:
“കടം ആത്മാവിനെ ബന്ധിച്ചിടുന്നു, അത് അടച്ചുതീർക്കുന്നതുവരെ.”
ഇവ നമ്മെ ഓർമ്മിപ്പിക്കുന്നത്, നോമ്പ് വെറും ആചാരമല്ല; അത് സ്വഭാവപരിഷ്കാരമാണ്.അല്ലാഹു അതിയായ കരുണാനിധിയാണ്; ആത്മാർത്ഥമായ തൗബ ഉണ്ടെങ്കിൽ അവൻ പൊറുക്കുന്നവനാണ്. എന്നാൽ തൗബയുടെ നിബന്ധനകൾ വ്യക്തമാണ്: തെറ്റ് ഉടൻ നിർത്തുക, ചെയ്തതിൽ ഖേദം തോന്നുക, വീണ്ടും ആവർത്തിക്കില്ലെന്ന ഉറച്ച തീരുമാനം എടുക്കുക. ഒരേ തെറ്റുകൾ വീണ്ടും ആവർത്തിക്കുമ്പോൾ അത് യഥാർത്ഥ തൗബയല്ല.
പ്രത്യേകിച്ച് മനുഷ്യരോടുള്ള അനീതികൾക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. ഒരാളെ വാക്കുകളാലോ പ്രവൃത്തികളാലോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, പണ ഇടപാടുകളിൽ അവകാശം തടഞ്ഞുവെച്ചിട്ടുണ്ടെങ്കിൽ, കടം തിരികെ കൊടുക്കാതെ താമസിപ്പിച്ചിട്ടുണ്ടെങ്കിൽ — ദൈവത്തോട് മാത്രം മാപ്പ് ചോദിക്കുന്നത് മതിയാകില്ല. ബാധിതനായ വ്യക്തിയോട് മാപ്പ് ചോദിക്കുകയും അവകാശം തിരികെ നൽകുകയും ചെയ്യാതെ പൂർണ്ണമാപ്പ് ലഭ്യമല്ല.
റമദാൻ നമ്മെ പഠിപ്പിക്കുന്നത് ഭക്തിയും നീതിയും കരുണയും സമന്വയിക്കുന്ന ജീവിതമാണ്. നോമ്പ് വയറ്റിനല്ല; അത് ഹൃദയത്തിനാണ്. പള്ളിയിൽ തലകുനിയുന്നത് മാത്രം മതിയല്ല; ജീവിതത്തിൽ സത്യവും നീതിയും നടപ്പാക്കുകയാണ് യഥാർത്ഥ ആരാധന.
ഈ റമദാൻ ഒരു പതിവ് ആചാരമായി മാറാതിരിക്കട്ടെ. അത് നമ്മുടെ സ്വഭാവത്തിൽ സ്ഥിരമായ മാറ്റം സൃഷ്ടിക്കുന്ന ആത്മീയ നവീകരണമായി മാറട്ടെ. പാപങ്ങളിൽ നിന്ന് പിന്മാറി, മനുഷ്യാവകാശങ്ങൾ കാത്തുസൂക്ഷിച്ച്, സ്നേഹവും നീതിയും നിറഞ്ഞ ഒരു സമൂഹം നിർമ്മിക്കാൻ നാം ഒരുമിച്ച് പ്രതിജ്ഞ ചെയ്യാം.ദൈവ തമ്പുരാൻ അനുഗ്രഹിക്കട്ടെ....
തയ്യാറാക്കിയത് :
കെ പീ അബ്ദുൾ ഗഫൂർ '(മഹാ ഗഫൂർ )
പ്രസിഡന്റ് - പുന്നോൽ മഹൽ മുസ്ലിം ജമാത്ത് കമ്മിറ്റി