"ഗുഡ് ബൈ പിണറായി വിജയൻ"; കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് രമേശ് ചെന്നിത്തല

"ഗുഡ് ബൈ പിണറായി വിജയൻ"; കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ച് കേരളം ഇന്ന് പിണറായി വിജയനോട് 'ഗുഡ് ബൈ' പറയുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് മണ്ണാർശാല യുപി സ്കൂളിലെ 54-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ ശക്തമായ തരംഗമാണ് നിലനിൽക്കുന്നതെന്നും നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പത്തു വർഷത്തെ ഇരുണ്ട ഭരണത്തിന് അന്ത്യം

പത്ത് വർഷക്കാലത്തെ ഇരുണ്ട ഭരണത്തിന് അവസാനം കുറിച്ചുകൊണ്ട് കേരളം ഒരു പുതിയ വെളിച്ചത്തിലേക്ക് നടന്നടുക്കുകയാണ്. ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റമാണിത്. അതുകൊണ്ടാണ് 'ഗുഡ് ബൈ പിണറായി വിജയൻ' എന്ന് താൻ പറയുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ശബരിമലയിലെ സ്വർണം കൊള്ളയടിച്ചവർക്കും ജനങ്ങളെ കബളിപ്പിച്ചവർക്കും വോട്ട് നൽകാൻ പ്രബുദ്ധരായ കേരളീയർ തയാറാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിക്കെതിരെ രൂക്ഷവിമർശനം

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല, അവർ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന അധാർമിക നടപടികളെ രൂക്ഷമായി വിമർശിച്ചു. കേരളത്തിൽ മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം വോട്ടർമാർക്ക് പണവും സാരിയും കിറ്റും നൽകി സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നു. ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണ്. തനിക്കെതിരെ മതവികാരം ഇളക്കിവിടാൻ ബിജെപി നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ പ്രചരിപ്പിച്ചു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒരിക്കലും തെരഞ്ഞെടുപ്പ് രംഗത്ത് കാണാത്ത തെറ്റായ പ്രവണതകളാണ് ബിജെപി ഹരിപ്പാട് മണ്ഡലത്തിലും മറ്റ് സ്ഥലങ്ങളിലും അവലംബിച്ചിരിക്കുന്നത്. ഇതൊന്നും ഒരിക്കലും അംഗീകരിച്ചു കൊടുക്കാന്‍ കഴിയുന്ന കാര്യമല്ല.

സിപിഎം - ബിജെപി കൂട്ടുകെട്ട്

ഹരിപ്പാട് മണ്ഡലത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. മുൻപ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സിപിഎം വോട്ടുകൾ ചോർന്നതുകൊണ്ടാണ് ബിജെപിക്ക് രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞത്. യുഡിഎഫ് വോട്ടുകള്‍ എക്കാലവും യുഡിഎഫിന് തന്നെ കിട്ടും. അതിന് ഒരു മാറ്റവുമില്ല. ബിജെപിയുമായുള്ള കൂട്ടുകെട്ട് സിപിഐഎം അവസാനിപ്പിക്കണം എന്നാണ് അവരോട് പറയാനുള്ളത്. സിപിഎം ജില്ലാ സെക്രട്ടറി സ്വന്തം പാളയത്തിലെ പടയെക്കുറിച്ച് ചിന്തിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.

ആലപ്പുഴയിൽ യുഡിഎഫ് മുന്നേറ്റം

ആലപ്പുഴ ജില്ലയിലെ ഒൻപത് സീറ്റുകളിലും യുഡിഎഫ് വൻ മുന്നേറ്റമാണ് നടത്തുന്നത്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഒന്നിനൊന്ന് മെച്ചപ്പെട്ട നിലയിലാണ് യുഡിഎഫ് സ്ഥാനാർഥികളെന്നും ചെന്നിത്തല പറഞ്ഞു.കേരളം മാറ്റത്തിന് തയാറെടുത്തു കഴിഞ്ഞു. പോളിങ് ബൂത്തുകളിലെ നീണ്ട ക്യൂ ഭരണമാറ്റത്തിൻ്റെ ശക്തമായ സൂചനയാണ്. ജനങ്ങൾ യുഡിഎഫിനൊപ്പമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.