റാമോജി റാവുവിൻ്റെ സ്മരണാർഥം പ്രഥമ ദേശീയ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

ഹൈദരാബാദ്: റാമോജി ഗ്രൂപ്പ് സ്ഥാപകൻ റാമോജി റാവുവിൻ്റെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ 'റാമോജി എക്‌സലൻസ്' ദേശീയ പുരസ്‌കാരങ്ങൾ റാമോജി ഫിലിം സിറ്റിയിൽ (ആർഎഫ്‌സി) നടന്ന ചടങ്ങിൽ സമ്മാനിച്ചു. സമൂഹത്തിന് മഹത്തായ സംഭാവനകൾ നൽകുകയും അറിവ് വർധിപ്പിച്ച് രാജ്യത്തിന് പ്രചോദനമാവുകയും ചെയ്ത ഏഴ് വിശിഷ്ട വ്യക്തിത്വങ്ങളാണ് 2025ലെ ഈ പുരസ്‌കാരങ്ങൾക്ക് അർഹരായത്. രാജ്യത്തിൻ്റെ ധാർമികവും സാംസ്‌കാരികവുമായ ഘടനയെ ശക്തിപ്പെടുത്തുന്ന അസാധാരണ വ്യക്തികളെ ആദരിക്കുന്ന ഈ പാരമ്പര്യത്തിൻ്റെ ശക്തമായ തുടക്കമായിരുന്നു റാമോജി എക്‌സലൻസ് അവാർഡ്‌സ് 2025ൻ്റെ ചടങ്ങ്.
ഉപരാഷ്ട്രപതിയും മുൻ ഉപരാഷ്ട്രപതിയും ചടങ്ങിൽ
ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനാണ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത് ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി, മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എൻവി രമണ, കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡു, കേന്ദ്ര ഖനി മന്ത്രി ജി കിഷൻ റെഡ്ഡി എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ സന്നിഹിതരായിരുന്നു. പരിപാടികളുടെ തുടക്കം വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു. തുടർന്ന്, ഇന്ത്യയുടെ വൈവിധ്യം വിളിച്ചോതുന്നതും റാമോജി റാവുവിനുള്ള ആദരവ് അർപ്പിക്കുന്നതുമായ കലാപരിപാടികൾ വിദ്യാർഥികളും കലാകാരന്മാരും ചേർന്ന് അവതരിപ്പിച്ചു.
'മാതൃഭാഷയെ സംരക്ഷിക്കണം'
അന്തരിച്ച റാമോജി റാവുവിന് നൽകാനുള്ള ഏറ്റവും വലിയ ആദരാഞ്ജലി മാതൃഭാഷയെ സംരക്ഷിക്കുക എന്നതാണ് എന്ന് മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. റാമോജി റാവു പത്രപ്രവർത്തന രംഗത്തെ രാജർഷി ആയിരുന്നു. സ്വയംപ്രയത്‌നം, അച്ചടക്കം, ആത്മാർഥത എന്നിവയായിരുന്നു അദ്ദേഹത്തിൻ്റെ ശക്തി. അടുത്തിടെ പൊതുജീവിതത്തിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തിയില്ലെന്നും, റാമോജി റാവു ഇല്ലാത്ത സ്ഥാപനങ്ങളെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനഹിതമാണ് ജേണലിസം എന്ന് റാമോജി റാവു വിശ്വസിച്ചു. ഇന്ന് ചിലർ 'ഏർണലിസം' (സമ്പാദനം) ആണ് ജേണലിസം എന്ന് കരുതുന്ന പ്രവണതയുണ്ട്. റാമോജി റാവു ധർമയുദ്ധത്തിന് വേണ്ടി പത്രത്തെ ഉപയോഗിച്ചു. ഈനാട് പത്രം തെലുങ്ക് മാധ്യമ ചരിത്രത്തിൽ ഒരു പുതിയ വഴിത്തിരിവ് സൃഷ്ടിച്ചു. ഏത് പ്രതിസന്ധികളെയും അദ്ദേഹം ധൈര്യത്തോടെ നേരിട്ടു. റാംനാഥ് ഗോയങ്കയുടെ നിലവാരത്തിൽ അദ്ദേഹം നിലകൊണ്ടു. പ്രാദേശിക ഭാഷാ പ്രക്ഷേപണത്തിൽ ഇടിവി ഒരു വിപ്ലവം സൃഷ്ടിച്ചു.
റാമോജി റാവുവിൻ്റെ ജീവിതം യുവതലമുറയ്ക്ക് വലിയ പ്രചോദനമാണ്. പല മേഖലകളിലെയും അദ്ദേഹത്തിൻ്റെ സംഭാവനകൾ അവിസ്മരണീയമാണ്. തെലുങ്കിൻ്റെ പ്രശസ്തി ലോകമെമ്പാടും വ്യാപിപ്പിച്ച ചൈതന്യ ദീപമാണ് അദ്ദേഹം. "നിങ്ങൾ ആരുടെ പക്ഷത്താണ്?" എന്ന് ചോദിച്ചാൽ, "ഞാൻ ജനങ്ങളുടെ പക്ഷത്താണ്" എന്നായിരുന്നു റാമോജി റാവുവിൻ്റെ മറുപടി. തെലുങ്ക് സർഗ്ഗാത്മകതയെ റാമോജി ഫിലിം സിറ്റി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി.
അദ്ദേഹവുമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും റാമോജി റാവു ഒരു സഞ്ചരിക്കുന്ന നിഘണ്ടുവായിരുന്നു എന്നും വെങ്കയ്യ നായിഡു ഓർമിച്ചു. രാഷ്ട്രീയ യാത്രയിൽ റാമോജിയുടെ ഉപദേശങ്ങൾ ഏറെ പ്രയോജനപ്പെട്ടു. ജനാധിപത്യ സംരക്ഷണത്തിനായി അദ്ദേഹം ജനങ്ങളിൽ ബോധവത്‌കരണം നടത്തി, അവസാന ശ്വാസം വരെ ജനങ്ങൾക്കായി പ്രവർത്തിച്ചു.
പത്രപ്രവർത്തനത്തിൽ സമീപകാലത്ത് തെറ്റായ പ്രവണതകൾ വർധിക്കുന്നുണ്ട്. തെറ്റായ തലക്കെട്ടുകൾ നൽകി ചിലർ ജനങ്ങളെ വഴിതെറ്റിക്കുന്നു. റാമോജി റാവു നൽകിയ അച്ചടക്കവും ഉത്തരവാദിത്തബോധവും പിന്തുടർച്ചക്കാർ നിലനിർത്തണം എന്നും വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഭരണം തെലുങ്കിൽ ആകണമെന്ന് ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരോട് അദ്ദേഹം അഭ്യർഥിച്ചു. എല്ലാ ഉത്തരവുകളും തെലുങ്കിൽ പുറത്തിറക്കാൻ മുഖ്യമന്ത്രിമാർ മുൻകൈയെടുക്കണം. "ഭാഷ പോയാൽ നമ്മുടെ ശ്വാസം പോയതുപോലെ", "തെലുങ്ക് പോയാൽ നമ്മുടെ വെളിച്ചം പോയതുപോലെ" എന്ന് പറഞ്ഞ് അദ്ദേഹം വികാരഭരിതനാവുകയും ചെയ്തു.
പുരസ്‌കാര ജേതാക്കൾ
വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഏഴ് പേർക്കാണ് റാമോജി എക്‌സലൻസ് അവാർഡ്‌സ് 2025 ലഭിച്ചത്.
ജേണലിസത്തിലെ മികവ്: ജയദീപ് ഹാർദിക്കർ. ഇന്ത്യയിലെ ഗ്രാമീണ യാഥാർഥ്യങ്ങൾ റിപ്പോർട്ട് ചെയ്യുകയും പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറുകയും ചെയ്തതിന്.
യൂത്ത് ഐക്കൺ പുരസ്‌കാരം: ബൊല്ലാൻ്റ് ഇൻഡസ്ട്രീസിൻ്റെ സ്ഥാപകൻ ശ്രീകാന്ത് ബൊല്ല. ഭിന്നശേഷിക്കാരെ ശാക്തീകരിച്ചുകൊണ്ട് സുസ്ഥിര നിർമാണ മേഖലയെ മുന്നോട്ട് നയിച്ചതിന്.
കലയിലും സംസ്കാരത്തിലുമുള്ള മികവ്: പ്രൊഫ. സതൂപതി പ്രസന്ന ശ്രീ. 19 ആദിവാസി ഭാഷകൾക്കായി ലിപികൾ സൃഷ്ടിച്ച്, ഇന്ത്യയുടെ തദ്ദേശീയ സാഹിത്യ പൈതൃകം സംരക്ഷിക്കുന്നതിൽ വിപ്ലവം സൃഷ്ടിച്ചതിന്.
ഗ്രാമവികസനത്തിലെ മികവ്: 'ജല മാതാവ്' എന്നറിയപ്പെടുന്ന അംല അശോക് റൂയിയ. മഴവെള്ള സംഭരണത്തിലൂടെ വരൾച്ചാ ബാധിത ഗ്രാമങ്ങളിൽ ഉപജീവനമാർഗവും പ്രതീക്ഷയും പുനഃസ്ഥാപിച്ചതിന്.
മനുഷ്യസേവനത്തിലെ മികവ്: "പെഹ്ചാൻ – ദി സ്ട്രീറ്റ് സ്കൂളിൻ്റെ" സ്ഥാപകൻ ആകാശ് ടണ്ടൻ. ഡൽഹി-എൻസിആറിലെ ആയിരക്കണക്കിന് നിർധന കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ ശ്രദ്ധേയനായതിന്.
വനിത അച്ചീവർ പുരസ്‌കാരം: പല്ലബി ഘോഷ്. മനുഷ്യക്കടത്തിനെതിരെ പോരാടി 10,000ത്തിലധികം സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്തുകയും 75,000ത്തിലധികം പേരെ സ്വാധീനിക്കുകയും ചെയ്ത ധീരവനിത.
സയൻസ് & ടെക്നോളജിയിലെ മികവ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ബംഗളൂരുവിലെ ജിയോടെക്നിക്കൽ എൻജിനീയറായ പ്രൊഫ. മാധവി ലത ഗാലി. ചിനാബ് റെയിൽവേ പാലം ഉൾപ്പെടെയുള്ള പ്രധാന ദേശീയ പദ്ധതികൾക്ക് സംഭാവന നൽകിയതിന്. വിശിഷ്ട വ്യക്തികളെ ആദരിച്ച റാമോജി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കിരൺ, റാമോജി റാവുവിൻ്റെ ചെറുമകൾ ദിവിജ ചെറുകുരി നന്ദി പ്രകാശിപ്പിച്ചു.