ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തില്‍ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ, തെളിവെടുപ്പ് ഉടന്‍

പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാക്കിയ രാഹുലിനെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ പരിഗണിച്ചാണ് നടപടി. ബലാത്സംഗം നടന്നുവെന്ന് അതിജീവിത മൊഴി നൽകിയ തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനായി അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘം ആവശ്യപ്പെട്ടതെങ്കിലും കോടതി മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. 15ന് വൈകിട്ട് രാഹുലിനെ കോടതിയില്‍ തിരികെ ഹാജരാക്കാണ് ഉത്തരവ്.
രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിച്ച ശേഷം രാഹുലുമായുള്ള തെളിവെടുപ്പ് എസ്ഐടി ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്്. യുവതിക്കെതിരായ അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ രാഹുൽ മൊബൈൽ ഫോണിൽ പകർത്തിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ കണ്ടെടുക്കേണ്ടതുണ്ടെന്നും അതിനാൽ കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, കേസുമായി രാഹുലിന് ബന്ധമില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം കോടതി തള്ളി. കൂടാതെ, അറസ്റ്റ് നിയമവിരുദ്ധമാണെന്നും രാഹുലിന്‍റെ അഭിഭാഷകന്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശദമായ റിപ്പോർട്ട് ലഭിക്കാതെ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍, വരുന്ന 16ന് രാഹുലിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.
മൂന്ന് ദിവസത്തെ കസ്റ്റഡി കാലയളവിൽ തിരുവല്ലയിലെ ഹോട്ടലിലും രാഹുലിന്‍റെ വീട്ടിലും എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
രാഹുലിനായി പള്ളിയിലും ക്ഷേത്രത്തിലും വഴിപാടുകൾ നടത്തി യൂത്ത് കോണ്‍ഗ്രസ്സ് നേതാവ്
രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി ക്ഷേത്രത്തിലും പള്ളിയിലും വഴിപാടുകളും പൂജയും നടത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്. ഇതിന്‍റെ രസീതുകളും പുറത്തുവന്നു. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി റിജോ ജോര്‍ജാണ് രാഹുലിനായി വഴിപാടുകളും പൂജയും നടത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍, അശ്വതി നക്ഷത്രം എന്ന പേരില്‍ തിങ്കളാഴ്ച രാവിലെ വള്ളംകുളം നന്നൂര്‍ ദേവി ക്ഷേത്രത്തിൽ ഭാഗ്യസൂക്ത അര്‍ച്ചനയും ശത്രുസംഹാര പൂജയും നടത്തി. പുതുപ്പള്ളി ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ രാഹുലിന്നായി മൂന്നിന്‍മേല്‍ കുര്‍ബാനയ്ക്കുള്ള കുര്‍ബാനപ്പണവും നൽകി.മൂന്നാമത്തെ പീഡന പരാതിയില്‍ വെളുപ്പിനെ കസ്റ്റഡിയിലെടുത്ത രാഹുല്‍ മാങ്കൂട്ടം നിലവിൽ മാവേലിക്കര സ്‌പെഷ്യന്‍ സബ് ജയിലിലാണ്.