നെടുമ്പാശേരിയിൽ പിടികൂടിയ അപൂർവ ഇനം പക്ഷികളെ തായ്‌ലൻഡിലേക്ക് തിരിച്ചയച്ചു; മർവാൻ റിമാൻഡിൽ

നെടുമ്പാശേരിയിൽ പിടികൂടിയ അപൂർവ ഇനം പക്ഷികളെ തായ്‌ലൻഡിലേക്ക് തിരിച്ചയച്ചു; മർവാൻ റിമാൻഡിൽ

എറണാകുളം: തായ്‌ലൻഡിൽനിന്ന് വിമാനമാർഗം അപൂർവയിനം പക്ഷികളെ കടത്തിയ കേസിൽ പിടിയിലായ മലപ്പുറം സ്വദേശി മർവാനെ പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച പക്ഷികളെ കോടതിയുടെ അനുമതിയോടെ തായ്‌ലൻഡിലേക്ക് തിരിച്ചയച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽവച്ചാണ് ഏജൻ്റ് പക്ഷികളെ കൈമാറിയതെന്ന് മർവാൻ മൊഴി നൽകി. കൊച്ചി വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്ന സംഘം കാരിയറായ മർവാന്റെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ് പക്ഷികളെ ഏറ്റുവാങ്ങുമെന്നായിരുന്നു ഏജൻ്റ് അറിയിച്ചിരുന്നത്. ആർക്കുവേണ്ടിയാണ് പക്ഷികളെ എത്തിച്ചതെന്ന് പ്രതിക്കുപോലും അറിയാത്ത രീതിയിൽ ആസൂത്രിതമായിരുന്നു ഈ കള്ളക്കടത്ത്. പക്ഷിക്കടത്ത് നിയമവിരുദ്ധമാണെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര ഗുരുതരമായ കുറ്റകൃത്യമാണെന്ന് അറിയില്ലെന്നാണ് മർവാൻ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

കോടതിയുടെ പ്രത്യേക അനുമതിയോടെ പക്ഷികളെ ഇന്നലെത്തന്നെ തായ്‌ലൻഡ് വിമാനത്തിൽ കയറ്റി അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ ലുദീശ് വ്യക്തമാക്കി. യാത്രയ്ക്കാവശ്യമായ ഭക്ഷണവും മറ്റും വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ തായ്‌ലൻഡ് അധികൃതരുമായി ബന്ധപ്പെട്ടാണ് കൈമാറ്റ നടപടികൾ പൂർത്തിയാക്കിയത്.

വാഗ്ദാനം പണവും വിനോദയാത്രയും:

കാരിയർമാർക്ക് പ്രതിഫലമായി പണവും ഫാമിലി ടൂർ പാക്കേജും വാഗ്ദാനം ചെയ്താണ് സംഘം തായ്‌ലൻഡിൽനിന്നും വിമാനമാർഗം പക്ഷികളെ കടത്തുന്നത്. കോടികൾ വിലമതിക്കുന്ന അപൂർവയിനം പക്ഷികളുമായി മർവാൻ പിടിയിലായതോടെയാണ് ഇതിനുപിന്നിലെ വിവരങ്ങൾ വനംവകുപ്പിന് ലഭിച്ചത്. പക്ഷിക്കടത്ത് സംഭവത്തിൽ ദമ്പതിമാർ പിടിയിലാകുന്നതിൻ്റെ പിന്നിലെ രഹസ്യവും ഇതോടെ വ്യക്തമായി. രാജ്യത്തെയും വിദേശത്തെയും ഏജൻ്റുമാർ തായ്‌ലൻഡ്, മലേഷ്യ ടൂറും ചെലവിനുള്ള പണവുമാണ് നൽകുന്നത്. പിടിക്കപ്പെടാൻ സാധ്യതയില്ലെന്നും അഥവാ പിടിക്കപ്പെട്ടാൽ പിഴയടച്ച് പുറത്തിറക്കാമെന്നുമാണ് കാരിയർമാർക്ക് നൽകുന്ന ഉറപ്പ്. എന്നാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നു മുതൽ ഏഴുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.പിടിയിലായ മർവാന് തായ്‌ലൻഡ്, മലേഷ്യ ഫാമിലി ടൂർ പാക്കേജും തായ്‌ലൻഡിൻ്റെ കറൻസിയായ 12000 ബാറ്റുമാണ് കടത്തുസംഘം വാഗ്ദാനം ചെയ്തിരുന്നത്. കാരിയർമാർക്ക് വ്യാജ പേരും മേൽവിലാസവുമാണ് കടത്തുസംഘം നൽകുന്നത്. അതിനാൽ കാരിയർമാർ പിടിക്കപ്പെട്ടാലും യഥാർഥ പ്രതികളിലേക്ക് അന്വേഷണം എത്താൻ പ്രയാസമാണ്.

പിടികൂടിയത് 11 പക്ഷികളെ

വംശനാശഭീഷണി നേരിടുന്ന രണ്ട് വിഭാഗത്തിലുള്ള വിദേശയിനം പക്ഷികൾ ഉൾപ്പെടെ മൂന്നിനത്തിൽപ്പെട്ട 11 പക്ഷികളെയാണ് കസ്റ്റംസ് പിടികൂടിയത്. ആറ് വിസായൻ വേഴാമ്പൽ, മൂന്ന് ലുട്ടിനോ സൺ ചെക്ക് കോണ്യൂർ, രണ്ട് ഐറിസ് ലോറികീറ്റ് എന്നിവയാണ് വനംവകുപ്പിന് കൈമാറിയ ശേഷം തിരിച്ചയച്ചത്. തായ്‌ലൻഡിൽനിന്നും ക്വാലാലംപൂർ വഴി കൊച്ചിയിലെത്തിയ മർവാൻ്റെ ലഗേജിൽ സംശയം തോന്നി കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പ്രത്യേകം തയാറാക്കിയ പെട്ടികളിൽ ഒളിപ്പിച്ച നിലയിൽ ജീവനുള്ള പക്ഷികളെ കണ്ടെത്തിയത്.

വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യജാലങ്ങളുടെയും രാജ്യാന്തര വ്യാപാരം സംബന്ധിച്ച കൺവെൻഷൻ (സിഐടിഇഎസ്) പ്രകാരം ഇത്തരം പക്ഷികളെ ഇവയുടെ സ്വദേശങ്ങളിൽനിന്ന് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകാൻ പാടില്ല. സിഐടിഇഎസ് വ്യവസ്ഥകൾ അനുസരിച്ച്, മറ്റു രാജ്യങ്ങളിൽനിന്ന് പിടികൂടുന്ന ജീവനുള്ള പക്ഷികളെ മാതൃരാജ്യത്തേക്ക് തന്നെ നാടുകടത്തണം. ഇതനുസരിച്ചാണ് വനംവകുപ്പ് പക്ഷികളെ ജന്മനാട്ടിലേക്ക് വിമാനമാർഗം കയറ്റി അയച്ചത്.നേരത്തെയും സമാനമായ രീതിയിൽ തായ്‌ലൻഡിൽനിന്നും പക്ഷികളെയും മൃഗങ്ങളെയും കടത്തിക്കൊണ്ടുവന്ന യാത്രക്കാരെ കൊച്ചിയിൽവച്ച് കസ്റ്റംസ് പിടികൂടിയിരുന്നു. തായ്‌ലൻഡിൽനിന്നും അപൂർവയിനം പക്ഷികളെ കടത്തുന്ന ചില സംഘങ്ങൾ സജീവമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 75,000 രൂപ പ്രതിഫലത്തിന് തായ്‌ലൻഡിൽനിന്നും അപൂർവയിനം പക്ഷികളെ എത്തിച്ച തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവർ കഴിഞ്ഞ ഡിസംബറിൽ പിടിയിലായിരുന്നു. ഇവരിൽനിന്നും പിടികൂടിയ പക്ഷികളെയും തായ്‌ലൻഡിലേക്ക് തിരിച്ചയച്ചു. കൂടാതെ ജൂൺ മാസത്തിൽ തായ്‌ലൻഡിൽനിന്നുമെത്തിയ യാത്രക്കാരനിൽനിന്ന് പോക്കറ്റ് മങ്കിയെ പിടികൂടി തിരിച്ചയച്ചിരുന്നു.