റസൂൽ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ; കുക്കു പരമേശ്വരൻ വൈസ് ചെയർപേഴ്‌സൺ

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിക്ക് സർക്കാർ പുതിയ ഭരണസമിതിയെ നിയമിച്ചു. ഓസ്‌കർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടിയെയാണ് അക്കാദമിയുടെ പുതിയ ചെയർമാനായി നിയമിച്ചത്. നടിയും ചലച്ചിത്ര പ്രവർത്തകയുമായ കുക്കു പരമേശ്വരൻ വൈസ് ചെയർപേഴ്സൺ ആകും.നിലവിലെ സെക്രട്ടറി സി. അജോയ് സ്ഥാനത്ത് തുടരും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ്, കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ സർക്കാർ അക്കാദമി പുനഃസംഘടിപ്പിച്ചത്.
സംവിധായകനും നടനുമായ രഞ്ജിത്ത് ഹേമകമ്മിറ്റി റിപ്പോർട്ട് വിവാദത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞശേഷം, വൈസ് ചെയർമാനായിരുന്ന നടൻ പ്രേംകുമാറായിരുന്നു ആക്ടിങ് ചെയർമാനായി തുടർന്നിരുന്നത്.26 അംഗങ്ങളുള്ള പുതിയ ജനറൽ കൗൺസിലിൽ സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, ബി. രാകേഷ്, സുധീർ കരമന, റെജി എം. ദാമോദരൻ, സിത്താര കൃഷ്ണകുമാർ, മിൻഹാജ് മേഡർ, സോഹൻ സീനുലാൽ, ജി.എസ്. വിജയൻ, ശ്യാം പുഷ്‌കരൻ, അമൽ നീരദ്, സാജു നവോദയ, എൻ. അരുൺ, പൂജപ്പുര രാധാകൃഷ്ണൻ, യൂ. ശ്രീഗണേഷ് എന്നിവരടങ്ങുന്നവരുമുണ്ട്.ഷാജി എൻ. കരുണിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ചെയർമാൻ സ്ഥാനത്തേക്ക് അടുത്തിടെ സംവിധായകൻ കെ. മധുവിനെയും സർക്കാർ നിയമിച്ചിരുന്നു.അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കേരളപ്പിറവി ദിനമായ നാളത്തെക്ക് (നവംബർ 1) നിശ്ചയിച്ചിരുന്നത് സർക്കാർ മാറ്റിവെച്ചു. തിങ്കളാഴ്ച തൃശ്ശൂരിൽ വെച്ച് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുമെന്നാണ് സാംസ്കാരിക വകുപ്പ് നൽകുന്ന പുതിയ അറിയിപ്പ്. നേരത്തെ തിരുവനന്തപുരത്ത് വെച്ചായിരുന്നു പ്രഖ്യാപനം നടത്താൻ തീരുമാനിച്ചിരുന്നത്. മികച്ച നടനുള്ള പുരസ്കാരത്തിന് മമ്മൂട്ടിയും ആസിഫ് അലിയും വിജയരാഘവനുംഅവസാന റൗണ്ടിൽ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ പ്രഭയുടെ വേഷമിട്ട കനി കുസൃതി, അനുവിനെ അവതരിപ്പിച്ച ദിവ്യ പ്രഭ, രേഖാചിത്രത്തിലെ പ്രകടനത്തിന് അനശ്വര രാജന്‍ എന്നിവരാണ് മികച്ച നടിക്കുള്ള മത്സരത്തില്‍ മുന്‍പന്തിയിലുണ്ട്.കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്ത് അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം വിപുലമായി സംഘടിപ്പിക്കുന്നതിനാൽ, അതേ ദിവസം ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നടത്തിയാൽ ശ്രദ്ധിക്കപ്പെടാതെ പോകുമോ എന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയത്. കൂടാതെ, ജൂറി ചെയർമാൻ നാളത്തെ പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ അസൗകര്യം അറിയിച്ചതായും സൂചനയുണ്ട്.