നിർഭയത്വത്തിന് അംഗീകാരം: പഹല്‍ഗാമില്‍ തീവ്രവാദിആക്രമണത്തിലെ രക്തസാക്ഷിക്ക് റിപ്പബ്ലിക് ദിനത്തിൽ ജമ്മുകാശ്മീർ സർക്കാറിൻ്റെ ആദരവ്

ശ്രീനഗർ :2025 ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ വിനോദസഞ്ചാരികൾക്ക് നേരെ പാക് ഭീകരർ നടത്തിയ വെടിവയ്പ്പിനിടെ അവരെ രക്ഷിക്കാൻ ധീരമായി പോരാടുന്നതിനിടയിൽ കൊല്ലപ്പെട്ട ഹപ്‌തനാർ ഗ്രാമവാസി ആദിൽ ഹുസൈൻ ഷായ്ക്ക് കാശ്‌മീർ സർക്കാറിൻ്റെ ആദരവ് . ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തപ്പോൾ, ആദിൽ ഹുസൈൻ ഭയന്നോടുന്നതിന് പകരം അവരെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു .ഇതിനിടെ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചു .
ഇന്ന് വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്‌ചവച്ച 56 വ്യക്തികളെ ജമ്മു കശ്‌മീരിൽ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചപ്പോള്‍ ആദിലിന് ധീരതയ്ക്കുള്ള മരണാനന്തര ബഹുമതിയായി ശൗര്യ പുരസ്‌കാര (Award for Bravery)മാണ് സംസ്‌ഥാന സർക്കാർ നൽകിയത്. ഗ്രാമവാസിയായ ആദിൽ ഹുസൈൻ ഷാ പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ കുതിരസവാരി നടത്തി വിനോദസഞ്ചാരികളെ സഹായിക്കുന്ന ഗൈഡായി ജോലി ചെയ്‌തുവരികയായിരുന്നു. കുടുംബത്തിൻ്റെ ഏക വരുമാന മാർഗമായിരുന്നു 28-കാരനായ ഈ യുവാവ്.ആദിലിൻ്റെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകുകയും അദ്ദേഹത്തിൻ്റെ ഭാര്യ ഗുൽനാസ് അക്തറിന് സർക്കാർ ജോലി നൽകുകയും ചെയ്‌തിട്ടുണ്ട്. കശ്‌മീരിൻ്റെ അതിഥി സൽക്കാര മനോഭാവത്തിന്റെയും മാനവികതയുടെയും പ്രതീകമായാണ് ആദിൽ ഹുസൈൻ ഷാ ഇന്ന് അറിയപ്പെടുന്നത്.