കൊടുങ്ങല്ലൂർ കാവുതീണ്ടലിനിടെ ഭക്തനെ പോലീസ് മർദിക്കുന്ന റീൽസ് വ്യാജം; കേസെടുത്ത് പോലീസ്

തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവ് മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ഭക്തനെ പോലീസ് മർദിക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം. ഒരു ഡോക്യുമെന്ററിക്കായി ചിത്രീകരിച്ച രംഗങ്ങളാണ് പോലീസ് മർദനം എന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കപ്പെട്ടതെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് അറിയിച്ചു. സംഭവത്തിൽ എറണാകുളം പച്ചാളം സ്വദേശി സജിൻ ബാബുവിനെതിരെ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തു.
കോടതി ഉത്തരവ് നിലനിൽക്കെ, ദേവസ്വത്തിന്റെ അനുമതിയില്ലാതെ ആചാരങ്ങളെ ഹനിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് ദേവസ്വം മാനേജരുടെ പരാതിയിൽ കേസെടുത്തു.സാമൂഹിക സ്പർദ്ധ വളർത്താൻ ശ്രമം: പോലീസ് വേഷധാരിയും കോമരവും തമ്മിലുള്ള സംഘർഷം യഥാർത്ഥമാണെന്ന രീതിയിൽ 'റീൽസ്' വഴി പ്രചരിപ്പിച്ച് വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചതിന് മറ്റൊരു കേസം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിലവിൽ നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, ഇത്തരം വ്യാജ ദൃശ്യങ്ങൾ പങ്കുവെക്കുന്നവർക്കും ഷെയർ ചെയ്യുന്നവർക്കുമെതിരെ കർശനമായ സൈബർ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.