വിവാഹ ചടങ്ങിൽ രസഗുള തീർന്നു :പിന്നാലെ വധു - വരന്മാരുടെ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്

പട്‌ന: വിവാഹ ചടങ്ങിൽ രസഗുള ( മധുരപലഹാരം) തീർന്നതിന് വിവാഹത്തിനെത്തിയവര്‍ തമ്മില്‍ തല്ലി. തുടർന്ന് വിവാഹം ഉപേക്ഷിച്ചു. ബിഹാറിലെ ഗയയിലാണ് സംഭവം. ഭക്ഷണം വിളമ്പുന്ന സദ്യശാലയിൽ വരൻ്റെയും വധുവിൻ്റെയും ബന്ധുക്കൾ തമ്മിൽ വലിയ സംഘർഷം ഉണ്ടാകുകയും പിന്നീട് ഇരുകൂട്ടരും വിവാഹം വേണ്ടന്ന് വയ്‌ക്കുകയും ചെയ്‌തു.വിവാഹത്തിൻ്റെ എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരുന്നു. താലിചാർത്തൽ കർമത്തിന് തൊട്ടുമുൻപാണ് വിവാഹം മുടങ്ങിയത്. വിവാഹ ചടങ്ങിൽ വധു, വരന്മാർ പരസ്‌പരം വരണമാല്യം ചാർത്തി. ഇതിനു ശേഷം ബന്ധുക്കളും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് രസഗുളകൾ തീർന്നത്. ഭക്ഷണത്തോടൊപ്പം രസഗുള കിട്ടാതായതോടെ ആളുകൾ രോഷാകുലരായി.വാക്ക് തർക്കവും തുടർന്ന് കസേരകളും പ്ലേറ്റുകളും ഗ്ലാസുകളും എറിയാനും തകർക്കാനും തുടങ്ങി. വധുവിൻ്റെയും വരൻ്റെയും ആളുകൾ തമ്മിൽ കയ്യാങ്കളിയാകുകയും വലിയ രീതിയില്‍ ആക്രമണം ഉണ്ടാകുകയും ചെയ്‌തു. ഒടുവിൽ വിവാഹം ഉപേക്ഷിക്കാൻ തന്നെ ഇരുകൂട്ടരും തീരുമാനിച്ചു.ഹാത്തിയവാൻ ഗ്രാമത്തിൽ താമസിക്കുന്ന മഹേന്ദ്ര പ്രസാദിൻ്റെ മകൻ പവൻ കുമാർ, അട്ടാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സുരേഷ് പ്രസാദിൻ്റെ മകൾ കവിതാ കുമാരിയെ ആണ് വിവാഹം കഴിക്കാനിരുന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇരുകൂട്ടരും തമ്മിൽ വഴക്കിടുന്നതും കസേരകൾ തകർക്കുന്നതും പരസ്‌പരം ആക്രമിക്കുന്നതും സാധനങ്ങൾ ചിതറി കിടക്കുന്നതും ഇതിൽ കാണാം. സംഘര്‍ഷത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു.എന്നാൽ വിവാഹം ഉപേക്ഷിക്കാൻ കാരണം രസഗുള തീർന്നു പോയതല്ലെന്നും വരൻ്റെ വീട്ടുകാർ സ്ത്രീധനം ചോദിച്ചതാണ് കാരണമെന്നും വധുവിൻ്റെ പിതാവ് പ്രസാദ് പറഞ്ഞു. "എൻ്റെ മകളുടെ വിവാഹം ബോധ് ഗയയിലെ ഹാത്തിയവാൻ സ്വദേശി പവൻ കുമാറുമായാണ് നടക്കാനിരുന്നത്. വരൻ്റെ സംഘം ബക്രോറിലെ ഹോട്ടലിൽ എത്തി. വിവാഹ ചടങ്ങുകൾ തുടങ്ങി. ആ സമയം വരൻ്റെ വീട്ടുകാർ രണ്ട് ലക്ഷം രൂപ കൂടി സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങി. അത് ഞങ്ങൾ വിസമ്മതിച്ചു. തുടർന്ന്, വരൻ്റെ പക്ഷം വഴക്കുണ്ടാക്കി. അതിൽ ഞങ്ങളുടെ പക്ഷത്തുള്ള നിരവധി പേർക്ക് പരിക്കേറ്റു. ബോധ്ഗയ പൊലീസ് സ്റ്റേഷനിൽ ഈ വിഷയത്തിൽ ഞങ്ങൾ എഫ്‌ഐആർ ഫയൽ ചെയ്‌തു" എന്ന് വധുവിൻ്റെ പിതാവ് സുരേഷ് പ്രസാദ് പറഞ്ഞു.
എന്നാൽ വരനും ബന്ധുക്കളും ഈ ആരോപണം തള്ളി. ഭക്ഷണ സമയത്ത് രസഗുളകൾ തീർന്നുപോകുകയും അത് ചോദിച്ചത് വഴക്കിലേയ്‌ക്ക് പോകുകയുമായിരുന്നെന്ന് വരൻ്റെ പക്ഷം അവകാശപ്പെടുന്നു. രസഗുളകളുടെ കുറവ് മാത്രമാണ് സംഭവത്തിന് കാരണെന്നും മറ്റ് ആരോപണങ്ങൾ തെറ്റാണെന്നും വ്യാജമായി കെട്ടിച്ചമച്ചതാണെന്നും വരനും ബന്ധുക്കളും പറഞ്ഞു.രസഗുളകളുടെ അഭാവത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ വധുവിൻ്റെ പക്ഷം വിവാഹം വേണ്ടെന്ന് വച്ചു എന്ന് വരൻ്റെ പിതാവ് മഹേന്ദ്ര പ്രസാദ് പറഞ്ഞു. "സ്ത്രീധനം ആവശ്യപ്പെട്ട് കൂടുതൽ പരാതി നൽകിയതായി അവർ ആരോപിക്കുന്നു. ഇത് തെറ്റാണ്. മകൻ അതേ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ഞങ്ങൾ ഇപ്പോഴും ആഗ്രഹിക്കുന്നു. പക്ഷേ വധുവിൻ്റെ വീട്ടുകാർ സമ്മതിക്കുന്നില്ല" - വരൻ്റെ പിതാവ് മഹേന്ദ്ര പ്രസാദ് പറഞ്ഞു.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് കേസ് അന്വേഷിക്കുന്നുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് വധുവിൻ്റെ ഭാഗത്ത് നിന്ന് എഫ്‌ഐആർ ഫയൽ ചെയ്‌തിട്ടുണ്ട്. പൊലീസ് മുഴുവൻ സംഭവവും അന്വേഷിച്ച് നടപടിയെടുക്കും എന്ന് ബോധ് ഗയയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.