ചെങ്കോട്ട ആക്രമണം: പാക് ഭീകരന്‍ മുഹമ്മദ്ആരിഫിന് ആശ്വാസം; തിരുത്തൽ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

ചെങ്കോട്ട ആക്രമണം:  പാക് ഭീകരന്‍ മുഹമ്മദ്ആരിഫിന് ആശ്വാസം; തിരുത്തൽ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: രണ്ട് പതിറ്റാണ്ട് മുൻപ് നടന്ന ചെങ്കോട്ട ഭീകരാക്രമണക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലഷ്കർ-ഇ-തൊയ്ബ ഭീകരൻ മുഹമ്മദ് ആരിഫ് എന്ന അഷ്ഫാഖിന്‍റെ തിരുത്തൽ ഹർജിയിൽ സുപ്രീം കോടതി ഡൽഹി സർക്കാരിന് നോട്ടീസ് അയച്ചു.പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുൻപുള്ള അവസാന നിയമപരമായ പഴുതെന്ന നിലയിലാണ് ഈ ഹർജി പരിഗണിക്കപ്പെടുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട് സർക്കാരിന്‍റെ വിശദീകരണം തേടിയത്. പുനഃപരിശോധനാ ഹർജികൾ പോലും തള്ളപ്പെട്ട ഒരു കേസിൽ കോടതി ഇത്തരമൊരു ഹർജി പരിഗണിക്കുന്നത് പ്രതിഭാഗത്തിന് വലിയൊരു പ്രതീക്ഷയായി മാറിയിട്ടുണ്ട്.2000 ഡിസംബർ 22-ന് രാത്രി ഒൻപത് മണിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ ആ ഭീകരാക്രമണം നടന്നത്. എകെ-56 റൈഫിളുകളും കൈബോംബുകളുമായി ചെങ്കോട്ടയ്ക്കുള്ളിൽ അതിക്രമിച്ചു കയറിയ ലഷ്കർ ഭീകരർ വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നു.രാജ്യത്തിന്‍റെ പ്രതീകമായ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൽ 7 രജപുത്താന റൈഫിൾസിലെ മൂന്ന് സൈനികരാണ് വീരമൃത്യു വരിച്ചത്. സൈന്യത്തിന്‍റെ ക്വിക്ക് റിയാക്ഷൻ ടീം പ്രത്യാക്രമണം നടത്തിയതോടെ ഭീകരർ ചെങ്കോട്ടയുടെ പിൻവശത്തെ മതിൽ ചാടി റിംഗ് റോഡ് ഭാഗത്തേക്ക് രക്ഷപ്പെട്ടു.

തുടർന്ന് നടന്ന പഴുതടച്ച അന്വേഷണത്തിലാണ് പാകിസ്ഥാൻ സ്വദേശിയായ മുഹമ്മദ് ആരിഫ് ഡൽഹി പൊലീസിന്‍റെ പിടിയിലായത്. ഇന്ത്യയുടെ പരമാധികാരത്തിന് നേരെ നടന്ന ആക്രമണമെന്ന നിലയിൽ അതീവ ഗൗരവത്തോടെയാണ് നീതിന്യായ വ്യവസ്ഥ ഈ കേസിനെ കൈകാര്യം ചെയ്തത്.നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 2005-ൽ വിചാരണ കോടതി ആരിഫിന് വധശിക്ഷ വിധിച്ചു. തുടർന്ന് 2007-ൽ ഡൽഹി ഹൈക്കോടതിയും 2011-ൽ സുപ്രീം കോടതിയും ഈ വധശിക്ഷ ശരിവെച്ചു. പ്രതിയുടെ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതായും ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്നും അന്ന് കോടതികൾ നിരീക്ഷിച്ചു. 2022 നവംബറിൽ സുപ്രീം കോടതി തന്നെ ആരിഫിന്‍റെ പുനഃപരിശോധനാ ഹർജി തള്ളിയതോടെ വധശിക്ഷ നടപ്പാക്കാനുള്ള സാധ്യത ഏറുകയായിരുന്നു.തുടർന്ന് പ്രതി സമർപ്പിച്ച ദയാ ഹർജി 2024-ൽ രാഷ്ട്രപതി ദ്രൗപദി മുർമുവും നിരസിച്ചിരുന്നു. രാഷ്ട്രപതി കരുണ ഹർജി തള്ളിയ സാഹചര്യത്തിൽ വധശിക്ഷയ്ക്ക് തൊട്ടരികെ നിൽക്കുമ്പോഴാണ് ഇപ്പോൾ തിരുത്തൽ ഹർജിയിലൂടെ സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഡൽഹി സർക്കാരിന്‍റെ മറുപടിക്ക് ശേഷം കോടതി ഈ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.