പ്രശസ്ത സംഗീത സംവിധായകന്‍ എസ്. പി.വെങ്കിടേഷ് അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകന്‍ എസ്. പി.വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ എസ്. പി.വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.70 വയസായിരുന്നു. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മലയാളത്തില്‍ മാത്രം 150ഓളം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണമിട്ടുണ്ട്.  സംഗീത സംവിധായകൻ ശ്യാമിന്റെയും രവീന്ദ്രന്റെയും സഹായിയായിട്ടാണ് മലയാളത്തിലെ തുടക്കം.

1968 മുതല്‍ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ എസ്.പി വെങ്കിടേഷുമുണ്ടായിരുന്നു. 1971 ൽ സംഗീത സംവിധായകൻ വിജയഭാസ്‌കറിനൊപ്പം സിനിമയില്‍ ഗിറ്റാർ വായിച്ചുകൊണ്ടായിരുന്നു തുടക്കം. 1975 ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി. 1981ൽ പ്രേമയുദ്ധ എന്ന തെലുങ്കു ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകൻ. രണ്ടു വര്‍ഷം കഴിഞ്ഞ് മലയാളത്തിലേക്ക്.സത്യൻ അന്തിക്കാടിന്റെ ടി.പി. ബാലഗോപാലൻ എം.എ. എന്ന ചിത്രത്തിൽ എ.ടി. ഉമ്മറിന്റെ സഹായിയായി അദ്ദേഹം ഓർക്കസ്‌ട്രേഷൻ ഒരുക്കി.

മലയാള സം​ഗീത ലോകത്തെ മെലഡി കിംഗ്

തൊണ്ണൂറുകളിൽ മലയാള സിനിമകളിൽ പശ്ചാത്തല സം​ഗീതത്തിലൂടെയും സം​ഗീതത്തിലൂടെയും എസ് പി വെങ്കിടേഷ് ഒരു മാന്ത്രിക ലോകം തീർത്തു.  മലയാള സിനിമയിൽ പശ്ചാത്തല സംഗീതത്തിന് അത്രയേറെ പ്രാധാന്യം നൽകിയ സം​ഗീത സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം. ഒരു സിനിമയുടെ മൂഡ് സെറ്റ് ചെയ്യുന്നതിൽ അദ്ദേഹം കാണിച്ചിരുന്ന മിടുക്കിനെക്കുറിച്ച് പല സംവിധായകരും അത്ഭുതത്തോടെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കിലുക്കം എന്ന സിനിമയിലെ ആ വിഖ്യാതമായ പശ്ചാത്തല സംഗീതം മലയാളികൾക്ക് അത്ര വേ​ഗമൊന്നും മറക്കാനാകില്ല. തമിഴ് പശ്ചാത്തലമുള്ള അദ്ദേഹം മലയാള മണ്ണറിഞ്ഞ് ഈണങ്ങൾ നൽകിയപ്പോൾ പിറന്നത് ചരിത്രമാണ്.

പ്രണയമായാലും വിരഹമായാലും ഏത് ഭാവമാണെങ്കിലും എസ് പി വെങ്കിടേഷിന്റെ കൈകളിൽ ഭദ്രമായിരുന്നു. രാജാവിന്റെ മകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു എസ് പി വെങ്കിടേഷ് എന്ന പേര് സിനിമാ പ്രേമികളുടെ മനസിൽ പതിയുന്നത്. രാജാവിന്റെ മകന്‍ എന്ന സിനിമയില്‍ തുടങ്ങിയ തമ്പി കണ്ണന്താനം- എസ് പി വെങ്കിടേഷ് കൂട്ടുകെട്ട് പിന്നീട് പല സിനിമകളിലും ആവര്‍ത്തിച്ചു എന്ന് വേണം പറയാൻ.

വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടര്‍ക്കഥ...അങ്ങനെ ഒരു നീണ്ടനിര തന്നെ ഈ കൂട്ടുകെട്ടിലെത്തി. ദൗത്യം, ധ്രുവം, മഹായാനം, കൗരവര്‍, ജോണിവാക്കര്‍, ദേവാസുരം, സ്ഫടികം തുടങ്ങി മലയാളികൾക്ക് എന്നെന്നും ഓർത്തിരിക്കാൻ ഒട്ടനവധി മനോഹരമായ ഈണങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം യാത്രയാകുന്നത്. ആ സംഗീതമാധുര്യം എന്നും നമ്മുടെ ഓർമകളിൽ നിറഞ്ഞു നിൽക്കും.

അറിയപ്പെടുന്ന മാൻഡലിൻ വിദഗ്ധനായിരുന്നു വെങ്കിടേഷിന്റെ പിതാവ് പഴനി. തുടക്കത്തിൽ മാൻഡലിൻ, ഗിറ്റാർ, ബാഞ്ചോ വായിച്ചിരുന്നു അദ്ദേഹം. മറ്റു പല സംഗീത സംവിധായകർക്കും വേണ്ടി ഓർക്കസ്‌ട്രേഷൻ നിർവഹിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഹിന്ദി, ബംഗാളി സിനിമകൾക്കും വെങ്കിടേഷിന്റെ സംഗീതം കേൾക്കാനുള്ള ഭാഗ്യമുണ്ടായി.