പ്രശസ്ത എഴുത്തുകാരി ബി. സരസ്വതി അന്തരിച്ചു

പ്രശസ്ത എഴുത്തുകാരി ബി. സരസ്വതി അന്തരിച്ചു

കോട്ടയം: പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ബി. സരസ്വതി അന്തരിച്ചു. 94 വയസ്സായിരുന്നു.  ഏറ്റുമാനൂരിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഡിസംബർ രണ്ടാം തീയതി ഉച്ചയ്ക്ക് രണ്ട് മണിക്ക് ഏറ്റുമാനൂരുള്ള വസതിയിൽ നടക്കും. മലയാള ചെറുകഥാ സാഹിത്യത്തിലെ അതികായനായ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ് ബി. സരസ്വതി. ഈ സാഹിത്യ പാരമ്പര്യം അവരുടെ എഴുത്തിലും പ്രകടമായിരുന്നു.നീണ്ട കാലം വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ച ടീച്ചർ, കിടങ്ങൂർ എൻ. എസ്. എസ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. അദ്ധ്യാപിക എന്ന നിലയിൽ നിരവധി ശിഷ്യഗണങ്ങളുടെ സ്നേഹാദരങ്ങൾ നേടിയിട്ടുണ്ട്.

ഭർത്താവ്: പരേതനായ എം. ഇ. നാരായണക്കുറുപ്പ്.  പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു, മുൻ കോട്ടയം എസ്. പി. ആയിരുന്ന എൻ. രാമചന്ദ്രൻ എന്നിവരാണ് മക്കൾ. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ ചലച്ചിത്ര പ്രവർത്തകനാണ് വേണു. പ്രമുഖ ചലച്ചിത്ര എഡിറ്ററും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർപേഴ്‌സണുമായ ബീനാ പോൾ, അപർണ രാമചന്ദ്രൻ എന്നിവരാണ് മരുമക്കൾ.