വഖഫ് ബോർഡ് പുനഃസംഘടന: സർക്കാരിനെതിരെ സിപിഐഎം

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ഹർജിയിലെ ആവശ്യങ്ങൾക്കനുസരിച്ചാണ് സർക്കാർ നിലപാട് സ്വീകരിച്ചതെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാട് മുസ്ലിം ലീഗ് അംഗീകരിക്കുന്നുണ്ടോയെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
മുസ്ലിം ലീഗിനെ പിന്തുണയ്ക്കുന്ന സമുദായ സംഘടനകളും വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും സിപിഐഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യു.ഡി.എഫ് സർക്കാർ ന്യൂനപക്ഷങ്ങളോടും കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ് കാണിച്ചതെന്ന് സിപിഐഎം കുറ്റപ്പെടുത്തി.
അധികാരത്തിലെത്തിയതിന് ശേഷം സർക്കാർ സ്വീകരിക്കുന്ന നയപരമായ നിലപാടുകളിൽ സംഘപരിവാർ അജണ്ടയുടെ സ്വാധീനം വ്യക്തമായി കാണാമെന്നും പാർട്ടി ആരോപിച്ചു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് നിയമഭേദഗതിക്കെതിരെ മുൻ എൽ.ഡി.എഫ് സർക്കാർ നിയമസഭയിൽ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സിപിഐഎം, അധികാരത്തിലെത്തിയ ശേഷം യു.ഡി.എഫ് സർക്കാർ ബിജെപി അനുകൂല നിലപാടിലേക്ക് മാറിയത് എന്ത് ധാരണയുടെ ഭാഗമാണെന്ന് ചോദിച്ചു. വഖഫ് ബോർഡിലേക്ക് സംഘപരിവാർ നിർദേശിക്കുന്നവരെയാണോ നിയമിക്കാൻ സർക്കാർ ഒരുങ്ങുന്നതെന്നും സിപിഐഎം സംശയം ഉന്നയിച്ചു. സർവകലാശാലകളിലെ വൈസ് ചാൻസലർ, സിൻഡിക്കേറ്റ് അംഗ നിയമനങ്ങൾ, പി.എം ശ്രീ പദ്ധതി, ദേവസ്വം കേസുകളിലെ നിയമനങ്ങൾ എന്നിവയിലും സർക്കാർ ബിജെപിക്ക് വഴങ്ങുകയാണെന്നും പാർട്ടി ആരോപിച്ചു.
“കേരളം ഭരിക്കുന്നത് ബിജെപിയാണോ” എന്ന ഐ.എൻ.ടി.യു.സി നേതാവിന്റെ ചോദ്യം അനുദിനം ശരിവെക്കുന്ന രീതിയിലാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രവർത്തിക്കുന്നതെന്നും സിപിഐഎം വിമർശിച്ചു. വർഗീയ രാഷ്ട്രീയത്തിന് കീഴടങ്ങുന്ന സമീപനമാണ് വഖഫ് ബോർഡ് വിഷയത്തിൽ സർക്കാരിന്റെ നിലപാടിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും പാർട്ടി പ്രസ്താവനയിൽ ആരോപിച്ചു.