"വിമുക്ത ഭടന്മാർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല ,കാരണം ആരോഗ്യ ഫണ്ടുകളുടെ അപര്യാപ്‌തത"
ന്യൂഡൽഹി: രാജ്യത്തിന് വേണ്ടി സേവനം ചെയ്‌ത വിമുക്ത ഭടന്മാർക്ക് മതിയായ സേവനങ്ങൾ ലഭ്യമാകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിവിധ വകുപ്പുകളിലേക്കുള്ള നിയമനം സാധ്യമാകുന്നില്ലെന്നും വിമുക്ത ഭടന്മാർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ആരോഗ്യ ഫണ്ടുകളുടെ അപര്യാപ്‌തതയാണ് കാരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ന് നടന്ന പാർലമെൻ്ററി പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. വിമുക്ത ഭടന്മാരുടെ പുനരധിവാസ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, ആരോഗ്യ സംരക്ഷണം എന്നിവയുടെ അവലോകന യോഗവും നടന്നു.
സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന വിമുക്ത ഭടന്മാർ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും രാഹുൽ ഗാന്ധി സംസാരിച്ചു. പണം നൽകാനില്ലാത്തതിനാൽ ചില സ്വകാര്യ ആശുപത്രികൾ വിമുക്ത സൈനികർക്ക് ചികിത്സ നിഷേധിക്കുന്നെന്നും കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് വിമുക്ത ഭടന്മാർക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന തുക അപര്യാപ്‌താമണെന്നും തുകയിൽ വർധനവ് ഉണ്ടാകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
"കാൻസർ, വൃക്ക സംബന്ധമായ രോഗങ്ങൾ എന്നിവയ്‌ക്ക് 75,000 രൂപയാണ് വിമുക്ത ഭടന്മാർക്ക് അനുവദിച്ചിരുന്നത്. ഇത്ര ചെറിയ തുക കൊണ്ട് എങ്ങനെയാണ് ചികിത്സാ ചെലവുകൾ നടക്കുന്നത്? തീർച്ചയായും തുക വർധിപ്പിക്കേണ്ടതുണ്ടെന്നും" രാഹുൽ ഗാന്ധി പറഞ്ഞു.
ത്രിപുരയിൽ വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിലും രാഹുൽ ഗാന്ധി പ്രതികരിച്ചു. ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ നന്ദനഗറിൽ നിന്നുള്ള 24 വയസുള്ള എംബിഎ വിദ്യാർഥിയായ ഏഞ്ചൽ ചക്‌മയെ കൊലപ്പെടുത്തുകയും സഹോദരനെ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌ത സാഹചര്യം ഭയാനകവും വിദ്വേഷപരവുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഭരണകക്ഷിയായ ബിജെപിയുടെ വിഷം വമിപ്പിക്കുന്ന നേതൃത്വം ഇത്തരത്തിലുള്ള കാര്യങ്ങളെ സാധാരണവത്കരിക്കുകയാണെന്നും വെറുപ്പ് ഒരു രാത്രിയിൽ പ്രത്യക്ഷപ്പെടുന്നതല്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
"ഭയത്തിലല്ല, ബഹുമാനത്തിലും ഐക്യത്തിലുമാണ് ഇന്ത്യ കെട്ടിപ്പടുത്തിരിക്കുന്നത്. സ്‌നേഹത്തിൻ്റെയും വൈവിധ്യത്തിൻ്റെയും രാജ്യമാണ് നമ്മുടേത്. ഒന്നിനോടും പ്രതികരിക്കാത്ത നിർജീവ സമൂഹമായി നാം മാറരുത്. നമ്മുടെ രാജ്യം എന്തായി തീരണമെന്ന് അനുവദിക്കുന്നിടത്ത് നാം കൃത്യമായി ചിന്തിക്കുകയും നേരിടുകയും വേണം," രാഹുൽ ഗാന്ധി പ്രതികരിച്ചു.