ബീഹാർ തെരഞ്ഞെടുപ്പ് : പാർട്ടിവിരുദ്ധപ്രവർത്തനത്തിൻ്റെ പേരിൽ 2 7നേതാക്കളെ ആര്‍ജെഡി പുറത്താക്കി

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലിരിക്കെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തിയ രണ്ട് എംഎൽഎമാർ ഉൾപ്പെടെ 27 നേതാക്കളെ രാഷ്ട്രീയ ജനതാദൾ (ആർജെഡി) പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും സംഘടനയുടെ പ്രത്യയശാസ്ത്രത്തെ ധിക്കരിച്ചതിനുമാണ് പുറത്താക്കല്‍. രണ്ട് എംഎൽഎമാർ, നാല് മുൻ എംഎൽഎമാർ, ഒരു എംഎൽസി എന്നിവര്‍ക്കെതിരെയാണ് നടപടി.ആർജെഡി സംസ്ഥാന മേധാവി മംഗാനി ലാൽ മണ്ഡലാണ് പുറത്താക്കല്‍ സ്ഥിരീകരിച്ച് പ്രസ്‌താവന ഇറക്കിയത്. പ്രസ്‌താവന പ്രകാരം, പുറത്താക്കപ്പെട്ട നേതാക്കളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. “ആർജെഡി അല്ലെങ്കിൽ മഹാഗത്ബന്ധൻ നോമിനികൾക്കെതിരെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് നേതാക്കൾക്കെതിരെ ആർജെഡി അച്ചടക്ക നടപടി സ്വീകരിച്ചുവെന്ന്” അദ്ദേഹം പ്രസ്‌താവനയിൽ പറയുന്നു. ചോട്ട് ലാൽ റായ് (പരസ), മുഹമ്മദ് കമ്രാൻ (ഗോവിന്ദ്പൂർ) എന്നിവരാണ് പുറത്താക്കപ്പെട്ട എംഎൽഎമാർ. നാല് മുൻ എംഎൽഎമാരായ രാം പ്രകാശ് മഹ്തോ, അനിൽ സാഹ്നി, സരോജ് യാദവ്, അനിൽ യാദവ് - മുൻ എംഎൽഎ ഗണേഷ് ഭാരതി എന്നിവരെയും സസ്പെൻഡ് ചെയ്‌തു. റിതു ജയ്‌സ്വാൾ, അക്ഷയ് ലാൽ യാദവ്, റാം സഖാ മഹ്തോ, അവ്‌നീഷ് കുമാർ, ഭഗത് യാദവ്, മുകേഷ് യാദവ്, സഞ്ജയ് റായ്, കുമാർ ഗൗരവ്, രാജീവ് കുശ്‌വാഹ എന്നിവരും പുറത്താക്കപ്പെട്ട മറ്റ് പ്രമുഖ നേതാക്കളാണ്.27 നേതാക്കളെ സസ്‌പെന്‍ഡ് ചെയ്‌തതിന് പിന്നാലെ ആർജെഡി മുതിര്‍ന്ന നേതാവ് സംഭവത്തില്‍ പ്രതികരിച്ചു. "ഇന്ത്യ ബ്ലോക്കിൻ്റെയും ആർജെഡിയുടെയും ഔദ്യോഗികമായി പ്രഖ്യാപിച്ച സ്ഥാനാർഥികൾക്കെതിരെയാണ് പുറത്താക്കപ്പെട്ട നേതാക്കൾ പ്രവർത്തിച്ചത്" ആർജെഡി നേതാവ് പറഞ്ഞു.
അടുത്തിടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് കഹൽഗാവ് എംഎൽഎ പവൻ യാദവ് ഉൾപ്പെടെ ആറ് പാർട്ടി നേതാക്കളെ ബിജെപിയുടെ ബിഹാർ യൂണിറ്റ് പുറത്താക്കിയിരുന്നു.. ഞായറാഴ്‌ച വൈകുന്നേരത്തോടെയാണ് പാര്‍ട്ടി പ്രസ്‌താവന പുറത്തിറക്കിയത്. പാർട്ടി പ്രസ്‌താവന പ്രകാരം എംഎൽഎ ഉൾപ്പെടെയുള്ള പുറത്താക്കപ്പെട്ട നേതാക്കളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്‌തു.സണ്ണി യാദവ്, ശ്രാവൺ കുശ്വാഹ, ഉത്തം ചൗധരി, മാരുതി നന്ദൻ മാരുതി, പവൻ ചൗധരി എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മറ്റുള്ളവര്‍.243 അംഗ ബിഹാർ നിയമസഭയിലേക്ക് നവംബർ 6നും 11നും രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. നവംബർ 14ന് ഫലം പ്രഖ്യാപിക്കും.