മത്സരിക്കാൻ സീറ്റ് നൽകിയില്ല : തെരുവിൽ നെഞ്ചത്തടിച്ച് പൊട്ടിക്കരഞ്ഞ് ആര്‍ജെഡി നേതാവ്

പട്‌ന: തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതില്‍ ലാലു പ്രസാദിൻ്റെ വീടിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ആർജെഡി നേതാവ് മദൻ ഷാ. പട്‌നയിലെ തൻ്റെ വസതിയിലേക്ക് ലാലു പ്രസാദ് കാറില്‍ പോകവേ മദന്‍ ഷാ പിന്നാലെ ഓടിച്ചെല്ലുന്നതിൻ്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. തനിക്ക് സീറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും നിഷേധിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
ആർജെഡി നേതാവ് സഞ്ജയ് യാദവ് തന്നിൽ നിന്ന് 2.7 കോടി രൂപ ആവശ്യപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ പാർട്ടി ടിക്കറ്റ് മറ്റൊരു സ്ഥാനാർഥിക്ക് കൈമാറിയതായി ഷാ പറഞ്ഞു. സീറ്റ് നിഷേധവുമായി ബന്ധപ്പെട്ടുള്ള തൻ്റെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച മദൻ ഷാ, ബിഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവായ തേജസ്വി യാദവിനെ അഹങ്കാരി എന്നും വിളിക്കുകയും ചെയ്‌തു.പ്രതിഷേധ സൂചകമായി വാര്‍ത്താസമ്മേളനത്തിനിടെ അദ്ദേഹം നിലത്തു കിടന്നു. "അവർ സർക്കാർ രൂപീകരിക്കില്ല. തേജസ്വി വളരെ അഹങ്കാരിയാണ്. ആളുകളെ കാണുന്നില്ല. ഞാൻ മരിക്കാൻ വേണ്ടിയാണ് ഇവിടെ വന്നത്. ലാലു യാദവാണ് എൻ്റെ ഗുരു. എനിക്ക് സീറ്റ് നൽകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അവർ ബിജെപി ഏജൻ്റായ സന്തോഷ് കുഷ്വാഹയ്ക്ക് സീറ്റ് നൽകി," മദൻ ഷാ പറഞ്ഞു.ലാലു പ്രസാദിൻ്റെയും തേജസ്വി യാദവിൻ്റെയും പ്രശ്‌നങ്ങള്‍ സീറ്റ് നല്‍കുമെന്ന വാഗ്‌ദാനം ഉപേക്ഷിക്കുന്നതിന് കാരണമായെന്ന് അദ്ദേഹം അവകാശപ്പെട്ടു. "2020 ൽ ലാലു ജി എന്നെ റാഞ്ചിയിലേക്ക് വിളിക്കുകയും തെലി സമുദായത്തിൻ്റെ ജനസംഖ്യയെക്കുറിച്ച് ഒരു സർവേ നടത്തുകയും ചെയ്‌തു. മധുബൻ മണ്ഡലത്തിൽ നിന്ന് മദൻ ഷാ രൺധീർ സിങ്ങിനെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞു.തേജസ്വി ജിയും ലാലു ജിയും എന്നെ വിളിച്ച് സീറ്റ് നല്‍കുമെന്ന് ഉറപ്പ് പറഞ്ഞിരുന്നു. 90-കൾ മുതൽ ഞാൻ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നയാളാണ്. തേജസ്വി ജനങ്ങളുമായി ബന്ധം പുലർത്തുന്നില്ലെന്നും ആർജെഡി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും മദൻ വ്യക്തമാക്കി. പാര്‍ട്ടിക്കായി തൻ്റെ എല്ലാ ഭൂമിയും വിറ്റതിന് പിന്നാലെ താൻ ഒരു ദരിദ്രനായി. അവർ സർക്കാർ രൂപീകരിക്കില്ല. അവര്‍ ജനങ്ങളെ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ബീഹാറിൽ ആർജെഡിയും കോൺഗ്രസും നയിക്കുന്ന മഹാഗത്ബന്ധനും സീറ്റ് വിഭജനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ശനിയാഴ്‌ച കോൺഗ്രസ് തങ്ങളുടെ രണ്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. നർക്കതിയാഗഞ്ച്, കിഷൻഗഞ്ച്, കസ്ബ, പൂർണിയ, ഗയ ടൗൺ നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നർക്കതിയാഗഞ്ചിൽ നിന്ന് ശാശ്വത് കേദാർ പാണ്ഡെയും കിഷൻഗഞ്ചിൽ നിന്ന് ഖംറുൾ ഹോഡയും പാർട്ടി മത്സരിപ്പിക്കുന്നു.ഇർഫാൻ ആലം, ജിതേന്ദർ യാദവ്, മോഹൻ ശ്രീവാസ്ത എന്നിവർ യഥാക്രമം കസ്ബ, പൂർണിയ, ഗയ ടൗൺ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കും. ഒക്ടോബർ 17 ന് നിയമസഭാ തഎരഞ്ഞെടുപ്പിനുള്ള 48 സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പാർട്ടി പുറത്തിറക്കി.
ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന്, ക്യാമറയ്ക്ക് മുന്നിൽ 'രാഷ്ട്രീയം ഉപേക്ഷിക്കുന്നു' എന്ന് കരഞ്ഞുകൊണ്ട് എൽജെപി(ആർ) നേതാവ് അഭയ് കുമാർ സിംഗ് പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു .ഈ വീഡിയോയുടെ അധികാരികതയെകുറിച്ചും ചർച്ചനടക്കുന്നുണ്ട്