"രക്ഷപ്പെടാനായി അടുക്കളവഴി ഓടിയവർ തീയില്‍പെട്ടു"; ഗോവ നൈറ്റ് ക്ലബ്ബ് അപകടത്തില്‍ ദൃക്‌സാക്ഷി
പനാജി: ഗോവയിൽ നിശാക്ലബ്ബിൽ നടന്ന തീപിടിത്തത്തിൽ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. ക്ലബ്ബിൽ തീപിടിത്തം നടക്കുന്ന സമയം നൂറോളം ആളുകൾ അവിടെ ഡാൻസ് ഫ്ലോറിലുണ്ടായിരുന്നു. തീ ആളിപ്പടർന്നതോടെ ആളുകളിൽ ചിലർ പുറത്തേയ്‌ക്ക് ഓടി രക്ഷപ്പെടാനായി അടുക്കളയുടെ ഭാഗത്തേയ്‌ക്ക് പോയി. എന്നാൽ അവിടെ എത്തിയപ്പോൾ പാചകത്തൊഴിലാളികൾക്കൊപ്പം കുടുങ്ങി പോകുകയായിരുന്നു എന്ന് ദൃക്‌സാക്ഷിയായ ഹൈദരാബാദിൽ നിന്നുള്ള ഫാത്തിമ ഷെയ്ഖ് പറയുന്നു."തീപിടിച്ചതോടെ ആകെ നിലവിളികൾ ആയിരുന്നു. പരിഭ്രാന്തിയോടെ ക്ലബ്ബിൽ നിന്നും പുറത്തേയ്‌ക്ക് ഓടി എത്തിയപ്പോഴാണ് ക്ലബ്ബ് കത്തിയമരുന്നത് കാണുന്നത്. വാരാന്ത്യമായതിനാൽ നൈറ്റ്ക്ലബ്ബില്‍ തിരക്കുണ്ടായിരുന്നു. കുറഞ്ഞത് നൂറ് പേരെങ്കിലും ആ സമയം നൈറ്റ് ക്ലബ്ബിൽ ഉണ്ടായിരുന്നു. തീപിടിത്തമുണ്ടായതിനെത്തുടർന്ന് ചില വിനോദസഞ്ചാരികൾ താഴേക്ക് ഓടാൻ തുടങ്ങി. പല ആളുകളും ക്ലബ്ബിൽ നിന്ന് ഓടി രക്ഷപ്പെട്ടു", ഫാത്തിമ ഷെയ്ഖ് പറഞ്ഞു.
തീപിടിത്തം ഉണ്ടായി നിമിഷങ്ങൾക്കകം ക്ലബ്ബ് തീയിൽ വെന്തുരുകി. ഈന്തപ്പനകൾ കൊണ്ടുള്ള നിർമ്മാണമായിരുന്നു പ്രധാനമായും ക്ലബ്ബിലുണ്ടായിരുന്നത്. അത് എളുപ്പത്തിൽ തീ പിടിക്കാനും വഴിയൊരുക്കി എന്നും കൂട്ടിച്ചേർത്തു.അർപോറ നദിയുടെ തീരത്തോട് ചേർന്നാണ് നൈറ്റ്ക്ലബ് സ്ഥിതി ചെയ്യുന്നത്. ഇവിടേയ്‌ക്ക് ഇടുങ്ങിയ വഴികളിലൂടെയുള്ള പ്രവേശനം മാത്രമേ ഉള്ളൂ. പുറത്തേയ്‌ക്ക് പോകുന്നതിനും ഈ വഴിയാണുള്ളത്. അതുകൊണ്ട് തന്നെ ഇടുങ്ങിയ പാതകൾ കാരണം അഗ്നിശമന സേനയ്ക്ക് ക്ലബ്ബിലേയ്‌ക്ക് എത്തിപ്പെടാൻ കഴിയുമായിരുന്നില്ല. കൂടാതെ അവരുടെ ടാങ്കറുകൾ ഏകദേശം 400 മീറ്റർ അകലെ പാർക്ക് ചെയ്യേണ്ടി വന്നു. ഇത് തീ നിയന്ത്രിക്കുന്നതിന് ഒരു വെല്ലുവിളിയായിരുന്നു എന്ന് ഫയർ ആൻഡ് എമർജൻസി സർവീസസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു.
ഇന്നലെ അർധരാത്രിയ്‌ക്ക് ശേഷം സിലിണ്ടർ പൊട്ടിത്തെറിച്ചാണ് നിശാക്ലബ്ബിൽ തീപിടുത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വിനോദസഞ്ചാരികൾ നൃത്തം ചെയ്യുന്ന ക്ലബ്ബിൻ്റെ ഒന്നാം നിലയിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇരകൾ താഴത്തെ നിലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞിരുന്നു.
നടപടി എടിക്കുമെന്ന് ഗോവ മുഖ്യമന്ത്രി
തീപിടിത്തത്തിന് ശേഷം സ്ഥലം സന്ദർശിച്ച ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നൈറ്റ്ക്ലബ്ബ് അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുമെന്നും ക്ലബ്ബ് മാനേജ്‌മെൻ്റിനെതിരെയും സ്ഥാപന അധികാരികൾക്കെതിരെയും നടപടിയെടുക്കുമെന്നും പറഞ്ഞു.കൂടാതെ സ്ഥലം സന്ദർശിച്ച കലാൻഗുട്ട് എംഎൽഎ മൈക്കൽ ലോബോ ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ എല്ലാ നൈറ്റ്ക്ലബ്ബുകളിലും പഞ്ചായത്തുകൾ അടിസ്ഥാനമാക്കി അഗ്നി സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് അറിയിച്ചു. ഇതിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ക്ലബ്ബുകളുടെ ലൈസൻസ് റദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോവ തലസ്ഥാനമായ പനാജിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള അർപോറ ഗ്രാമത്തിലെ ബിർച്ച് ബൈ റോമിയോ ലെയ്ൻ നൈറ്റ്ക്ലബിൽ ആണ് ഇന്നലെ (ഡിസംബർ 6) തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ 25 പേരാണ് മരിച്ചത്.

