സ്‌ത്രീകളുടെ അക്കൗണ്ടിൽ 30000 രൂപ, കർഷകർക്ക് ഗ്രാൻഡ് അലവൻസ് , സൗജന്യ വൈദ്യുതി: വാഗ്‌ദാനം കൊണ്ട് പെരുമഴ പെയ്യിച്ച്‌ തേജസ്വി

സ്‌ത്രീകളുടെ അക്കൗണ്ടിൽ 30000 രൂപ, കർഷകർക്ക് ഗ്രാൻഡ് അലവൻസ് , സൗജന്യ വൈദ്യുതി: വാഗ്‌ദാനം കൊണ്ട് പെരുമഴ പെയ്യിച്ച്‌ തേജസ്വി

പട്‌ന: ബീഹാർ  നിയമസഭാ തെരഞ്ഞെടുപ്പിന്  വെറും രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വാഗ്ധാനങ്ങൾകൊണ്ട് വിസ്മയിപ്പിച്ച് രാഷ്‌ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ്.തൻ്റെ സർക്കാർ അധികാരത്തിൽ  വന്നാൽ സ്‌ത്രീകളുടെ അക്കൗണ്ടിൽ മുപ്പതിനായിരം രൂപയും കർഷകർക്ക് ഗ്രാൻഡ് അലവൻസും സൗജന്യ വൈദ്യുതിയും നൽകുമെന്നാണ് അദ്ദേഹം വിതരണം ചെയ്ത  ഏറ്റവും പുതിയ വാഗ്‌ദാനം !

 "ജനങ്ങൾ പുതുവത്സരമായി കണ്ട് ആഘോഷിക്കുന്ന  മകരസംക്രാന്തി, ദഹി ചുര എന്നീ ആഘോഷങ്ങൾക്ക് പിന്നാലെയാണ് പുതിയ സർക്കാർ രൂപീകരിക്കാൻ പോകുന്നത്. ജനുവരി 14 ന് മകരസംക്രാന്തി ദിനത്തിൽ, സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും 'മായിബെഹെൻ മാൻ യോജന' പ്രകാരം മുപ്പതിനായിരം രൂപ വീതം അടുത്ത അഞ്ച് വർഷത്തേക്ക് എല്ലാ മാസവും അവരുടെ അക്കൗണ്ടുകളിൽ എത്തുന്നതാണ് "-തേജസ്വി യാദവ് പ്രഖ്യാപിച്ചു .പരിഷ്‌ക്കരണപ്രകാരം പ്രതിവർഷം സ്‌ത്രീകൾക്ക് ഒന്നരലക്ഷം രൂപ നേടാൻ സാധിക്കും. സാമൂഹികപരവും സാമ്പത്തികപരവുമായി ബിഹാർ സമൂഹത്തിലെ സ്‌ത്രീകളെ ശാക്തീകരിക്കുന്നതിനായി തുടങ്ങിവച്ച 'ജീവിക ദീദി' പദ്ധതി വഴിയാണ് സാമ്പത്തിക സഹായം മുപ്പതിനായിരം രൂപയാക്കി വർധിപ്പിക്കുന്നത്  എന്നും തേജസ്വി പറഞ്ഞു.ഇതിനുപുറമെ, സ്‌ത്രീകൾ എടുത്ത വായ്‌പയുടെ പലിശ നിരക്കും സർക്കാർ എഴുതിത്തള്ളും. മാത്രവുമല്ല സ്‌ത്രീകൾക്ക് അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസും ലഭിക്കുന്നതാണ് എന്നും തേജസ്വി പറഞ്ഞു. ഇതിൻ്റെ ഭാഗമായി പഴയ പെൻഷൻ പദ്ധതി പരിഷ്‌ക്കരിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻതന്നെ പുതിയ പെൻഷൻ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന വാഗ്‌ദാനവും നൽകി. 

പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, മറ്റ് സർക്കാർ ജീവനക്കാർ എന്നിവരുടെ സ്ഥലംമാറ്റം അവരുടെ ജില്ലാ ആസ്ഥാനത്ത് നിന്ന് 70 കിലോമീറ്ററിനുള്ളിൽ മാത്രമേ നടത്തൂ.സംസ്ഥാനത്തെ നേഴ്‌സുമാരുടെ ആവശ്യം കണക്കിലെടുത്ത് നഴ്‌സുമാർക്കും 70 കിലോമീറ്ററിനുള്ളിൽ സ്ഥലം മാറ്റം അനുവദിക്കും.കർഷകർക്ക് നെല്ലിനും ഗോതമ്പിനും ബോണസ് നൽകും. സർക്കാർ അധികാരത്തിൽ വന്നാൽ നെല്ലിൻ്റെ എംഎസ്‌പിക്ക് പുറമേ ക്വിൻ്റലിന് മുന്നൂറ് രൂപയും നൽകും.ഏറ്റവും കുറഞ്ഞ താങ്ങുവിലയ്ക്ക് പുറമേ ക്വിൻ്റലിന് നാനൂറ് രൂപ ബോണസ് ലഭിക്കും.കർഷകർക്ക് ജലസേചനത്തിനായി നിലവിൽ യൂണിറ്റിന് 55 പൈസയ്‌ക്ക് വൈദ്യുതി ലഭിക്കുന്നുണ്ട്. പക്ഷെ ഇത് വളരെ ചെലവേറിയതാണ്. ആയതിനാൽ കർഷകർക്ക് സൗജന്യമായി വൈദ്യുതി നൽകും.അടുത്തിടെ ബിഹാറിലെ ജനങ്ങളെ തൊഴിലിലും ആരോഗ്യ പരിചരണത്തിലും മെച്ചപ്പെടുത്തുമെന്നും തേജസ്വി യാദവ് പറഞ്ഞിരുന്നു. അടുത്ത അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ രംഗത്തും സ്വയം പര്യാപ്‌തമാക്കുകയാണ് തൻ്റെ ലക്ഷ്യമെന്നും തേജസ്വി പറഞ്ഞു.