കാര്‍ഷിക മേഖലയില്‍ 35,440 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയില്‍ 35,440 കോടി രൂപയുടെ രണ്ട് പദ്ധതികള്‍ ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധന്‍ ധാന്യ കൃഷി യോജന, ധാന്യവര്‍ഗങ്ങളിലെ ആത്മനിര്‍ഭര്‍ത മിഷന്‍ എന്നീ രണ്ട് പദ്ധതികള്‍ക്കാണ് ഇന്ന്  മോദി തുടക്കമിട്ടത്.ലോകനായക് ജയപ്രകാശ് നാരായണന്‍റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനത്തില്‍ നടന്ന പ്രത്യേക കൃഷി പരിപാടിയിലാണ് പ്രധാനമന്ത്രി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്.അഞ്ചു വര്‍ഷമാണ് ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ പദ്ധതിയുടെ കാലാവധി. കൃഷി, മൃഗ സംരക്ഷണം, മത്സ്യബന്ധനം, ഭക്ഷ്യം സംസ്‌കരണ മേഖലകളിലായി 5,450 കോടിയിലധികം രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി  ഇന്ന് ഉദ്ഘാടനം ചെയ്‌തു. ഏകദേശം 815 കോടി രൂപയുടെ അധിക പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.തെരഞ്ഞെടുത്ത 100 ജില്ലകളിലാണ് ധന്‍ ധാന്യ കൃഷി യോജന പദ്ധതി നടപ്പാക്കുക. ഇതിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് കേരളത്തിനു ലഭിക്കുന്ന നേട്ടമാണ്.

 കാര്‍ഷിക ഉത്പ്പാദനത്തെ വര്‍ധിപ്പിക്കുക, വിള വൈവിധ്യവത്ക്കരണവും സുസ്ഥിര കാര്‍ഷിക രീതികള്‍ മെച്ചപ്പെടുത്തുക, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ വിളവെടുപ്പിന് ശേഷമുള്ള സംഭരണം വര്‍ധിപ്പിക്കുക, ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ദീര്‍ഘകാല, ഹ്രസ്വകാല വായ്പകളുടെ ലഭ്യത സുഗമമാക്കുക എന്നിവയാണ് 24,000 കോടി രൂപയുടെ പ്രധാന മന്ത്രി ധന്‍ ധാന്യ കൃഷി യോജന ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.ധാന്യ വര്‍ഗങ്ങളുടെ ഉത്പാദനത്തെ മെച്ചപ്പെടുത്തുക. ധാന്യവര്‍ഗ കൃഷിയുടെ വിസ്‌തൃതി വര്‍ധിപ്പിക്കുക, സംഭരണം, സംസ്‌കരണം എന്നിവയുള്‍പ്പെടെ മൂല്യ ശൃംഖല ശക്തിപ്പെടുത്തുക. കാര്‍ഷിക രംഗത്തെ നഷ്‌ടം കുറയ്ക്കുക എന്നിവയാണ് 11,440 കോടി രൂപയുടെ അടക്കമുള്ള ധാന്യ വര്‍ഗങ്ങളിലെ ആത്മനിര്‍ഭര്‍ത ദൗത്യത്തിന്‍റെ ലക്ഷ്യം.പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി കര്‍ഷകരുമായി സംവദിച്ചു. കര്‍ഷക ക്ഷേമം, കാര്‍ഷിക സ്വാശ്രയത്വം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തല്‍, ആധുനിക കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കുക, കര്‍ഷകരെ പിന്തുണയ്ക്കുക എന്നിവയാണ് ഇതിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.

ഇതോടെ കാര്‍ഷികോത്പാദനത്തില്‍ പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിച്ചിരിക്കുകയാണ് കര്‍ഷകര്‍. കമുക്, നെല്ല്, തെങ്ങ് ഉൾപ്പെടെ ഒട്ടേറെ കാർഷിക വിളകളുള്ള ജില്ലയിൽ കേന്ദ്ര സർക്കാർ വിവിധ വകുപ്പുകളുടെ സഹായത്തോടെ പുതിയ പദ്ധതി നടപ്പാക്കുമ്പോൾ കാർഷിക മേഖലയിൽ വൻ മുന്നേറ്റ സാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.നിതി ആയോഗ് വയനാട്, കാസർകോട് ജില്ലയിലെ പരപ്പ എന്നിവിടങ്ങളിൽ നടപ്പാക്കിയ ‘ആസ്പിറേഷൻ ഡിസ്ട്രിക്ട്സ്’ പദ്ധതിയുടെ വിജയമാണ് ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ നടപ്പാക്കാനുള്ള പ്രചോദനം. വിളവൈവിധ്യം കൂടുതലുള്ളത് കേരളത്തിലെ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലാണ് .നെല്ലും തെങ്ങും കുരുമുളകും റബറും കമുകുമെല്ലാം ഒരേയിടങ്ങളിൽതന്നെ കൃഷി ചെയ്യുന്നുണ്ട്. അതേസമയം തരിശുഭൂമിയും കൂടുതലും ഇവിടെയാണുള്ളത്.ഇക്കാരണത്താലാണ് ഈ മൂന്ന് ജില്ലകളെ തെരെഞ്ഞുക്കാന്‍ കാരണം.ബെംഗളുരുവിലും ജമ്മു കാശ്‌മിരിലും കൃത്രിമ ബീജസങ്കലന പരിശീലന കേന്ദ്രം, ഗോകുല്‍ മിഷന്‍റെ കീഴില്‍ അസമില്‍ ഐവിഎഫ് ലാബ് സ്ഥാപിക്കല്‍, ഇന്‍ഡോറിലെ മെഹ്സാന, ഭില്‍വാര എന്നിവിടങ്ങളില്‍ പാല്‍പ്പൊടി പ്ലാന്‍റുകള്‍, അസമിലെ തേസ്പുരില്‍ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയുടെ കീഴില്‍ മത്സ്യത്തീറ്റ പ്ലാന്‍റ്, കാര്‍ഷിക സംസ്കരണ ക്ലസ്റ്ററുകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, സംയോജിത കാര്‍ഡ് ചെയിന്‍, മൂല്യവര്‍ദ്ധന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

ആന്ധ്രാപ്രദേശിലെ കൃഷ്‌ണയില്‍ ഇന്‍റഗ്രേറ്റഡ് കോൾഡ് ചെയിൻ ആൻഡ് വാല്യൂ അഡിഷൻ ഇൻഫ്രാസ്ട്രക്ചർ (ഇറേഡിയേഷൻ), ഉത്തരാഖണ്ഡിലെ ട്രൗട്ട് ഫിഷറീസ്; നാഗാലാൻഡിലെ ഇന്‍റഗ്രേറ്റഡ് അക്വാ പാർക്ക്; പുതുച്ചേരിയിലെ കാരയ്ക്കലിൽ സ്മാർട്ട് ആൻഡ് ഇന്‍റഗ്രേറ്റഡ് ഫിഷിംഗ് ഹാർബർ; ഒഡീഷയിലെ ഹിരാക്കുഡിലെ അത്യാധുനിക ഇന്‍റഗ്രേറ്റഡ് അക്വാപാർക്ക് എന്നിവയുൾപ്പെടെ നിരവധി പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു.