എസ്.ജാനകിയമ്മ ഇനി ഒരു ദീപ്‌ത സ്‌മരണ! : സംസ്‌കാര കർമം നടന്നു

മൈസൂരു: പതിറ്റാണ്ടുകളോളം സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ എസ്. ജാനകിയമ്മയ്ക്ക് മൈസൂരിൽ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര. തലമുറകള്‍ പിന്തുടർ ന്ന ശബ്ദത്തിൻ്റെ ഉടമയുടെ ഭൗതികദേഹം മൈസൂരിവിലെ കനിയനഹുണ്ഡി ഫാം ഹൗസില്‍ സംസ്‌കരിച്ചു. മണിക്കൂറുകള്‍ നീണ്ട പൊതുദര്‍ശനത്തിന് ശേഷമാണ് സംസ്‌കാരചടങ്ങ് നടന്നത്. ജാനകിയമ്മയെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വൈകിട്ട് നാലരയോടെ പൊതുദര്‍ശനം അവസാനിപ്പിക്കുകയും മൃതദേഹം ഫാം ഹൗസിലേക്ക് എത്തിക്കുകയുമായിരുന്നു.
വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ആ നാദവിസ്‌മയത്തെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. തെലുങ്ക് ബ്രാഹ്‌മണ ആചാര പ്രകാരമായിരുന്നു സംസ്‌കാരം. ചെറുമകള്‍ ചിതയ്ക്ക് തീ കൊളുത്തി. സംസ്‌കാര ചടങ്ങുകള്‍ വീക്ഷിക്കാന്‍ തൊട്ടടുത്തുള്ള മരങ്ങളിലും മതിലുകളിലും കയറിയിരിക്കുന്ന ആരാധകരും ധാരാളമുണ്ടായിരുന്നു . സിനിമ, രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖര്‍ അന്ത്യയാത്രയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള സിനിമ സംഗീത പ്രവര്‍ത്തകര്‍ രാവിലെ തന്നെ മൈസുരുവിലെത്തി
രാവിലെ മുതൽ അന്ത്യാഞ്ജലി അർപ്പിക്കാൻ വൻജനാവലിയാണ് എത്തിയത്. സംഗീതലോകത്തെയും സിനിമാരംഗത്തെയും പ്രമുഖരും രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ അന്തിമോപചാരം അര്‍പ്പിച്ചു. പൊതു ദര്‍ശന ചടങ്ങില്‍ എത്തിയാണ് മന്ത്രി പുഷ്പചക്രം സമര്‍പ്പിച്ചത്. തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂര്‍വ പ്രതിഭയായിരുന്നു എസ്. ജാനകിയെന്ന് റോജി എം. ജോണ്‍ അനുശോചിച്ചു. ഭാഷകളുടെ അതിരുകള്‍ മറികടന്ന് സംഗീതത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാവിലെ 8 മണിക്ക് പൊതുദർശനം ആരംഭിച്ചു. കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും പിന്നാലെ ആരാധകരുടെ നീണ്ട നിരയും ചടങ്ങിൽ പങ്കെടുത്തു.രാവിലെ 9.15: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സംഗീതജ്ഞരും സിനിമാതാരങ്ങളും എത്തിത്തുടങ്ങി. ജാനകിയമ്മയുടെ ഗാനങ്ങൾ പശ്ചാത്തലത്തിൽ മുഴങ്ങുന്നതിനിടെ വികാരഭരിതമായ അന്തരീക്ഷം. രാവിലെ 10.00 കർണാടക സർക്കാരിൻ്റെ പ്രതിനിധികൾ അന്തിമോപചാരം അർപ്പിച്ചു.
എസ് ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ഗായികമാരായ കെ എസ്. ചിത്രയും സുജാതയുംപ്രിയഗായികയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചത്.ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച ജാനകിയമ്മയുടെ ശബ്‌ദം തലമുറകളുടെ ഓർമ്മകളുടെ ഭാഗമാണ്. ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ അവർ ദക്ഷിണേന്ത്യൻ സംഗീതത്തിൻ്റെ അഭിമാനമായി എന്നും ഓർമ്മിക്കപ്പെടും.
ജാനകിയമ്മയുടെ വിയോഗത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകരും സംഗീതപ്രേമികളും സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തുകയാണ്. "സ്വരങ്ങൾ അവസാനിക്കില്ല, ജാനകിയമ്മ എന്നും ഗാനങ്ങളിലൂടെ ജീവിക്കും" എന്ന സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
എസ് . ജാനകിയമ്മ ഇനി അവർ പാടിയ അനശ്വരഗാനങ്ങളിലൂടെ ജനഹൃദയങ്ങളിൽ ജീവിക്കും. സംഗീതമുള്ള കാലത്തോളം തലമുറകളിൽ നിന്നും തലമുറകളിലേക്ക് ആ ഗാനവാഹിനി ഒഴുകികൊണ്ടിരിക്കും,മരണമില്ലാതെ...