ശബരിമല സ്വർണ പീഠം : "ബന്ധു വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന" : മന്ത്രി വാസവൻ

ശബരിമല സ്വർണ പീഠം : "ബന്ധു വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന" : മന്ത്രി വാസവൻ

തിരുവനന്തപുരം: ശബരിമലയിൽ കാണാതായ സ്വർണ പീഠം സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ. സ്പോൺസറായ ഉണ്ണികൃഷ്‌ണൻ പോറ്റി പറയുന്നത് വിശ്വസിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.ദേവസ്വം ബോർഡിന്‍റെ വിജിലൻസ് നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. ഒളിപ്പിച്ച് വച്ച ശേഷം കണ്ടില്ലെന്ന് പറഞ്ഞ് പരാതി പറയുന്നതിന് പിന്നിൽ ഗൂഢാലോചന ഉണ്ട്‌. ഇത് കോടതിയുടെ പരിഗണനയിൽ ഉള്ള കാര്യമാണ്. റിപ്പോർട്ട്‌ കോടതി പരിഗണിച്ച ശേഷം മറ്റ് നടപടികൾ സ്വീകരിക്കും. ശബരിമലയിലെ എല്ലാ കാര്യങ്ങളും സുതാര്യമായിട്ടാണ് നടക്കുന്നത്.  കോടതി തീരുമാനം വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ദേവസ്വം മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു. 

അതേസമയം ശബരിമലയിലെ സ്വര്‍ണപ്പാളി കേസ് ഹൈക്കോടതി ഇന്ന്  വീണ്ടും പരിഗണിക്കും. സ്വര്‍ണ പാളിയുടെ ഭാരം കുറഞ്ഞത് അടക്കം ദേവസ്വത്തിന്‍റെ വിശദീകരണം ഇന്ന് കോടതിയെ അറിയിക്കും.. ജസ്റ്റിസുമാരായ കെവി ജയകുമാര്‍, രാജ വിജയരാഘവന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുക.