ശബരിമല സ്വർണക്കൊള്ള: "മിനിറ്റ്‌സ് ബുക്കിലെ ക്രമക്കേട് ഗുരുതരം": ഹൈക്കോടതി

എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്‍റെ നടപടികൾക്കെതിരെ ഗുരുതരമായ വിമർശനങ്ങളും നിരീക്ഷണങ്ങളുമായി ഹൈക്കോടതി. കേസ് അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്നും അഴിമതി നടന്നിട്ടുണ്ടോയെന്ന് പ്രത്യേക സംഘം അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.ഹൈക്കോടതിയുടെ നിരീക്ഷണങ്ങളിൽ പ്രധാനം ദേവസ്വം ബോർഡിന്‍റെ മിനിട്ട്സ് ബുക്കുകളിലെ ക്രമക്കേടാണ്. 2025 ജൂലൈ 28 വരെയുള്ള വിവരങ്ങൾ ബുക്കിലുണ്ടെങ്കിലും, സെപ്റ്റംബറിൽ ദ്വാരപാലകപ്പാളി കടത്തിയ സമയത്ത് രേഖപ്പെടുത്തലുകളില്ല. ഈ ക്രമക്കേട് ഗുരുതര വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ന് അടച്ചിട്ട കോടതി മുറിയിലാണ് ഹർജികൾ പരിഗണിച്ചത്. എഡിജിപി എച്ച്. വെങ്കിടേഷ്, അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ശശിധരൻ എന്നിവർ കോടതിയിൽ ഹാജരായി. ഇടക്കാല അന്വേഷണ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി.അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷിച്ചു. ബോധപൂർവം ബോർഡ് അധികൃതർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതായും 2025-ൽ അടിയന്തര സാഹചര്യം കെട്ടിച്ചമച്ചതായും കോടതി വിമർശിച്ചു. സന്നിധാനത്തെ സ്വര്‍ണത്തിന്‍റെ അളവ് തിട്ടപ്പെടുത്താന്‍ ശാസ്ത്രീയ പരിശോധന നടത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കീഴ്‌ശാന്തിമാരുടെ സഹായത്തോടെ ഉണ്ണികൃഷ്ണപോറ്റി സ്വർണ്ണപ്പാളിയുടെ അളവെടുക്കാൻ നന്ദൻ ആശാരിയെ നിയോഗിച്ചു എന്നും നട തുറന്നിരുന്ന സമയത്താണ് സ്വർണ്ണപ്പാളി ഇളക്കി മാറ്റി അളവെടുത്തതെന്നും കോടതി കണ്ടെത്തി. ചെന്നൈയിൽ എത്തിയ സമയത്ത് ദേവസ്വം ഉദ്യോഗസ്ഥർ പോറ്റിയുടെ ആതിഥ്യം സ്വീകരിച്ചിരുന്നോയെന്ന് അറിയിക്കണമെന്നും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പോറ്റി സംശയകരമായ പ്രവർത്തികൾ നടത്തിയെന്നും കോടതി നിരീക്ഷിച്ചു.അതേസമയമം, ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേലുള്ള സ്വമേധയാ ഹർജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു. പുതിയ ഹർജിയിലാണ് ഇനി തുടർ നടപടികൾ. കേസ് മൂന്നാഴ്ച്ചയ്ക്ക് ശേഷം കോടതിവീണ്ടും പരിഗണിക്കും.