ശബരിമല സ്വര്‍ണക്കൊള്ള : മുഖ്യ പ്രതികളുടെ 1.3 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ശബരിമല സ്വര്‍ണക്കൊള്ള : മുഖ്യ പ്രതികളുടെ  1.3 കോടിയുടെ സ്വത്ത്  ഇഡി കണ്ടുകെട്ടി

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതികളുടെ സ്വത്ത് മരവിപ്പിച്ച് എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ്. 1.3 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം നിരോധന നിയമ പ്രകാരമാണ് നടപടി.'ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ' എന്ന പേരില്‍ 21 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡിലാണ് ഇത്രയും സ്വത്തുക്കള്‍ മരവിപ്പിച്ചത്. എട്ട് സ്ഥാവര സ്വത്തുക്കള്‍ മരവിപ്പിച്ചു. സ്വര്‍ണക്കട്ടികളായി ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷന്‍സില്‍ സൂക്ഷിച്ച 100 ഗ്രാം സ്വര്‍ണവും റെയ്‌ഡിൽ പിടിച്ചെടുത്തു. ഡിജിറ്റല്‍ തെളിവുകളും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ട്.ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നോ എന്നും പ്രതികള്‍ അനധികൃത സ്വത്ത് സമ്പാദിച്ചോ എന്നുമാണ് ഇഡി പരിശോധിക്കുന്നത്. 2019 മുതല്‍ സന്നിധാനത്ത് സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡി കണ്ടെത്തിയതായും വിവരമുണ്ട്.

ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തു നിന്നുമാണ് സുപ്രധാന രേഖകള്‍ കണ്ടെടുത്തത്. ദ്വാരപാലക പാളികളും കട്ടിളപ്പാളികളും സ്വര്‍ണം പൊതിയാന്‍ തീരുമാനമെടുത്ത മിനുട്ട്സുകളും ഫയലുകളും സ്വര്‍ണം പൊതിഞ്ഞ് ചെമ്പാണെന്ന് തിരുത്തിയ രേഖകളും കസ്റ്റഡിയിലെടുത്തതായും ഇഡി അവകാശപ്പെട്ടു.സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്‌ണൻ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എന്‍ വാസു തുടങ്ങിയവരുടെ വീടുകളിലും മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ജയശ്രീയുടെ തിരുവല്ലയിലെ വീട്ടിലും പരിശോധന നടന്നിരുന്നു.സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍, സ്‌മാർട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ സ്ഥാപനങ്ങളിലുമടക്കം അന്വേഷണ സംഘം പരിശോധന നടത്തി. ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കലിലെ വീട്ടിലും കെപി ശങ്കരദാസ്, എന്‍ വിജയകുമാര്‍, എസ് ബൈജു എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലും ഇഡി റെയ്‌ഡ് നടത്തിയിരുന്നു.