ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന് ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന് ജാമ്യമില്ല

എറണാകുളം/കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി ആറാഴ്ച കൂടി സമയം അനുവദിച്ചു. ഇതോടൊപ്പം കേസിലെ പ്രതിയും മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ എൻ വാസുവിൻ്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളുകയും ചെയ്തു.

ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്. കേസ് പരിഗണിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തലവൻ എസ്പി ശശിധരൻ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. ശ്രീകോവിലിൻ്റെ പ്രധാന വാതിലിൻ്റെ 2018- 2019 കാലയളവിലെ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ശൈശവാവസ്ഥയിലാണെന്ന് സംഘം കോടതിയെ അറിയിച്ചു. അയ്യപ്പഭഗവാൻ്റെ പവിത്രമായ സ്വത്തിൻ്റെ സംരക്ഷണം ഉറപ്പാക്കേണ്ടത് കോടതിയുടെ ബാധ്യതയാണെന്ന് നിരീക്ഷിച്ച ബെഞ്ച്, വിട്ടുവീഴ്ചയില്ലാതെ അന്വേഷണം നടത്താൻ നിർദേശിച്ചു. റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് അന്വേഷണത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ചത്.

ഇഡിയുടെ ഹർജി

സ്വർണക്കവർച്ച കേസിൻ്റെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹർജിയും ഹൈക്കോടതി പരിഗണിച്ചു. കേസിൽ ഇഡി അന്വേഷണം തുടരുന്നതിന് യാതൊരു തടസവുമില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ കേസ് രേഖകൾ വേണമെന്ന ആവശ്യം വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിക്ക് നിർദേശം നൽകി. രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് ഇഡി മജിസ്‌ട്രേറ്റ് കോടതിയിൽ പുതിയ അപേക്ഷ സമർപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ

ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കവർച്ചയിൽ പങ്കുണ്ടെന്നതിൻ്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. അന്നത്തെ ദേവസ്വം കമ്മിഷണർ, തിരുവാഭരണം കമ്മിഷണർ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മുൻ കമ്മിഷണർ എൻ വാസുവാണ് സ്വർണപ്പാളിയെ രേഖകളിൽ ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഇത് ബോർഡിൻ്റെ അറിവോടെയാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്നും 2019ൽ ദ്വാരപാലക വിഗ്രഹങ്ങൾ സ്വർണം പൂശുന്നതിനായി നൽകിയപ്പോൾ ഏകദേശം 4.5 കിലോഗ്രാം സ്വർണം അപ്രത്യക്ഷമായതായും റിപ്പോർട്ടിൽ പറയുന്നു. മോഷ്ടിച്ച സ്വർണപ്പാളികൾ ചെന്നൈയിൽ വച്ച് വേർതിരിച്ച ശേഷം ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന് വിറ്റു. ഇതുമായി ബന്ധപ്പെട്ട് ഗോവർധൻ എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാർ സ്വർണക്കൊള്ളയ്ക്ക് ഒത്താശ ചെയ്തെന്നും എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ശബരിമല സ്വർണക്കവർച്ച കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ വാസുവിന് തിരിച്ചടിയായി കൊല്ലം വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളി. കേസ് കഴിഞ്ഞയാഴ്ച വിശദമായി വാദം കേട്ട ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു. വാസുവിന് ജാമ്യം അനുവദിക്കുന്നതിനെ എസ്ഐടി ശക്തമായി എതിർത്തിരുന്നു. സ്വർണക്കൊള്ളയിൽ വാസുവിന് നേരിട്ട് പങ്കുണ്ടെന്നായിരുന്നു അന്വേഷണസംഘത്തിൻ്റെ പ്രധാന കണ്ടെത്തൽ. സ്വർണപ്പാളികൾ കൈമാറിയത് താൻ വിരമിച്ച ശേഷമാണെന്നും കൈമാറ്റം ചെയ്യാൻ ബോർഡിൻ്റെ ഉത്തരവ് ഇറങ്ങിയപ്പോൾ താൻ ചുമതലയിൽ ഉണ്ടായിരുന്നില്ലെന്നുമുള്ള വാസുവിൻ്റെ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.