ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്‌ൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ശബരിമല സ്വർണപാളി കേസിൽ സ്പോൺസർ ഉണ്ണികൃഷ്‌ൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഇന്ന് പുലർച്ചെ രണ്ട് മണി വരെ നീണ്ട് നിന്നിരുന്നു. ഇതിന് ശേഷമാണ് ഉണ്ണികൃഷ്‌ൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.മണിക്കൂറുകൾ നീണ്ടു നിന്ന ചോദ്യം ചെയ്യലിനോടുവിൽ ക്രൈം ബ്രാഞ്ച് എസ്‌പി ശശിധരൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പുലർച്ചെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തി വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.തിരുവനന്തപുരം, കിളിമാനൂർ, പുളിമാത്തിലെ വീട്ടിൽ നിന്നായിരുന്നു കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഉണ്ണികൃഷ്‌ണൻ പോറ്റിയെ അറസ്റ്റ് ചെയ്‌തത്. ദേവസ്വം ബോർഡ് ആസ്ഥാനം, ശബരിമല, ചെന്നൈ സ്‌മാർട്ട് ക്രിയേഷൻസ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് പിടിച്ചെടുത്ത രേഖകളും തെളിവുകളും നിരത്തി നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകിയതായാണ് വിവരം. ഇയാളെ ഇന്ന് ഉച്ചയോടെ പത്തനംതിട്ട റാന്നി കോടതിയിൽ ഹാജരാക്കും.