ശബരിമല സ്വർണക്കൊള്ള: ദേവസ്വം മന്ത്രി വാസവൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മന്ത്രി വാസവൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (എസ്ഐടി) മേൽ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അനാവശ്യ സമ്മർദമുണ്ടാകുന്നത് അവസാനിപ്പിക്കണമെന്നും ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കോടതി പരാമർശങ്ങൾ സർക്കാരിന് ഏറ്റ തിരിച്ചടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.2019ൽ നടന്ന സ്വർണക്കൊള്ളയെക്കുറിച്ച് കൃത്യമായ വിവരമുണ്ടായിട്ടും 475 ഗ്രാം സ്വർണം തിരിമറി നടത്തിയെന്ന് അറിയാവുന്ന ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്നെ വീണ്ടും ശിൽപങ്ങൾ സ്വർണം പൂശാൻ നൽകിയത് ഗൗരവകരമായ കുറ്റമാണ്. ഇതിനായി 2024ലും 2025ലും കൃത്രിമമായ സാഹചര്യം സൃഷ്ടിച്ചാണ് ശിൽപങ്ങൾ പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയത്. മണ്ഡലകാലത്തിന് മുമ്പ് അറ്റകുറ്റപ്പണി തീർക്കാൻ സമയം ഉണ്ടായിരുന്നിട്ടും ശിൽപങ്ങൾ പുറത്തേക്ക് വിട്ടുനൽകിയതിൽ മന്ത്രി വാസവനും മുൻ ദേവസ്വം പ്രസിഡൻ്റ് പ്രശാന്തിനും വ്യക്തമായ ഉത്തരവാദിത്വമുണ്ടെന്ന് സതീശൻ ആരോപിച്ചു. നവംബർ അഞ്ചിലെ കോടതി വിധിയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉള്ളതെന്നും സർക്കാർ നടപടികൾ കോടതി വിധിയുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്വർണക്കടത്ത് കേസിലെ പ്രതികളായ മൂന്ന് സിപിഎം നേതാക്കൾ ജയിലിലാണെന്നും അവർക്കെതിരെ നടപടിയെടുക്കാൻ പാർട്ടിക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നത നേതാക്കളുടെ പേരുകൾ വെളിപ്പെടുമെന്ന ഭയമാണ് ഇതിന് പിന്നിൽ. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് തടയാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുന്നുണ്ട്.  ദേവസ്വം ബോർഡിൻ്റെ പ്രധാന തീരുമാനങ്ങളെല്ലാം മന്ത്രിയുമായി ആലോചിച്ചാണ് എടുക്കാറുള്ളതെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചതുമായി ബന്ധപ്പെട്ട് എസ്ഐടിയുടെ കൈവശം തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടകംപള്ളി സുരേന്ദ്രനും സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നതിന് എസ്ഐടിയുടെ കൈവശം തെളിവുകളുണ്ട്. തനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കോടതി ആവശ്യപ്പെടുമ്പോൾ ഈ തെളിവുകൾ ഹാജരാക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.മുഖ്യമന്ത്രി സ്വർണക്കൊള്ളയിൽ നേരിട്ട് പങ്കാളിയാണെന്ന് പ്രതിപക്ഷം കരുതുന്നില്ലെന്നും എന്നാൽ കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അതാണ് തങ്ങളുടെ എതിർപ്പിന് കാരണമെന്നും അദ്ദേഹം അറിയിച്ചു.