ശബരിമല സ്വർണക്കൊള്ള : നടൻ ജയറാമിന് എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ് സമൻസ്

ശബരിമല സ്വർണക്കൊള്ള : നടൻ ജയറാമിന് എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ്  സമൻസ്

എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന് ഇഡി (എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ്) സമൻസ്. അടുത്ത ആഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. മുഖ്യപ്രതി പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത തേടിയാണ് നടപടിയെന്ന് ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഈ കേസിൽ അന്വേഷണം നടത്തുന്നതിൻ്റെ ഭാഗമായാണ് ചോദ്യം ചെയ്യലിന് ജയറാമിനോട് ഹാജരാകാൻ ഇഡി സമൻസ് അയച്ചത്.ശബരിമലയിലെ സ്വർണപ്പാളികൾ ജയറാമിന്‍റെ വീട്ടിലെത്തിച്ച് പൂജ നടത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ 40 വർഷമായി താൻ ശബരിമല സന്ദർശിക്കാറുണ്ടെന്നും ആ പരിചയമാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായുള്ളതെന്നും ജയറാം മൊഴി നൽകിയിരുന്നു.

ശബരിമലയിലെ പ്രധാനപ്പെട്ട വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടിരുന്നതെന്നും ശബരിമല ശ്രീകോവിലിലേക്ക് പുതുതായി നിർമിച്ച സ്വർണപ്പാളികൾ വീട്ടിൽ വച്ച് പൂജിച്ചാൽ ഐശ്വര്യമുണ്ടാകുമെന്ന് പോറ്റി വിശ്വസിപ്പിച്ചതിനാലാണ് സമ്മതിച്ചതെന്നും ജയറാം വിശദീകരിച്ചിരുന്നു.അതേസമയം, ജയറാം നൽകിയ വിശദീകരണങ്ങളിലും മൊഴിയിലുമുള്ള പൊരുത്തക്കേടുകൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സ്‌മാർട്ട് ക്രിയേഷൻസിൽ സ്വർണപ്പാളികൾ വച്ച് നടത്തിയ പൂജ നടന്ന അന്ന് തന്നെയാണ് തൻ്റെ വീട്ടിലും പൂജ നടന്നതെന്നായിരുന്നു താരം മുൻപ് പറഞ്ഞിരുന്നത്.

എന്നാൽ സ്‌മാർട്ട് ക്രിയേഷൻസിലെ പൂജ 2019 ജൂണിലും, ജയറാമിന്‍റെ വീട്ടിലെ ദ്വാരപാലക പാളികളുടെ പൂജ സെപ്റ്റംബറിലുമാണ് നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാസങ്ങളുടെ വ്യത്യാസമുള്ള ഈ രണ്ട് ചടങ്ങുകളും ഒരേ ദിവസമാണ് നടന്നതെന്ന് താരം പറയാനുണ്ടായ സാഹചര്യം സംഘം ആരാഞ്ഞു. സ്‌മാർട്ട് ക്രിയേഷൻസിലെയോ അതിന്‍റെ സ്പോൺസർമാരെയോ തനിക്ക് അറിയില്ലെന്നും പോറ്റി ക്ഷണിച്ചിട്ടാണ് അവിടെ പോയതെന്നും താരം വ്യക്തമാക്കിയിരുന്നു.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റി ജയറാമിൻ്റെ വീട്ടിൽ പലതവണ വരികയും സ്വർണ്ണപാളികൾ വെച്ച് പൂജകൾ നടത്തുകയും ചെയ്‌തിട്ടുണ്ട്. ശബരിമലയിലെ സ്വർണ്ണപ്പാളികൾ ചെന്നൈയിലെ ജയറാമിൻ്റെ വീട്ടിലെത്തിച്ച് പൂജ നടത്തിയതായും താരം മൊഴി നൽകിയിട്ടുണ്ട്. നിലവിൽ ഈ കേസിൽ ജയറാമിനെ പ്രതിയാക്കിയിട്ടില്ല. അദ്ദേഹത്തെ ഒരു പ്രധാന സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.