ശബരിമല സ്വർണക്കൊള്ള : മുൻ ദേവസ്വംബോർഡ് കമ്മീഷണർ എൻ.വാസു അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള : മുൻ ദേവസ്വംബോർഡ് കമ്മീഷണർ എൻ.വാസു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വംബോർഡ്  പ്രസിഡന്റും മുൻ ദേവസ്വം കമ്മീഷണറുമായ  എൻ വാസു അറസ്റ്റിൽ.  വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.. സ്വർണപാളി കേസിലാണ് അറസ്റ്റ്. അദ്ദേഹത്തെ  ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ദേവസ്വം ബോർഡിൽ ഉന്നത സ്ഥാനങ്ങളിൽ ഇരുന്ന ആളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. വാസുവിനെതിരെ നിർണായകമൊഴിയാണ് മുരാരി ബാബുവും നൽകിയിരിക്കുന്നത്. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന് മുരാരിയും സുധിഷും മൊഴി നൽകിയിട്ടുണ്ട്. മുൻ തിരുവാഭരണ കമീഷണർ ബൈജുവിൻ്റെ മൊഴിയും വാസുവിന് എതിരാണ്. ദ്വാരപാലക ശിൽപ്പം കൊണ്ടുപോകുന്നതും പുനഃസ്ഥാപിക്കുന്നതും തൻ്റെ കാലത്തല്ലെന്നും ദേവസ്വം ബോ‍ർഡ്  അന്നദാനത്തിൽ  ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടിട്ടുണ്ട്. എന്നെ ഒരു കാര്യത്തിലും സമീപിച്ചിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിയും ആയി നേരിട്ട് ഒരു ബന്ധവുമില്ല. നേരിട്ട് സംസാരിച്ചിട്ടു പോലുമില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ സംബന്ധിച്ച് സംശയം ഉണ്ടാകുന്നത് ഇപ്പോഴാണെന്നും എൻ. വാസു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.കൂടാതെ, സ്പോൺസർ ആയതുകൊണ്ടാണ് ദ്വാരപാലക ശിൽപ്പം സ്വർണം പൂശാനായി കൊടുത്തത്. ചില ഉദ്യോഗസ്ഥർ തെറ്റിദ്ധരിക്കപ്പെട്ടിരിക്കാം. ശബരിമലയിൽ നടന്നുകൂടാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നു. ഭക്തർ ഇടുന്ന കാണിക്ക ദുരുപയോഗപ്പെട്ടുപോയി എന്ന് തോന്നൽ വന്നിട്ടുണ്ട്. എന്റെ കാലയളവിൽ ഇങ്ങനെയുള്ള ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ലാ  എന്നും  എൻ. വാസു മാധ്യമങ്ങളോട്  ആവർത്തിച്ചു പറഞ്ഞിരുന്നു. നിരവധി പദവികളിലിരുന്ന  സിപിഎമ്മുമായി ഏറ്റവും അടുത്തബന്ധമുള്ള രാഷ്ട്രീയപരമായി ഏറ്റവും ശക്തനായ ഒരാളെയാണ് പ്രത്യേക അന്വേഷണസംഘം ഇപ്പോൾ അറസ്റ്റുചെയ്തിരിക്കുന്നത് .അതുകൊണ്ടുതന്നെ വരുന്ന  തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഈ അറസ്റ്റ് , വലിയ രാഷ്ട്രീയ പ്രചാരണായുധമായി മാറാനും സാധ്യതയുണ്ട്.  ഹൈക്കോടതിയുടെ  നിരീക്ഷണങ്ങള്‍  കൃത്യമായി സാധൂകരിക്കപ്പെടുന്നുണ്ട്  എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്.