ശബരിമല സ്വർണക്കൊള്ള; പഴയ കൊടിമരം മാറ്റിയതിലും ദുരൂഹത!?

പത്തനംത്തിട്ട : ശബരിമലയിലെ പഴയ കൊടിമരം മാറ്റിയതിലും ദുരൂഹത! . ഒരു കുഴപ്പവുമില്ലാതിരുന്ന സ്വര്‍ണം പൊതിഞ്ഞ പഴയ കൊടിമരത്തിന്റെ അടിഭാഗം ദ്രവിച്ചെന്ന് പറഞ്ഞായിരുന്നു വന്‍ തുക ചെലവഴിച്ച് പുതിയത് നിര്‍മിച്ചത്. എന്നാല്‍ കൊടിമരത്തിന്റെ അടിഭാഗത്തിന് ഒരു കുഴപ്പവുമില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുകയാണ്. കൊടിമരം മാറ്റിയത് സ്വര്‍ണവും വാജിവാഹനവും അഷ്ടദിക് പാലക വിഗ്രങ്ങളും ലക്ഷ്യം വെച്ചാണോ എന്ന സംശയമാണ് ഇപ്പോൾ ചില കോണുകളിൽ നിന്ന് ഉയരുന്നത്.അതിനിടെ വാജി വാഹനം അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലും ചേര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കൈമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സ്വര്‍ണക്കൊള്ളയുടെ ഭാഗമായാണോ എന്ന് അറിയുന്നതിനായി എസ്‌ഐടി ഇതിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാൽ കൊടിമരം പൊളിക്കുമ്പോള്‍ കൊടിമരത്തിന് മുകളിലെ വാഹനം ക്ഷേത്രം തന്ത്രിക്ക് അവകാശപ്പെട്ടതെന്ന് 'തന്ത്രസമുച്ചയ'ത്തിലുള്ളത്. കേരളത്തില്‍ പൂജാ വിധികള്‍ക്കും ആചരണങ്ങള്‍ക്കും ആധികാരിക രേഖയായി കണക്കാക്കുന്ന തന്ത്ര സമുച്ചയം എന്ന ഗ്രന്ഥം രചിച്ചത് ചേന്നാസ് നാരായണന്‍ നമ്പൂതിരിയാണ്. വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത് എന്ന് തന്ത്രസമുച്ചയം പത്താം അധ്യായത്തില്‍ പറയുന്നു.ക്ഷേത്രങ്ങളില്‍ ജിര്‍ണ്ണോദ്ധാരണം നടക്കുമ്പോള്‍ പഴയതും ദ്രവിച്ചതും കേടു വന്നതുമായ ഭാഗങ്ങള്‍, ബിംബങ്ങള്‍ എന്നിവ എന്തു ചെയ്യണമെന്ന് തന്ത്ര സമുച്ചയത്തില്‍ പറയുന്നുണ്ട്.
2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലാണ് പഴയ കൊടിമരം മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അന്ന് നടന്ന ഒരു ദേവപ്രശ്‌നത്തിലാണ് കൊടിമരത്തിന്റെ അടിഭാഗം ചിതലരിച്ച് പോയിട്ടുണ്ടെന്നും കൊടിമരം മാറ്റണമെന്നും പറഞ്ഞത്. 1970 കളിലാണ് പഴയ കൊടിമരം സ്ഥാപിച്ചത്. അന്ന് സ്വര്‍ണം പൊതിഞ്ഞ കൊടിമരമാണ് സ്ഥാപിച്ചത്. അതിന്റെ അടിഭാഗം കോണ്‍ക്രീറ്റാണ് ചെയ്തിരുന്നത്. 2017 ഫെബ്രുവരി 19-ാം തീയതിയാണ് പഴയ കൊടിമരത്തിലെ വാജി വാഹനം പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും ചേര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കൈമാറിയത്.
പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കാന്‍ തീരുമാനിച്ചത് 2014ൽ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. തീരുമാനം നടപ്പിലാക്കുന്ന കാലത്ത് പിണറായി സര്‍ക്കാരാണ് അധികാരത്തില്‍ ഉണ്ടായിരുന്നത്. 2017ലാണ് പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കുന്നത്. പഴയ കൊടിമരം മാറ്റുന്ന സമയത്ത് എല്‍ഡിഎഫ് സര്‍ക്കാരാണ് ഭരിക്കുന്നതെങ്കിലും അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി യുഡിഎഫ് നേതൃത്വത്തിലുള്ളതായിരുന്നു.
കഴിഞ്ഞദിവസം കണ്ഠരര് രാജീവരുടെ വീട്ടില്‍ നിന്ന് എടുത്ത വാജി വാഹനം പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.എന്നാല്‍ പഴയ കൊടിമരത്തില്‍ ഉണ്ടായിരുന്ന അഷ്ടദിക് പാലകര്‍ എവിടെയാണ് എന്ന ചോദ്യം ബാക്കിയാവുകയാണ്. കോടികള്‍ വിലമതിക്കുന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് അഷ്ടദിക് പാലകര്‍. സ്‌ട്രോങ് റൂമില്‍ അഷ്ടദിക് പാലകര്‍ ഉണ്ടെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സ്‌ട്രോങ് റൂമില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിന് പുറമേ ഒരു കുഴപ്പവുമില്ലാത്ത പഴയ കൊടിമരം എന്തിന് മാറ്റിയെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടി.

കൊടിമരം
ക്ഷേത്രങ്ങളിലെ ഏതൊരു കൊടിമരത്തിൻ്റെയും ഏറ്റവും അടിയിലായി ആധാരശിലയാണ്. ഭൂമിയുടെ അടിയിൽ ഉറപ്പിച്ചതാണ് ഇത്. അതിനു തൊട്ടുമുകളിലായി നാളം. നാളത്തിലൂടെയാണ് കൊടിമരം ആധാരശിലയുമായി ബന്ധപ്പെടുത്തുക. അതിനു തൊട്ടുമുകളിൽ പഞ്ചവർഗത്തറയാണ്. തൊട്ടു മുകളിലായി വേദിക. അതിനു മുകളിൽ പത്മം. പിന്നീടാണ് അഷ്ടദിക് പാലകർ വരുന്നത്.
ഏതൊക്കെയാണ് അഷ്ടദിക്ക് പാലകർ
പേര് സൂചിപ്പിക്കുന്നതു പോലെ ക്ഷേത്രത്തിന്‍റെ ഓരോ ദിക്കിനേയും പാലിച്ചു കൊണ്ട് നില്‍ക്കുന്ന ദേവതകളാണ് അഷ്ട ദിക് പാലകന്‍മാര്‍. പ്രമാണം അനുസരിച്ച് കിഴക്ക് ദിക്കിന്‍റെ പാലകന്‍ ഇന്ദ്രനാണ്. അഗ്നി ദേവന്‍ കിഴക്ക് തെക്കേമൂലയുടേയും യമൻ തെക്കേ ദിക്കിന്‍റേയും നിരർതി കന്നിമൂല അല്ലെങ്കിൽ തെക്ക് പടിഞ്ഞാറേ മൂലയുടേയും വരുണൻ പടിഞ്ഞാറ് ദിക്കിന്‍റേയും വായു ദേവന്‍ വടക്ക് പടിഞ്ഞാറേ മൂലയുടേയും കുബേരന്‍ വടക്ക് ദിക്കിന്‍റേയും ഈശാനന്‍ കിഴക്ക് വടക്കേ മൂലയുടേയും പാലകരാണ്.ഇതിനു തൊട്ട് മുകളിൽ ആയാണ് പറ വരുന്നത്. പിന്നീട് വെണ്ട അതിനു മുകളിൽ മണിപ്പറ അല്ലെങ്കിൽ അലങ്കാരപ്പറ എന്നിവ വരുന്നു. അതിനും മുകളിലായി ദണ്ഡ് കാണാം. ദണ്ഡില്‍ ആണ് കൊടി കയറ്റുക. അതിനു മുകളിൽ ലശുനം, അതിനു മുകളിൽ ആയി കുംഭം, അതിനു മുകളിൽ പത്മം. പിന്നെ മണ്ഡിപ്പലക. മണ്ഡിപ്പലകയാണ് വാഹനം ഇരിക്കുന്ന പ്ലാറ്റ് ഫോം. അതിനു മുകളിൽ വീരകാണ്ഡം, ഇതിനു മുകളിൽ ആണ് വാഹനം.
വാജി വാഹനവും വിവാദങ്ങളും:
2017-ൽ ശബരിമലയിലെ കൊടിമരം പൊളിക്കുമ്പോള്‍ കൊടിമരത്തിന് മുകളിലെ വാഹനം ക്ഷേത്രം തന്ത്രി കൊണ്ടു പോയി എന്നതാണ് ഇന്ന് വിവാദത്തിന് കാരണമായിരിക്കുന്നത്. എസ്ഐടി അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുന്ന ശബരിമല തന്ത്രി കണ്‌ഠരര് രാജീവരുടെ വീട്ടിൽനിന്ന് കണ്ടെടുത്തത് ശബരിമലയിലെ പഴയ കൊടി മരം പൊളിക്കുമ്പോള്‍ നീക്കം ചെയ്ത വാജി വാഹനം ആണ് എന്നതില്‍ തര്‍ക്കമില്ല. വാജി വാഹനം തന്ത്രിയുടെ കൈവശം വന്നത് ശരിയോ എന്നുള്ള ചോദ്യമാണ് പല കോണുകളിലും നിന്ന് ഉയര്‍ത്തുന്നത്.ശാസ്താവിന്‍റെ വാഹനം കുതിരയാണ്. കുതിരയാണ് ശബരിമല കൊടിമരത്തിന് മുകളിലെ വാഹനം. വിഷ്ണുക്ഷേത്രമെങ്കില്‍ അത് ഗരുഡന്‍ ആകും.
1971ല്‍ നിര്‍മിച്ച കൊടിമരം പൊളിച്ച് ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചത് 2017ല്‍ ആണ്. ആദ്യ കൊടിമരത്തിന്‍റെ ഉള്‍വശം കോണ്‍ക്രീറ്റ് ആയിരുന്നു. 2017 ഫെബ്രുവരി17ന് ആയിരുന്നു പൊളിക്കല്‍ ചടങ്ങുകള്‍.തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മണിക്കൂറുകൾ നീണ്ട താന്ത്രിക കർമങ്ങളിലൂടെ ധ്വജത്തിലെ ദേവ ചൈതന്യം ആവാഹിച്ചു മാറ്റി അയ്യപ്പനിൽ ലയിപ്പിച്ചാണു കൊടിമരം പൊളിച്ചത്. കൊടിമരം പൊളിച്ചപ്പോള്‍ ആചാരപ്രകാരം ഔദ്യോഗികമായി വാജിവാഹനം (വെള്ളിക്കുതിര) തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കൈമാറിയെന്ന് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ അംഗം എൻആർസി കുറുപ്പ് പറയുന്നു.
ഈ വാജി വാഹനം ഹൈദരാബാദിലെ വ്യവസായിക്ക് കൈമാറിയെന്ന് ആരോപണം വന്നപ്പോള്‍ തന്‍റെ വീട്ടിലുണ്ട് എന്ന് തന്ത്രി പറഞ്ഞിരുന്നു. വിവാദം ഉയര്‍ന്നതോടെ വാജിവാഹനം തിരിച്ചെടുക്കണം എന്ന് കാട്ടി ഒക്ടോബര്‍ 17ന് തന്ത്രിതന്നെ ദേവസ്വംബോര്‍ഡിന് കത്ത് നല്‍കിയെങ്കിലും ഏറ്റെടുത്തിരുന്നില്ല.തന്ത്രിയെ അറസ്റ്റ് ചെയ്തതിനു പിറകേയാണ് എസ്ഐടി സംഘം അദ്ദേഹത്തിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തി വാജി വാഹനം കണ്ടെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇത് തൊണ്ടി മുതലെന്ന മട്ടില്‍ കൈകാര്യം ചെയ്യാവുന്ന വസ്തുവല്ലെന്നാണ് തന്ത്രി വര്യന്‍മാര്‍ സൂചിപ്പിക്കുന്നത്