ശബരിമല തീര്‍ത്ഥാടനം : ഭക്തരുടെ സുരക്ഷയ്ക്കും തിരക്ക് നിയന്ത്രിക്കുന്നതിനും മുന്‍ഗണന നല്‍കണമെന്ന് ഹൈക്കോടതി
എറണാകുളം: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഭക്തരുടെ സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും തിരക്ക് നിയന്ത്രണത്തിനും ശുചിത്വത്തിനും ഭക്തരുടെ മൊത്തത്തിലുള്ള ക്ഷേമത്തിനും മുന്‍ഗണന നല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനോട് കേരള ഹൈക്കോടതി.
തീര്‍ത്ഥാടനകാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നടപടികള്‍ പരിശോധിച്ച ശേഷമാണ് ജസ്റ്റിസുമാരായ രാജവിജയരാഘവന്‍ വിയും കെ വി ജയകുമാറും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. കേരള സംസ്ഥാന ദുരന്തനിവാരണ അധികൃതര്‍ തയാറാക്കിയ ശബരിമല ദുരന്ത ലഘൂകരിക്കല്‍-തയാറെടുക്കല് മാനുവലിന് അംഗീകാരം നല്‍കിയതായും മണ്ഡല മകരളവിളക്ക് തീര്‍ത്ഥാടന കാലത്ത് ഇതിലെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുമെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ ബോധിപ്പിച്ചു.
നിലവില്‍ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള പൊലീസ് ബാന്ഡോബാസ്റ്റ് പദ്ധതി മാറ്റി പകരം അത്യാധുനിക നിയന്ത്രണ സംവിധാനം കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു. ഇതിനായി നിര്‍മ്മിത ബുദ്ധി രംഗത്തെ വിദഗ്ദ്ധരുമായി ഒരു കൂടിക്കാഴ്ചയും നടത്തി. നിര്‍മ്മിത ബുദ്ധി സഹായത്തോടെ സമഗ്രവും സംയോജിതവുമായ തീര്‍ത്ഥാടക തിരക്ക് നിയന്ത്രണ പ്രോട്ടക്കോള്‍ നടപ്പാക്കാനും തീരുമാനിച്ചതായി ബോര്‍ഡ് കോടതിയെ അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയും മുഖ്യ പൊലീസ് ഏകോപകനും ഇത് സംബന്ധിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന് അന്തിമ രൂപം നല്‍കുകയും നടപ്പാക്കുകയും ചെയ്യുമ്പോള്‍ പൊലീസ് ബാന്ഡ്ബാസ്റ്റ് പദ്ധതി പൂര്‍ണമായും അഴിച്ചുപണിയുമെന്നും ബോര്‍ഡ് വ്യക്തമാക്കി.
നിര്‍മ്മിത ബുദ്ധി അധിഷ്ഠിത സംയോജിത തീര്‍ത്ഥാടക സുരക്ഷ, നിയന്ത്രണ സംവിധാനമാണ് ലക്ഷ്യമിടുന്നത്. സാങ്കേതികതയിലൂന്നിയ ഒരു ചട്ടക്കൂടാണ് ഇതിന് ഉദ്ദേശിക്കുന്നത്.ഇതിനായി നിര്‍മ്മിത ബുദ്ധി ദൃശ്യ കണക്കുകള്‍, തിരക്ക് നിയന്ത്രണം, ജനങ്ങളുടെ എണ്ണം കണക്കാക്കല്‍, സ്മാര്‍ട്ട് പാര്‍ക്കിങ്, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍, ഡ്രോണ്‍ നിരീക്ഷണം, ഭൗമശാസ്ത്ര വിവരങ്ങളുടെ ദൃശ്യവത്ക്കരണം, പ്രവചന ജനക്കൂട്ട സംവിധാനം എന്നിവ ആവിഷ്ക്കരിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ഇതിന് പുറമെ ഏകോപിതമായ ഒരു നിയന്ത്രണ-നിര്‍ദ്ദേശ കേന്ദ്രവും ഉണ്ടാകും. പമ്പയില്‍ ഒരു അന്തര്‍ വകുപ്പ് നിയന്ത്രണ സംവിധാനവും ഏര്‍പ്പെടുത്തും. നിലയ്ക്കല്‍, കാനനപാത, മരക്കൂട്ടം, വലിയ നടപന്തല്‍, സന്നിധാനം, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തത്സമയ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ഇത് പ്രവര്‍ത്തിക്കുക. ഇതിന്റെ അടിസ്ഥാനത്തിലാകും ദര്‍ശനത്തിനായി ഭക്തരെ ക്രമീകരിക്കുക.ശബരിമലയില്‍ തീര്‍ത്ഥാടക സൗഹൃദമായ അന്തരീക്ഷം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം ഭക്തരരുടെ സുരക്ഷ ഉറപ്പാക്കുകയും പ്രവര്‍ത്തനം സുഗമമാക്കുകയും ലക്ഷ്യമിടുന്നുവെന്നും ബോര്‍ഡ് വ്യക്തമാക്കി.
പദ്ധതിയുടെ ആദ്യഘട്ടത്തിനായി 17.67 കോടി രൂപ വേണ്ടി വരും. പമ്പയിലെയും സന്നിധാനത്തെയും കണ്ട്രോള് റൂമുകള്‍, മനുഷ്യവിഭവശേഷി, പ്രതിവര്‍ഷ അറ്റക്കുറ്റപ്പണികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ കരാര്‍ എന്നിവയടക്കമാണ് ഈ തുക.പദ്ധതി രൂപരേഖയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതായി ബോര്‍ഡ് വ്യക്തമാക്കി. ആദ്യഘട്ടം ഇക്കൊല്ലം തന്നെ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ചെലവുകള്‍ വിലയിരുത്തിയ ശേഷമാകും ഇത്. ഇതിന് പുറമെ അത്യാധുനിക മാലിന്യ സംസ്കരണ സംവിധാനവും തയാറാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ശുചിത്വ മിഷന്, ക്ലീന്‍ കേരള കമ്പനി തുടങ്ങിയവയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ക്ഷേത്രപരിസരത്ത് നിന്ന് ഇവര്‍ മാലിന്യങ്ങളും ഇവേസ്റ്റും അടക്കമുള്ളവശേഖരിക്കും.ബോര്‍ഡിന്റെ നടപടികളെ അഭിനന്ദിച്ച കോടതി ഇവയെല്ലാം തീര്‍ത്ഥാടനം തുടങ്ങുന്ന നവംബര്‍ പതിനഞ്ചിന് മുമ്പ് തന്നെ ഫലപ്രദമായി നടപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു. കോടതി സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദ്ദേശങ്ങള്‍. തീര്‍ത്ഥാടകര്‍ക്ക് സുഗമമായ അനുഭവം ഒരുക്കുകയാണ് ഇത്തരമൊരു ഉദ്യമത്തിലൂടെ ലക്ഷ്യമിട്ടതെന്നും കോടതി വ്യക്തമാക്കി.